കട്ടപ്പന: ഹോസ്റ്റൽ മുറിയിൽ ജന്മം നൽകിയ ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൂലമറ്റം വടക്കേടത്ത് അമലു ജോർജിനെ റിമാൻഡ് ചെയ്തു. കട്ടപ്പനയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരിയായിരുന്നു ഇവർ.

തൃശൂരിലെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്കു മാറ്റിയ യുവതിയെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കും. രോഗം ഇല്ലെന്നു സ്ഥിരീകരിച്ചാൽ കാക്കനാട് ജയിലിലേക്കു മാറ്റും. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി. എന്നാൽ കുട്ടിയുടെ അച്ഛനെ തിരിച്ചറിയാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. കൂടെ ജോലി ചെയ്യുന്നയാളാണ് അച്ഛൻ എന്നാണ് യുവതി നൽകിയ മൊഴി എന്നാണ് സൂചന. ഇക്കാര്യത്തിൽ സ്ഥിരീകരണം വരുത്താനാണ് പൊലീസിന്റെ ശ്രമം. കട്ടപ്പന സി.െഎ. വിശാൽ ജോൺസൺ, എസ്‌.െഎ. സന്തോഷ് സജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

അവിവാഹിതയായ യുവതി കട്ടപ്പനയിൽ വനിതാ ഹോസ്റ്റലിലെ മുറിയിലാണ് പ്രസവിച്ചത്. ഹോസ്റ്റൽ അധികൃതരും അന്തേവാസികളും മുറിയിലെത്തുമ്പോൾ കുഞ്ഞ് മരിച്ചനിലയിലായിരുന്നു. പ്രസവിച്ചപ്പോൾ കുഞ്ഞ് മരിച്ച നിലയിലായിരുന്നെന്ന് യുവതി പൊലീസിൽ മൊഴിയും നൽകി. അസ്വാഭാവികത തോന്നിയ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഞായറാഴ്ച നടന്ന പോസ്റ്റ്മോർട്ടത്തിൽ, കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നും തലയിൽ പരിക്കുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ആരോഗ്യനില മോശമായതിനെത്തുടർന്ന് യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച ആശുപത്രിവിട്ട യുവതിയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊലപാതകത്തിന് മറ്റാരുടെയും പ്രേരണയില്ല, ഒറ്റയ്ക്കാണ് കൃത്യം നടത്തിയത്. കട്ടപ്പനയിലെ ദേശസാത്കൃത ബാങ്കിലെ കാഷ്യറായ യുവതി സഹപ്രവർത്തകനിൽ നിന്നാണ് ഗർഭം ധരിച്ചതെന്നും പറഞ്ഞു. ഗർഭം ആരും അറിയാതെ ഒളിപ്പിക്കുകയും ചെയ്തു. അവിവാഹിതയായ അമലു 21നാണ് കട്ടപ്പനയിലെ വനിതാ ഹോസ്റ്റലിൽ കുഞ്ഞിന് ജന്മം നൽകിയത്. സഹോദരിക്കൊപ്പമായിരുന്നു താമസം. പുലർച്ചെ പ്രസവവേദന തുടങ്ങിയതോടെ ചായ വേണമെന്നു പറഞ്ഞ് സഹോദരിയെ മുറിയിൽ നിന്നു തന്ത്രത്തിൽ ഹോസ്റ്റലിന്റെ അടുക്കളയിലേക്കു പറഞ്ഞയച്ചു. പ്രസവിച്ചയുടൻ കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തറയിലേക്കു പിറന്നു വീണ് കുഞ്ഞിന്റെ തലയ്ക്ക് ക്ഷതമേറ്രിരുന്നു. ചായയുമായി സഹോദരിയും വാർഡനും മുറിയിലെത്തിയപ്പോൾ യുവതി നിലത്തിലിരിക്കുകയായിരുന്നു. വാർഡൻ ഉടൻ തിരികെ പോയി. തുടർന്ന് സഹോദരിയോട് വിവരം പറഞ്ഞു. ഹോസ്റ്റലിലെ മറ്റു താമസക്കാർ അറിയാതിരിക്കാൻ ഇരുവരും മണിക്കൂറുകളോളം മുറിക്കുള്ളിൽ തങ്ങി. രാവിലെയാണ് മൂലമറ്റത്തുള്ള ബന്ധുക്കളെ വിവരമറിയിച്ചത്. ഇവർ സ്ഥലത്തെത്തിയപ്പോഴാണ് ഹോസ്റ്റൽ അധികൃതർ പോലും പ്രസവവും മരണവും അറിയുന്നത്.

പിന്നീട് യുവതിയെയും കുഞ്ഞിന്റെ മൃതദേഹവും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നും തലയിൽ ക്ഷതമേറ്റതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഇതോടെ കുട്ടി പ്രസവിച്ചത് തന്നെ മരിച്ചാണെന്ന വാദം പൊളിഞ്ഞു. ഇതാണ് അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രസവസമയത്തു തന്നെ കുഞ്ഞ് മരിച്ച നിലയിലായിരുന്നു എന്നാണ് ആദ്യം യുവതി നൽകിയ മൊഴി. എന്നാൽ ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

കാമുകനിൽ നിന്നാണ് ഗർഭം ധരിച്ചതെന്ന് യുവതി മൊഴി നൽകിയിട്ടുണ്ടെങ്കിലും ഇയാൾക്കെതിരേ നിലവിൽ പരാതി ലഭിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു. പീഡനം നടന്നതായും യുവതി പൊലീസിന് മൊഴി നൽകിയിട്ടില്ല.