ആലുവ: മദ്യത്തിന്റെ കെട്ടുവിട്ടു വിട്ടു തുടങ്ങിയപ്പോൾ തണുപ്പ് വില്ലനായി. സമീപത്തെ ചപ്പുചവറുകൾ വാരിക്കൂട്ടി തീയിട്ട് , ചൂടേറ്റ് ഇരിക്കുമ്പോൾ കാറ്റ് ചതിച്ചു. തീ ആളിപ്പടർന്നത് നിമിഷങ്ങൾക്കുള്ളിൽ. കത്തിയമർന്നത് 19 ലക്ഷം രൂപ വിലവരുന്ന വസ്തുക്കൾ.

ആലുവയെ ഞെട്ടിച്ച ലൂർദ്സെന്റർ ഷോപ്പിങ് സമുച്ചയത്തിലെ തീപിടുത്തത്തിന് കാരണം ഇതാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇവിടുത്തെ സെക്യൂരിറ്റി ജീവനക്കാരൻ പാലക്കാട് മഞ്ഞപ്ര കൊണ്ടാത്ത് വീട്ടിൽ മോഹൻകുമാറിനെ(57)ആലുവ പൊലീസ് അറസ്റ്റുചെയ്തു. ലൂർദ് സെന്ററിൽ പ്രവർത്തിച്ചിരുന്ന വൃന്ദാവൻ സാനിറ്റേഴ്സ് എന്ന സ്ഥാപനത്തിനാണ് തീപിടിത്തത്തിൽ വൻ നഷ്ടമുണ്ടായത്.

പുറത്ത് സൂക്ഷിച്ചിരുന്ന പൈപ്പുകളും വാട്ടർ ടാങ്കുകളുമാണ് പ്രധാനമായും കത്തിനശിച്ചത്. സമീപത്തെ വസ്ത്ര വ്യാപാര സ്ഥാപനത്തിലേയ്ക്കും തീപടർന്നിരുന്നു. 19 ലക്ഷം രുപയുടെ നഷ്ടമുണ്ടായി. കഴിഞ്ഞ നവംമ്പർ 23 -ന് പുലർച്ചെ 5 മണിയോടെയിരുന്നു പട്ടണത്തെ ഭീതിയിലാഴ്തിയ തീപിടുത്തം. ആലുവയിലെ വലിപ്പമേറിയ ഷോപ്പിങ് സമുച്ചയങ്ങളിലൊന്നാണ് ലൂർദ്സെന്റർ. ഇവിടെ അടുത്തടുത്ത മുറികളിലായി നിരവധി വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു.

മോഹൻകുമാർ രാത്രിയിൽ മദ്യലഹരിയിലായിരുന്നെന്നും പുലർച്ചെ സമീപത്തുകിടന്നിരുന്ന ചപ്പുചവറുകൾ വാരിക്കൂട്ടിയിട്ട് കത്തിക്കുകയും പുലർച്ചെയുണ്ടായ കാറ്റിൽ തീ ആളിപ്പടർന്നതാകമെന്നുമാണ് പൊലീസിന്റെ നിഗമനം. തീയിട്ടത് താനാണെന്ന് മോഹൻകുമാർ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സ്ഥാപനത്തിന് പുറത്തുസൂക്ഷിച്ച സാധനനങ്ങളാണ് കത്തിനശിച്ചത്.

അതുകൊണ്ട് തന്നെ ആരെങ്കിലും തീയിട്ടതാവാമെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പൊലീസ് വിലയിരുത്തിയിരുന്നു.പുറമെനിന്നും ആരെങ്കിലും ചെയ്തതായിരിക്കാമെന്ന വിലയിരുത്തലിൽ വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും യാതൊരു സൂചനകളും ലഭിച്ചില്ല. റൂറൽ എസ് പി കെ കാർത്തിക്കിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷകസംഘമാണ് സംഭവത്തെക്കുറിച്ചന്വേഷണം നടത്തിയിരുന്നത്.

സംഭവ ദിവസം തീപിടുത്തെസംബന്ധിച്ച് ഫയർഫോഴ്സിലും പൊലീസിലും വിവരമറിയിച്ചത് മോഹൻകുമാറാണെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇയാൾക്ക് മദ്യപാന ശീലമുണ്ടെന്ന് സ്ഥിരീകരകിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഇയാളെ വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞെന്നും തുടർന്ന് ഇയാൾകുറ്റം സമ്മതിയിക്കുകയായിരുന്നെന്നുമാണ് പൊലീസ് വെളിപ്പെടുത്തൽ.

സി ഐ പി എസ് രാജേഷ്,എസ് ഐ മാരായ ആർ വിനോദ്, എ ആർ രാജീവ്, എ എസ് ഐ മാരായ പി എ ഇക്‌ബാൽ,എ എം ഷാഹി,എസ് സി പി ഒ മാരായ കെ ആർ സുധീർ,എം എസുധീർ എന്നിവരും അന്വേഷണസംഘത്തിൽ ഉൾപ്പെട്ടിരുന്നു.