ന്യൂഡൽഹി: ദേശീയ തലത്തിൽ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി രൂക്ഷമാക്കി മുതിർന്ന നേതാക്കളുടെ ഉടക്ക്. ആനന്ദ് ശർമ ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് സ്റ്റീയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജി വച്ചതാണ് കോൺഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കാണ് ആനന്ദ് ശർമ കത്ത് നൽകിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട യോഗങ്ങളിൽ ഒന്നും തന്നെ ക്ഷണിക്കുന്നില്ലെന്ന് വിമർശിച്ചാണ് രാജി. നേരത്തെ രാജ്യസഭാ സീറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നേതാവാണ് ശർമ്മ. എന്നാൽ, കോൺഗ്രസ് വീണ്ടും അദ്ദേഹത്തെ പരിഗണിച്ചില്ല. ഇതിനിടെ ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായി ശർമ്മ ചർച്ചയും നടത്തിയിരുന്നു. ഇതുകൂടി ആയപ്പോൾ ശർമ്മയം പാർട്ടി കൂടുതൽ പരിഗണിക്കാതെയായി. ഇതിനിടെയാണ് കോൺഗ്രസ് പ്രചരണ സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചിരിക്കുന്നത്.

അഭിമാനം പണയം വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം സോണിയ ഗാന്ധിക്കെഴുതിയ കത്തിൽ വ്യക്തമാക്കി. അതേസമയം ഹിമാചലിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് വേണ്ടി ഇറങ്ങുമെന്ന് ആനന്ദ് ശർമ സോണിയയെ അറിയിച്ചു. ഗുലാം നബി ആസാദ് ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ആനന്ദ് ശർമയും രാജി പ്രഖ്യാപിച്ചത് കോൺഗ്രസിന് തിരിച്ചടിയായി.

രാജ്യസഭയിൽ കോൺഗ്രസിന്റെ ഉപ നേതാവായിരുന്ന ആനന്ദ് ശർമയെ, ഏപ്രിൽ 26ന് ആണ് ഹിമാചൽ പ്രദേശ് കോൺഗ്രസിൽ തെരഞ്ഞെടുപ്പ് സ്റ്റീയറിങ് കമ്മിറ്റി ചെയർമാൻ ആയി നിയമിച്ചത്. കോൺഗ്രസിൽ തിരുത്തൽ ആവശ്യപ്പെട്ട് രൂപീകരിച്ച ജി 23 നേതാക്കളിൽ പ്രധാനിയായ അദ്ദേഹം, മറ്റൊരു ജി23 നേതാവായ ഗുലാം നബിക്ക് പിന്നാലെ, നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസം പരസ്യമാക്കി തന്നെ രാജി വച്ചുവെന്നത് ശ്രദ്ധേയമാണ്.

ജമ്മു കശ്മീർ കോൺഗ്രസ് പുനഃസംഘടിപ്പിച്ചുള്ള ഹൈക്കമാൻഡ് പ്രഖ്യാപനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഗുലാം നബി ആസാദ് രാജി പ്രഖ്യാപിച്ചത്. . ഗുലാം അഹമ്മദ് മിർനെ മാറ്റി സംസ്ഥാന അധ്യക്ഷനായി വികർ റസൂൽ വനിയെ നേതൃത്വം നിയമിച്ചിരുന്നു. പ്രചാരണ വിഭാഗം ചെയർമാൻ, രാഷ്ട്രീയകാര്യ സമിതി അംഗം എന്നീ ചുമതലകൾ ഗുലാം നബി ആസാദിനും നൽകി. എന്നാൽ ആരോഗ്യ കാരണങ്ങളാൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് ആസാദ് ഹൈക്കമാൻഡിനെ അറിയിക്കുകയായിരുന്നു.

ഇതിനു പിന്നാലെ, ഗുലാംനബി ആസാദ് നൽകുന്ന സന്ദേശം ഹൈക്കാമാൻഡ് മനസിലാക്കിയില്ലെങ്കിൽ കൂട്ടരാജിയുണ്ടാകുമെന്നാണ് ഒരു വിഭാഗം മുന്നറിയിപ്പ് നൽകി. പുനഃസംഘടനയിൽ അതൃപ്തിയറിയിച്ചും ആസാദിന് പിന്തുണ പ്രഖ്യാപിച്ചും മുൻ എംഎൽഎ ഗുൽസാർ അഹമ്മദ് ഗനി കോർഡിനേഷൻ കമ്മിറ്റി അംഗത്വം വേണ്ടന്നു വച്ചു. ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മുഖ്യമന്ത്രി സ്ഥാനാർത്ഥി കുപ്പായമിടാൻ തയ്യാറെടുക്കുന്ന ആസാദിന് ഹൈക്കമാൻഡ് തീരുമാനം തിരിച്ചടിയായി.

രാജ്യസഭയിലേക്ക് പരിഗണിക്കാത്തതിൽ പരിഭവം ഉണ്ടെങ്കിലും നേതൃത്വവുമായി അടുത്ത് തുടങ്ങിയത് ഈ ലക്ഷ്യം മുന്നിൽ കണ്ടാണ്.നിലവിൽ സോണിയ ഗാന്ധി അധ്യക്ഷയായ ദേശീയ രാഷ്ട്രീയകാര്യ സമിതിയിൽ ഗുലാംനബി ആസാദ് അംഗമാണ്. പുനഃസംഘടനയിൽ സമാന പദവി നൽകി കശ്മീരിലേക്ക് ഒതുക്കാൻ നേതൃത്വം ശ്രമിക്കുന്നുവെന്നാണ് ആസാദ് ക്യാമ്പ് വിലയിരുത്തുന്നത്.