തൃശൂർ: കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നൊക്കെയാണ് സ്പേം തിമിംഗലങ്ങളുടെ ഛർദ്ദി അഥവാ ആമ്പർഗ്രിസ് അറിയപ്പെടുന്നത്. അത്യപൂർവമായി മാത്രമാണ് ഈ വസ്തു ലഭ്യമാകുന്നത്. കോടികളാണ് ഈ ആമ്പർഗ്രിസിന് വിപണിയിൽ ലഭിക്കുക. ഖരരൂപത്തിൽ മെഴുക് പോലെയാണ് ഇത് കാണപ്പെടുക. സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടു നിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്.

കഴിഞ്ഞ ദിവസം തൃശ്ശൂരിലെ ചേറ്റുവയിൽ തിമിംഗല ഛർദി പിടികൂടിയത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്. മുപ്പത് കോടി വിലമതിക്കുന്ന വസ്തുവാണ് പിടികൂടിയത്. വളരെ തന്ത്രപരമായാണ് ഇവരെ വനംവകുപ്പ് സംഘം വെട്ടിലാക്കിയത്. സുഗന്ധലേപന വിപണിയിൽ വൻ ഡിമാൻഡാണ് തിമിംഗല ഛർദി എന്ന ആംബിർഗ്രിസിന് ഉള്ളത്. സംഭവത്തിൽ വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരെയാണ് ഫോറസ്റ്റ് ഫ്‌ളൈയിങ് സ്‌ക്വാഡ് വിജിലൻസ് എന്നിവർ ചേർന്നു പിടികൂടിയത്.

18 കിലോ തൂക്കം വരുന്ന ആംബിർഗ്രിസാണ് പിടികൂടിയത്. ആവശ്യക്കാരെന്ന വ്യാജേന വനംവകുപ്പ് ഉദ്യോഗസ്ഥർ ഇടപാടുകാരെ സമീപിക്കുകയായിരുന്നു. വിഡിയോ കോളിൽ ഇവർ പണം കാണണമെന്ന് ആവശ്യപ്പെട്ടു. സിനിമകളിൽ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന കറൻസികളുടെ കെട്ട് പെട്ടിയിലാക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ കാണിച്ച് കൊടുത്തു. വെള്ളിയാഴ്ച രാവിലെ മുതൽ പ്രതികളുമായി ഇടപാടു സംസാരിച്ച്, കച്ചവടം ഉറപ്പിച്ചു. വിഡിയോകോളിൽ നോട്ട് കണ്ടപ്പോഴാണ് പ്രതികൾ പ്രത്യക്ഷപ്പെട്ടത്. അങ്ങനെ അതിസാഹസികമായി പ്രതികളെ പിടികൂടുകയായിരുന്നു.

വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടുന്ന ഒന്നാണ് ആംബർഗ്രിസ്. പെർഫ്യൂം നിർമ്മിക്കുന്നതിന് വ്യാപകമായി ഇവ ഉപയോഗിച്ചിരുന്നു. പിന്നീട് ഇവയുടെ ഉപയോഗം നിരോധിക്കുകയായിരുന്നു. കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നിങ്ങനെയാണ് സ്‌പേം തിമിഗംലങ്ങളുടെ ഛർദി അറിയപ്പെടുന്നത്. തിമിംഗലത്തിന്റെ സ്രവമാണിത്. തിമിംഗലം ഛർദിക്കുമ്പോൾ ആദ്യം ദ്രവമായിട്ടാണ് ഇവ കാണുക. പിന്നീട് ഖരരൂപത്തിലാകും. രൂക്ഷമായ ഗന്ധവും ഇതിനുണ്ടാകും.

വിദേശ രാജ്യങ്ങളിലെ സുഗന്ധ ലേപനങ്ങളിലാണ് തിമിംഗലത്തിന്റെ ഛർദ്ദി അഥവാ ആംബർ ഗ്രിസ് പ്രധാനമായും ഉപയോഗിക്കുന്നത്. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്റെ ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ വസ്തു കൈവശം വയ്ക്കുന്നത് ശിക്ഷാർഹമാണ്. അടുത്തിടെയായി ആന്ധ്രാപ്രദേശ്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നും തിമിംഗല ഛർദ്ദി പിടികൂടിയിട്ടുണ്ട്.ഇപ്പോൾ കേരളത്തിലും പിടികൂടി. വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഫോറസ്റ്റ് വിജിലൻസ് സംഘത്തിന്റെ നീക്കം.

അടുത്തകാലത്തായി യെമനിലെ മത്സ്യത്തൊഴിലാളികൾക്ക് തിമിംഗല ഛർദി ലഭിച്ച സംഭവവും വാർത്തകളിൽ നിറഞ്ഞിരുന്നു. ഏദെൻ കടലിടുക്കിൽ ചത്തുകിടന്ന സ്‌പേം തിമിംഗലത്തിന്റെ ശരീരത്തിനുള്ളിൽ നിന്നാണ് മത്സ്യത്തൊഴിലാളികൾക്ക് 127 കിലോയോളം വരുന്ന ആംബർഗ്രിസ് ലഭിച്ചത്. തെക്കൻ യെമനിലെ സിറിയയിലുള്ള ജനങ്ങളുടെ ഉപജീവനമാർഗം മത്സ്യബന്ധനമാണ്. ഏറെയും പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണ് ഇവിടെയുള്ളത്. ഇവരാണ് ഇപ്പോൾ കോടിപതികളായി മാറുകയും ചെയ്തത്.

മത്സ്യബന്ധനത്തിനു പോയ ഇവർ കടലിടുക്കിൽ നിന്നാണ് അഴുകിത്തുടങ്ങിയ സ്‌പേം തിമിംഗലത്തിന്റെ ശരീരം കണ്ടെത്തിയത്. ശരീരം അഴുകിത്തുടങ്ങിയെങ്കിലും ശരീരത്തിൽ നിന്നും പുറത്തുവരുന്ന വേറിട്ട ഗന്ധം ഇവരെ ആകർഷിച്ചു. ഉടൻതന്നെ ഇവർ തിമിംഗലത്തിന്റെ ശരീരം കയറിൽ കെട്ടിവലിച്ച് കരയ്‌ക്കെത്തിക്കുകയായിരുന്നു. കരയിലെത്തി തിമിംഗലത്തിന്റെ വയർ കീറിമുറിച്ചാണ് 127 കിലോയോളം വരുന്ന ആംബർഗ്രിസ് പുറത്തെടുത്തത്.

വിവരമറിഞ്ഞെത്തിയ യുഎഇയിലെ മൊത്ത വ്യാപാരിയാണ് മത്സ്യത്തൊഴിലാളികളിൽ നിന്നും ആംബർഗ്രിസ് 10.96 കോടി രൂപയ്ക്ക് വാങ്ങിയത്. ലഭിച്ച തുക 35 പേരും തുല്യമായി പങ്കിട്ടെടുക്കുകയായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കിയിരുന്നു.