തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവിനെതിരായ സഹപ്രവർത്തകയുടെ ലൈംഗികാരോപണ പരാതി ആളിക്കത്തിക്കാൻ സിപിഎം ശ്രമിക്കുന്നതിനിടെ തലസ്ഥാനത്ത് തന്നെ പാർട്ടിയെ വെട്ടിലാക്കി ഏര്യാകമ്മിറ്റി അംഗത്തിനെതിരെ ഗുരുതരമായ പരാതി. പാർട്ടി കഴക്കൂട്ടം ഏര്യാകമ്മിറ്റി അംഗവും പൗണ്ട് കടവ് കൗൺസിലറുടെ ഓഫീസ് സെക്രട്ടറിയുമായ സനലിനെതിരെ പാർട്ടിക്കുള്ളിൽ നിന്നാണ് പരാതി ഉയർന്നിരിക്കുന്നത്. എന്നാൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വിഭാഗത്തിൽപ്പെട്ട ഇയാളെ സംരക്ഷിക്കാൻ ജില്ലാ കമ്മിറ്റി ശ്രമിക്കുന്നതിന് രോഷാകുലരായ ഒരുവിഭാഗം പ്രദേശത്തെ നഗരസഭയിലെ നോട്ടീസ് ബോർഡിൽ ഉൾപ്പെടെ നോട്ടീസ് പതിപ്പിച്ചു. ഇയാളെ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലറുടെ ഭർത്താവ് പാർട്ടിക്ക് പരാതി നൽകിയിരുന്നു.

സനലിനെതിരായ പരാതി കടകംപള്ളി സുരേന്ദ്രൻ വിഭാഗമാണ് ജില്ലാകമ്മിറ്റിയിലെത്തിച്ചത്. ഏര്യാകമ്മിറ്റിയിൽ ചർച്ചചെയ്താൽ വിഷയം അവസാനിക്കില്ലെന്ന് മനസിലാക്കിയാണ് ജില്ലാകമ്മിറ്റിക്ക് നൽകിയത്. ജില്ലാ കമ്മിറ്റി പരാതിയിൽ പറയുന്നത് സംബന്ധിച്ച് തെളിവ് ആവശ്യപ്പെട്ടു, പിന്നാലെ പരാതിക്കാർ അതും ഹാജരാക്കി. ഇതോടെ സനിലിനോട് മൂന്നു മാസത്തേ അവധിയെടുത്ത് പ്രശ്നം തണുപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയിട്ടില്ല. പ്രദേശത്തെ പ്രമുഖ നേതാവിന്റെ മകൻ കൂടിയായ സനൽ തനിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത് തത്പര കക്ഷികളാണെന്ന നിലപാടിലാണ്. അതേസമയ സനലിനെതിരെ പ്രദേശത്ത് വ്യാപകമായി പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. ഇതോടെ വിഷയം നാട്ടിൽ പാട്ടായി.

തുടർന്നാണ് അവധിയെടുക്കണമെന്ന നിർദ്ദേശം മുന്നോട്ടു വച്ചത്. എന്നാൽ നേതാവ് അതിന് വഴങ്ങതെ വന്നതോടെ സ്ഥിതി കൂടുതൽ വഷളായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരിട്ട് ഇത് സംബന്ധിച്ച് വിവരങ്ങൾ പ്രാദേശിക നേതാക്കളിൽ നിന്ന് ശേഖരിച്ചതായാണ് വിവരം. മുതിർന്ന സംസ്ഥാന നേതാവിനെ പ്രശ്ന പരിഹാരത്തിനായി നിയോഗിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പരാതിയും അനുബന്ധ വിവരങ്ങളും പുറത്തുവന്നാൽ ജില്ലയിൽ സിപിഎമ്മിന് അത് കടുത്ത ക്ഷീണമാകും.

അത് ഒഴിവാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സനലിനെതിരെ ഫോൺ റെക്കാർഡ് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളുകൾ പരാതിക്കാരുടെ കൈവശമുണ്ടെന്നാണ് വിവരം. ഏതെങ്കിലും ഘട്ടത്തിൽ അത് പുറത്തുവന്നാലും സ്ഥിതിമാറും. എന്നാൽ തനിക്കെതിരെ ആരോപമം ഉന്നയിക്കുന്നവരുടെ വായ അടപ്പിക്കാനുള്ള തെളിവുകൾ തന്റെ പക്കലുമുണ്ടെന്ന് സനലും പലരോടും പറഞ്ഞതായാണ് വിവരം. ഇതോടെ പാർട്ടി ജില്ലാ നേതൃത്വവും നിസാഹായവസ്ഥയിലാണ്. വരും ദിവസങ്ങളിൽ ഇയാൾക്കെതിരെ കൂടുതൽ പ്രതിഷേധങ്ങൾ ഉയർന്നാൽ അത് പ്രതിരോധിക്കാൻ പാർട്ടി ഏറെ പണിപ്പെടേണ്ടിവരും.

പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് ചിന്തൻശിബിരിനിടെ പ്രതിനിധിയായ വനിതാ അംഗത്തോട് സംസ്ഥാന സമിതി അംഗമായ വിവേക് നായർ മോശമായി പെരുമാറിയെന്ന പരാതിയാണ് അടുത്തിടെ യൂത്ത് കോൺഗ്രസിനെതിരെ സിപിഎമ്മിന് ലഭിച്ച ആയുധം. മദ്യപിച്ചെത്തിയ വിവേക് നായർ കിടക്കപങ്കിടാൻ നിർബന്ധിച്ചു, സ്വകാര്യ ഭാഗത്ത് സ്പർശിച്ചു, തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് വനിതാ അംഗത്തിന്റെ കത്തിലുണ്ടായിരുന്നത്. ദളിത് വിഭാഗത്തിൽ നിന്ന് വരുന്ന താൻ സംഘടനയിൽ നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. അതിൽ ഒന്നാണ് ഇത്. നിരവധി വനിതാ പ്രവർത്തകർ സമാന പ്രശ്നം നേരിടുന്നുണ്ടെന്നും കേരളത്തിന്റെ ചുമതല ഉള്ള സെക്രട്ടറി പുഷ്പലതക്ക് നൽകിയ പരാതിയിൽ പരാതിക്കാരി പറഞ്ഞിരുന്നു.

എന്നാൽ യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരിനിടെ തനിക്ക് നേരെ ഉയർന്ന പീഡന പരാതി വ്യാജമെന്ന് ആരോപണവിധേയനായ വിവേക് നായർ രംഗത്തെത്തി പരാതിക്ക് പിന്നിൽ യൂത്ത് കോൺഗ്രസിലെ സഹപ്രവർത്തകരാണെന്ന് ശംഭു ആരോപിച്ചു. മറ്റൊരു നേതാവിനോട് മോശമായി പെരുമാറിയതിനാണ് തന്നെ സസ്പെന്റ് ചെയ്തതെന്നും വിവേക് നായർ വിശദീകരിച്ചു. എ്ന്നാൽ വിഷയം പലതരത്തിൽ ആളികത്തിക്കാൻ ഇട്ത ക്യാമ്പുകൾ ശ്രമിക്കുന്നതിനിടെയാണ് കഴക്കൂട്ടത്ത് ഏര്യകമ്മിറ്റി അംഗത്തിനെതിരെ തെളിവ് സഹിതം ലൈംഗികപരാതി പാർട്ടിക്കുള്ളിൽ നിന്ന് തന്നെ നേതാക്കൾക്ക് ലഭിച്ചത്.