ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയത് പ്രബീഷിന്റെ കാമുകി രജനി(38) തന്നെ. കായലിനെ കുറിച്ചും മറ്റു കൃത്യമായ ബോധ്യമുണ്ടായിരുന്ന രജനി സ്വാഭാവിക മരണമാണെന്ന് വരുത്തി തീർക്കാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇതിനായി മുമ്പ് സഹോദരൻ മരിച്ച കഥയാണ് പ്രബീഷിനോട് കാമുകി പറഞ്ഞത്. രജനിയുടെ സഹോദരൻ കായലിൽ മുങ്ങി മരിക്കുകയായിരുന്നു.

കൊലപ്പെടുത്തിയ ശേഷം ആറ്റിൽ ഉപേക്ഷിച്ചാൽ ദിവസങ്ങൾക്കു ശേഷം കണ്ടെടുക്കുമ്പോൾ മുങ്ങിമരിച്ചതായി തെറ്റിദ്ധരിക്കുമെന്നായിരുന്നു പ്രതികൾ കരുതിയതെന്നു പൊലീസ് പറഞ്ഞു. അതിനായുള്ള പദ്ധതി തയ്യാറാക്കിയെങ്കിലും അവിചാരിതമായി പദ്ധതി പൊളിയുകയായിരുന്നു., മഴയും തോട്ടിലെ ഒഴുക്കും കാരണമാണ് ഇക്കാര്യം നടപ്പിലാക്കാൻ സാധിക്കാതിരുന്നത്.

പുന്നപ്ര തെക്ക് തോട്ടുങ്കൽ അനിത (32)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത മലപ്പുറം നിലമ്പൂർ മുതുകാട് പൂക്കോടൻ വീട്ടിൽ പ്രബീഷ് സദാനന്ദനാണ് അറസ്റ്റിലിയത്. ഇയാൾക്കൊപ്പം കഴിഞ്ഞിരുന്ന രജനിയും റിമാൻഡിലാണ്. ഇവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കേസിൽ ഇരുവരും മാത്രമേ പങ്കാളികളായുള്ളൂ എന്നാണു പൊലീസിന്റെ നിഗമനം. കേസുമായി ബന്ധപ്പെട്ട തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

താൻ സ്വർണക്കടത്തു സംഘത്തിൽ ഉണ്ടായിരുന്നതായി പ്രബീഷ് പൊലീസിനോടും നാട്ടുകാരോടും പറഞ്ഞിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ലെന്നു പൊലീസ് പറഞ്ഞു. പ്രബീഷിന്റെ നാടായ നിലമ്പൂരിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ പ്രതിയായ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൈനകരിയിൽ ആദ്യകാലത്ത് നാട്ടുകാരെ വിരട്ടുകയും മറ്റും ചെയ്തിരുന്ന പ്രബീഷ് ആളുകൾക്കിടയിൽ പൊങ്ങച്ചം പറയാൻ സൃഷ്ടിച്ച കഥകളാകാം ഇതെന്നാണു പൊലീസിന്റെ വിലയിരുത്തൽ. കൈവശം വച്ചിരുന്ന എയർ പിസ്റ്റൾ ഉപയോഗിച്ച് പ്രബീഷ് രജനിയുടെ ബന്ധുവിനെയുൾപ്പെടെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അനിതയുമായുള്ള ബന്ധത്തെ എതിർത്ത രജനിയാണ് അനിതയെ ഒഴിവാക്കാൻ കൊലപ്പെടുത്തുകയെന്ന നിർദ്ദേശം വച്ചത്. അനിത ഗർഭിണിയാണെന്ന് ആദ്യം വിശ്വസിക്കാൻ മടിച്ചിരുന്നു.

10നു രാത്രിയാണ് അനിതയുടെ മൃതദേഹം പള്ളാത്തുരുത്തി അരയൻതോട് പാലത്തിനു സമീപം ആറ്റിൽ കണ്ടെത്തിയത്. അജ്ഞാത മൃതദേഹമായി കണക്കാക്കി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അനിതയുടെ ഫോട്ടോ സമൂഹമാധ്യമത്തിലൂടെ സഹോദരൻ തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോർട്ടം കഴിഞ്ഞതോടെയാണ് കൊലപാതകമാണെന്നു വ്യക്തമായത്.

ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന രജനിയെ 2 വർഷം മുൻപു സമൂഹമാധ്യമത്തിലൂടെയാണ് പ്രബീഷ് പരിചയപ്പെട്ടത്. ഡ്രൈവറായ പ്രബീഷ് രജനിയുമായി ഒന്നിച്ചു കഴിയുകയായിരുന്നു. 6 മാസം മുൻപ് ജോലിയുടെ ഭാഗമായി കായംകുളത്തെത്തിയ പ്രബീഷ് അനിതയുമായി പരിചയത്തിലായി. ഭർത്താവുമായി പിണങ്ങി ഒറ്റയ്ക്കു കഴിയുകയായിരുന്ന അനിത പ്രബീഷുമായി അടുത്തു. ഗർഭിണിയായ അനിത പ്രബീഷിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രബീഷ് തയാറായില്ല. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ രജനിയോട് ഇരുവരെയും ഒന്നിച്ചു പോറ്റാമെന്നു പ്രബീഷ് പറഞ്ഞു. രജനിയും അനിതയും എതിർത്തു. തുടർന്നാണ് അനിതയെ ഒഴിവാക്കാൻ തീരുമാനിച്ചത്.

അനിതയെ 9നു വൈകിട്ട് നാലോടെ കൈനകരിയിലെ രജനിയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി. ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം പ്രബീഷ് അനിതയുടെ കഴുത്തു ഞെരിച്ചെന്നും രജനി വായും മൂക്കും പൊത്തി ശ്വാസംമുട്ടിച്ചെന്നുമാണു കേസ്. ബോധം നഷ്ടമായ അനിതയെ മരിച്ചെന്നു കരുതി ചെറിയ ഫൈബർ വള്ളത്തിൽ കയറ്റി വീടിനു 100 മീറ്റർ അകലെയുള്ള ആറ്റിൽ തള്ളാൻ കൊണ്ടുപോയി. രജനിയാണു വള്ളം തുഴഞ്ഞത്. നാട്ടുതോട്ടിലൂടെ ആറ്റുതീരത്ത് എത്തിയപ്പോൾ പ്രബീഷും വള്ളത്തിൽ കയറാൻ ശ്രമിക്കുകയും വള്ളം മറിയുകയും ചെയ്തു. തുടർന്ന് വള്ളത്തിനൊപ്പം അനിതയെയും അവിടെ ഉപേക്ഷിച്ച് ഇരുവരും മടങ്ങി. വെള്ളത്തിൽ വീണശേഷമാണ് അനിത മരിച്ചത്.