ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ലഖിംപുർ ഖേരിയിൽ കേന്ദ്രമന്ത്രിയുടെ മകൻ കർഷക പ്രതിഷേധത്തിന് നേരെ ഓടിച്ചുകയറ്റി എട്ടുപേരെ കൊലപ്പെടുത്തിയ സംഭവം ബിജെപിക്ക് തലവേദനയാകുന്നു. ഈ സംഭവം ദേശീയശ്രദ്ധയാകർഷിക്കുകയും പ്രതിപക്ഷ കക്ഷികൾ പ്രതിഷേധം ശക്തമാക്കുകയും ചെയ്തതോടെ ബിജെപിയിൽ തിരക്കിട്ട കൂടിയാലോചനകൾ പുരോഗമിക്കുകയാണ്.

ഇതിനിടെ ആരോപണ വിധേയനായ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര സഹമന്ത്രിയുമായ അജയ് മിശ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. ഈ സംഭവത്തിൽ ദേശീയനേതൃത്വത്തിന്റെ അതൃപ്തി അമിത് ഷാ അജയ് മിശ്രയെ അറിയിച്ചിട്ടുണ്ട്. ലഖിംപുരിലെ കർഷക കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം മുറവിളികൂട്ടുന്നതിനിടെയാണ് കൂടിക്കാഴ്ച. സംഭവം പ്രതിപക്ഷം വലിയ രാഷ്ട്രീയ ആയുധമാക്കുന്ന പശ്ചാത്തലത്തിൽ മന്ത്രിയുടെ രാജിക്കുള്ള സാധ്യതയും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനിടെ സംഭവത്തെക്കുറിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചു

ഞായറാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. അജയ് മിശ്രയുടെ ലഖിംപുർ സന്ദർശനത്തിൽ പ്രതിഷേധിക്കാനെത്തിയ കർഷകരുടെ നേർക്ക്, അദ്ദേഹത്തിന്റെ മകൻ ആശിഷ് മിശ്രയുടെ വാഹനം ഓടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നാല് കർഷകർ ഉൾപ്പെടെ എട്ടുപേർക്കാണ് ജീവൻ നഷ്ടമായത്. മന്ത്രിയുടെ അകമ്പടി വാഹനങ്ങളിലൊന്നാണ് പ്രതിഷേധിച്ച കർഷകരുടെ മേലേക്ക് ഓടിച്ചു കയറ്റിയത്.

ആശിഷ് മിശ്രയ്ക്കെതിരെ കൊലക്കുറ്റത്തിന് യുപി പൊലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കർഷകരുടെ മരണത്തിന് കാരണായ വാഹനം തന്റെയാണെന്ന് മിശ്ര സമ്മതിച്ചിട്ടുണ്ട്. എന്നാൽ താനോ മകനോ സംഭവസമയത്ത് അവിടുണ്ടായിരുന്നില്ലെന്നാണ് അവകാശപ്പെടുന്നത്.

മാസങ്ങൾക്കപ്പുറം ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംഭവം പാർട്ടിക്ക് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിലാണ് നേതൃത്വം. പ്രിയങ്കയ്ക്ക് പിന്നാലെ രാഹുലും ലഖിംപൂരിലെത്തുന്നത് ആശങ്കയോടെയാണ് ബിജെപി നോക്കിക്കാണുന്നത്. അതേസമയം തനിക്കുമേൽ രാജിക്കായി സമ്മർദ്ദമൊന്നുമില്ലെന്ന് കഴിഞ്ഞദിവസം മിശ്ര ദേശീയമാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.