വിശാഖപട്ടണം: ഭർത്താവിനെ യുവതി തീകൊളുത്തി കൊന്നു. വിവാഹേതര ബന്ധത്തിന്റെ പേരിലാണ് ഭാര്യ കൃത്യം ചെയ്തത്. 75ശതമാനം പൊള്ളലേറ്റ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കേ മരിച്ചതായി പൊലീസ് പറയുന്നു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ നരസരോപേട്ട് മണ്ഡലിൽ വെള്ളിയാഴ്ചയാണ് സംഭവം. ചെഞ്ചയ്യ എന്നയാളെ ഭാര്യ അന്നമ്മ പെട്രോൾ ഒഴിച്ച് തീ കത്തിക്കുകയായിരുന്നു.

വീട്ടിൽ ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം ആസൂത്രണം ചെയ്തായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു. ചെഞ്ചയ്യയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ചെഞ്ചയ്യയുടെ മുറവിളി കേട്ട് നാട്ടുകാരാണ് തീ അണച്ചത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ മരണം സംഭവിക്കുകയായിരുന്നു. അന്നമ്മയാണ് വധിക്കാൻ ശ്രമിച്ചതെന്ന് ചെഞ്ചയ്യയുടെ മരണമൊഴിയിൽ പറയുന്നതായി പൊലീസ് പറയുന്നു. സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തി അന്നമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.