തൃശ്ശൂർ: സ്വപ്‌ന സുരേഷിന്റെ നാവിൽ നിന്നും ഉന്നതരുടെ പേരുകൾ പുറത്തുവരാതിരിക്കാൻ ശ്രമങ്ങൾ സർക്കാർ തലത്തിൽ നടക്കുന്നുണ്ടോ? 4.5 കോടി രൂപയുടെ അഴിമതി നടന്ന വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്‌നയുടെ പേരിനൊപ്പം ഉന്നത നേതാക്കളുടെ മക്കളുടെ പേരുകളും പുറത്തുവന്നതോടെ രാഷ്ട്രീയ ആരോപണങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്. സ്വപ്‌ന സുരേഷിന് മാത്രം എന്തുകൊണ്ടാണ് മെഡിക്കൽ കോളേജിൽ ചികിത്സ നൽകുന്നത് എന്നതാണ് ഉയരുന്ന ചോദ്യം.

വിഷയം കൂടുതൽ വിവാദമാക്കി അനിൽ അക്കര എംഎൽഎയും രംഗത്തുവന്നു. സ്വപ്ന സുരേഷിന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചർച്ചക്ക് സൗകര്യം ഒരുക്കിയത് മന്ത്രി എ സി മൊയ്തീൻ നേരിട്ടെത്തിയാണ് എന്നാണ് അനിൽ അക്കര ഉന്നയിച്ച ആരോപണം. മന്ത്രിക്ക് ഇല്ലാത്ത പരിപാടി തട്ടിക്കൂട്ടി വന്നുവെന്നും അനിൽ അക്കര ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു. സ്ഥലം എംഎൽഎയെയും എംപിയെയും മന്ത്രി ഒഴിവാക്കിയെന്നും അനിൽ ആരോപിച്ചു. സംഭവത്തിൽ ജില്ലാ കളക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർക്കും ഈ വിഷയത്തിൽ പങ്കുണ്ടെന്നും എംഎൽഎ പറഞ്ഞു.

അഞ്ച് ദിവസം മുമ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി താൻ ഫേസ്‌ബുക്കിൽ ഇട്ട് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് സഹിതമാണ് അനിൽ ആരോപണം ഉന്നയിക്കുന്നത്. വിയ്യൂർ ജയിലിൽ നിന്നും സ്വപ്‌ന വീണ്ടും തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിയതോടെയാണ് അനിൽ അക്കര മന്ത്രി എ സി മൊയ്തീനെ ലക്ഷ്യമിട്ട് ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. അതേസമയം ആശുപത്രിയിൽ വെച്ചു നടന്നത് അട്ടിമറി ശ്രമങ്ങളാണെന്ന ആക്ഷേപവും ശക്തമായിരുന്നു.

വിയ്യൂർ ജയിലിൽ റിമാന്റിലുള്ള സ്വപ്നയേയും കെ ടി റമീസിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്താണ് ഉന്നതർ സംസാരിച്ചതെന്ന ആരോപണം ഉയരുന്നുണ്ട്. എൻഐഎയും കസ്റ്റംസും അന്വേഷണം തുടങ്ങി. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷുമായി, എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത ഉന്നതർ ഫോണിൽ സംസാരിച്ചെന്ന് കേന്ദ്ര ഏജൻസികൾക്ക് സംശയമുണ്ട്. ഇക്കാര്യത്തിൽ എൻഐഎയും കസ്റ്റംസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സ്വപ്നയെയും കെ ടി റമീസിനെയും ആശുപത്രിയിലെത്തിച്ചതിൽ ദുരൂഹതയുണ്ടന്നും കേന്ദ്ര ഏജൻസികൾ പറയുന്നു. ആറ് ദിവസം മുൻപാണ് സ്വപ്നയെ വിയ്യൂർ ജയിലിൽ നിന്നും തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. അതേസമയത്താണ് ഉന്നതരായ പലർക്കും ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചത്. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഫോണിൽ വിളിച്ച് ഉന്നതർ സംസാരിച്ചുവെന്നാണ് എൻഐഎക്കും കസ്റ്റംസിനും ലഭിച്ച വിവരം. നെഞ്ചുവേദന എന്ന് പറഞ്ഞാണ് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി പ്രവേശനത്തിലൂടെ ഫോണിൽ സംസാരിക്കാൻ വഴിയൊരുക്കിയെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്.

സ്വപ്ന സുരേഷിന്റെ മൊഴി ഉന്നതർക്ക് ചോർത്തിക്കൊടുക്കാൻ ശ്രമം നടക്കുന്നുവെന്ന് അനിൽ അക്കര എംഎൽഎ. സ്വപ്‌ന സുരേഷും കെ ടി റമീസും ഒരേ സമയം ആശുപത്രിയിൽ ചികിത്സ തേടിയതിൽ അസ്വഭാവികത കണ്ട് അന്വേഷണ ഏജൻസികൾ. സംഭവം വിവാദമാകുന്ന ഘട്ടം വന്നതോടെ ജയിൽ വകുപ്പും റിപ്പോർട്ടു തേടി. വിയ്യൂർ ജയിൽ മെഡിക്കൽ ഓഫിസറോടാണ് ജയിൽ വകുപ്പ് റിപ്പോർട്ട് തേടിയത്.

റമീസിന്റെ ആശുപത്രി വാസവുമായി ബന്ധപ്പെട്ട് വലിയ അസ്വാഭാവികതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. റമീസിന് ഇതുവരെ കാര്യമായ കുഴപ്പങ്ങളൊന്നുമില്ല. ഇന്നലെ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ റമീസിന് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. തൃശൂർ മെഡിക്കൽ കോളജിലേക്കാണ് ഇരുവരേയും കൊണ്ടുവന്നിരിക്കുന്നത്. നെഞ്ചുവേദനയും ഛർദിയും ഉണ്ടായതിനെ തുർന്നാണ് സ്വപ്‌ന സുരേഷിനെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വനിതാസെല്ലിലെ 16 -ാം നമ്പർ വാർഡിലാണ് പ്രവേശിപ്പിച്ചത്. കേസിലെ മറ്റൊരുപ്രതി റമീസിനേയും ഇന്നലെ പരിശോധനയ്ക്കു കൊണ്ടുവന്നു. വയറുവേദനയെ തുടർന്നായിരുന്നു.

ഈയിടെ സ്വപ്നയ്ക്ക് അമിത ഉൽക്കണ്ഠ മൂലം ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആറുദിവസത്തെ വിശദനിരീക്ഷണത്തിനു ശേഷം ശനിയാഴ്‌ച്ചയാണ് ഡിസ്ചാർജ് ചെയ്തത്. ചികിത്സയിൽ തുടരാൻ തക്ക ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് പ്രത്യേക മെഡി.ബോർഡ് യോഗം ചേർന്ന് വിലയിരുത്തിയിരുന്നത്. തുടർന്ന് കഴിഞ്ഞ ശനിയാഴ്‌ച്ച ഉച്ചയോടെ വിയ്യൂർ വനിതാ ജയിലിലേക്കു മാറ്റി. ഇന്നലെ വൈകീട്ട് സ്വപ്ന വീണ്ടും ചികിത്സ തേടുകയായിരുന്നു. കനത്ത പൊലീസ് കാവലിൽ സുരക്ഷയെരുക്കിയാണ് ആശുപത്രിയിൽ എത്തിച്ചത്. കോവിഡ്പരിശോധനയും നടത്തി. ഡോക്ടർമാർ ചർദിയുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞ് മരുന്നു നൽകി. ഇ.സി.ജി.യിൽ നേരിയ വ്യതിയാനം കണ്ടതിനെ തുടർന്ന് കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിലെ 16 -ാ0 വാർഡിലെ വനിത ജയിൽ സെല്ലിലേക്ക് മാറ്റി.