ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിനെതിരെ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ഉന്നയിച്ച ആരോപണങ്ങൾ കോൺഗ്രസ് നേതൃത്വത്തിന് എതിരെ ആയുധമാക്കി ബിജെപി. ഗുരുതരമായ ആരോപണങ്ങളാണ് അമരീന്ദർ ഉയർത്തിയതെന്നും കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയണമെന്നും മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ കോൺഗ്രസ് എന്തുകൊണ്ടാണ് മൗനം തുടരുന്നതെന്ന് പ്രകാശ് ജാവദേക്കർ ചോദിച്ചു.

'ക്യാപ്റ്റൻ അമരീന്ദർ സിങ് സിദ്ദുവിനെതിരെ ഉന്നയിച്ചത് ഗുരുതരമായ ആരോപണമാണ്. സിദ്ദു രാജ്യദ്രോഹിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിച്ച സമയത്ത് പാക്കിസ്ഥാനിൽ പോയി സൈനിക തലവനെ സന്ദർശിച്ചയാളാണ് സിദ്ദു. രാജ്യത്തിന് ഇക്കാര്യമറിയാം. ഇന്നലെ അമരീന്ദർ സിങ് ഇക്കാര്യം വീണ്ടും ഊന്നിപ്പറഞ്ഞു'- ജാവദേക്കർ പറഞ്ഞു.

ഈ വിഷയത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എന്തുകൊണ്ടാണ് മൗനം തുടരുന്നതെന്ന് ജാവദേക്കർ ചോദിച്ചു. ഇതൊരു വലിയ ആരോപണമാണ്. ഇക്കാര്യത്തിൽ കോൺഗ്രസ് അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെടുകയാണ്. സിദ്ദുവിനെതിരായ ആരോപണങ്ങൾ പരിശോധിക്കാൻ കോൺഗ്രസ് തയ്യാറാവുമോയെന്നും ജാവദേക്കർ ചോദിച്ചു.

പാർട്ടിക്കുള്ളിലെ മാസങ്ങൾ നീണ്ട കലാപത്തിനൊടുവിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച ശേഷമാണ് ക്യാപ്റ്റൻ അമരീന്ദർ സിങ് പാർട്ടി അധ്യക്ഷൻ സിദ്ദുവിനെതിരെ കടുത്ത ആരോപണങ്ങളുയർത്തിയത്. സിദ്ദു മുഖ്യമന്ത്രിയാകുന്നത് തനിക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്നും രാജ്യത്തിന്റെ നന്മയുടെ പേരിലാണ് ഇക്കാര്യം എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സിദ്ദുവിന്റെ സുഹൃത്താണെന്നും പാക് സൈനിക തലവൻ ജെൻ ഖാമർ ജാവേദ് ബജ്വയുമായി സിദ്ദുവിന് ബന്ധങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതിനാൽ സിദ്ദു പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നായിരുന്നു അമരീന്ദറിന്റെ ആരോപണം.