ആലുവ: നിർത്തിയിട്ടിരുന്ന കാറുമായി കടന്നുകളഞ്ഞ യുവാവിനെ കിലോമീറ്ററുകളോളം പിന്തുടർന്ന് ഹൈവേ പൊലീസ് പിടികൂടി. തലശേരി പൂതൻവല്ലി ചാലിൽ വീട്ടിൽ ഫാസിലിനെ(31) ആണ് അങ്കമാലി ഹൈവേ പൊലീസ് സാഹസികമായി പിടികൂടിയത്. നിരവധി കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ഫാസിൽ.

അങ്കമാലി ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന കാറാണ് ഫാസിൽ മോഷ്ടിച്ചത്. കാറിന്റെ താക്കോൽ ഉടമസ്ഥൻ ഊരിയെടുക്കാത്തത് മോഷ്ടാവിന് എളുപ്പമായി. വാഹനം പോകുന്നത് കണ്ട് ഉടമ ഒച്ചവച്ചു. ഈ സമയം അവിടെയെത്തിയ ഹൈവേ പൊലീസ് കാറിനെ പിന്തുടർന്നു. പൊലീസ് പിന്തുടരുന്നത് കണ്ട് മോഷ്ടാവ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം വാഹനം ഉപേക്ഷിച്ച് ഇറങ്ങിയോടി. പിന്നാലെ പൊലീസും.

ബസ് സ്റ്റാന്റിന്റെ മതിൽ ചാടി മോഷ്ടാവ് സർക്കാർ ആശുപത്രിയിലെത്തി. അവിടെ നിന്ന് ഓടി ഓട്ടോസ്റ്റാന്റിലെത്തി ഓട്ടോ വിളിച്ച് കാലടി ഭാഗത്തേക്ക് പോയി. ഓടിയെത്തിയ പൊലീസ് മറ്റൊരു ഓട്ടോയിലും, പൊലീസ് വാഹനത്തിലുമായി മോഷ്ടാവിനെ പിന്തുടർന്നു. വിശ്വജോതി സ്കൂളിനടുത്ത് വെച്ച് പ്രതി സഞ്ചരിച്ചിരുന്ന ഓട്ടോയെ തടഞ്ഞെങ്കിലും ഇയാൾ ഓട്ടോയിൽനിന്നും ഇറങ്ങിയോടി. ഒടുവിൽ പിന്നാലെ കുതിച്ച പൊലീസ് സംഘം സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു.

എസ്‌ഐ മാരായ ടി.കെ. ജോഷി, സി.ടി ഷൈജു, എഎസ്ഐ ഒ .എ ഉണ്ണി, സി.പി.ഒ മാരായ സുധീർ, അലി എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ പിടികൂടിയ ഉദ്യോഗസ്ഥരെ റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് അഭിനന്ദിച്ചു. പൊലീസ് മേധാവിയുടെ കാര്യാലയത്തിൽ വച്ച് ഉദ്യോഗസ്ഥർക്ക് പാരിതോഷികവും പ്രശംസാപത്രവും വിതരണം ചെയ്തു.