കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ അപകട മരണത്തിലെ ദുരൂഹത വർധിക്കുന്നു. നമ്പർ 18 ഹോട്ടലിന്റെ മുതലാളിക്ക് വേണ്ടി അന്വേഷണവും പൊലീസ് അട്ടിമറിക്കുന്നു എന്ന സംശയം ബലപ്പെടുകയാണ്. മോഡലുകളുടെ അപകട മരണത്തിന് പിന്നിൽ ദുരൂഹമായ എന്തോ ഉണ്ടെന്ന സംശയത്തിലാണ് അൻസിയുടെ കുടുംബവും. ഇക്കാര്യം ചൂണ്ടിക്കാട്ടി അൻസി കബീറിന്റെ കുടുംബം പൊലീസിൽ പരാതി നൽകി.

സംഭവത്തിൽ വിപുലമായ അന്വേഷണം ആവശ്യപ്പെട്ടാണ് അൻസി കബീറിന്റെ കുടുംബം പാലാരിവട്ടം പൊലീസിന് പരാതി നൽകിയത്. നമ്പർ 18 ഹോട്ടലുടമ റോയിയുടെ ഇടപെടലുകളിൽ സംശയമുണ്ടെന്നും ഹോട്ടലിലെ ദൃശ്യങ്ങൾ റോയി നശിപ്പിച്ചെന്നാണ് പൊലീസ് തങ്ങളെ അറിയിച്ചതെന്നും അൻസിയുടെ ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

അൻസിയുടെ കാറിനെ മറ്റൊരു കാർ പിന്തുടർന്നത് എന്തിനെന്ന് അറിയണം. റോയിയെ നേരത്തെ അറിയില്ല. ഇയാളെക്കുറിച്ച് യാതൊരു ധാരണയുമില്ല. പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. എന്നാൽ കേസുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങൾ പുറത്തുവരാത്തത് എന്തുകൊണ്ടാണെന്നാണ് ചോദ്യം. ദൃശ്യങ്ങൾ നശിപ്പിച്ചിട്ടും റോയിക്കെതിരേ പൊലീസ് നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും അൻസിയുടെ ബന്ധുക്കൾ ചോദിച്ചു.

അതിനിടെ, അൻസി കബീറും അൻജന ഷാജനും സഞ്ചരിച്ച കാറിന്റെ ഡ്രൈവർ മാള സ്വദേശി അബ്ദുൾ റഹ്മാൻ ബുധനാഴ്ച വൈകിട്ടോടെ ജാമ്യത്തിലിറങ്ങി. കേസിൽ മനഃപൂർവ്വമല്ലാത്ത നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിരുന്നത്. ഇതിൽ ജാമ്യം ലഭിച്ചതോടെയാണ് കാക്കനാട് ജയിലിൽനിന്ന് അബ്ദുൾ റഹ്മാൻ പുറത്തിറങ്ങിയത്. ജയിൽമോചിതനായ ഇയാളെ കൂട്ടിക്കൊണ്ടുപോകാൻ സുഹൃത്തുക്കളും കാക്കനാട് ജയിലിൽ എത്തിയിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാതെ ഉടൻതന്നെ ഇവർ കാറിൽ മടങ്ങി.

അതേസമയം, നമ്പർ 18 ഹോട്ടലിലെ മറ്റൊരു ഡി.വി.ആർ. പൊലീസിന് കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. കഴിഞ്ഞദിവസം ഒരു ഡി.വി.ആർ. മാത്രമാണ് ഹോട്ടലുടമ ഹാജരാക്കിയത്. ഇതിൽ ഡി.ജെ. പാർട്ടിയുടെ ദൃശ്യങ്ങളുണ്ടായിരുന്നില്ല. ബുധനാഴ്ച റോയി വയലാട്ടുമായി ഹോട്ടലിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ ഈ പരിശോധനയിലും ഡി.ജെ. പാർട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഡി.വി.ആർ. കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് വിവരം. തെളിവ് നശിപ്പിച്ചതിന് റോയിക്കെതിരേ കേസെടുക്കാനും സാധ്യതയുണ്ട്.

്‌നേരത്തെ ഹോട്ടലിൽ റേവ് പാർട്ടി നടന്നെന്ന ആരോപണവും ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിനെ അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് വീണ്ടും ഹാജരാകാൻ റോയിക്ക് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ ഹോട്ടലുടമയെ 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങൾ അടങ്ങിയ രണ്ട് ഡിജിറ്റൽ വീഡിയോ റെക്കോർഡറുകളിൽ(ഡിവിആർ) ഒരെണ്ണം റോയി പൊലീസിന് കൈമാറി. എന്നാൽ ഇതിൽ മോഡലുകൾ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ദിവസത്തെ ദൃശ്യങ്ങൾ ഇതിലില്ലെന്നാണ് വിവരം. ഇതുവരെ ലഭിച്ച ദൃശ്യങ്ങളുടെ ഫൊറൻസിക് പരിശോധന പൊലീസ് ആരംഭിച്ചു. ഡിവിആറിൽ നിന്നും ഹോട്ടലിലെ റേവ് പാർട്ടി ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

ഇത്രദിവസം റോയി ചോദ്യംചെയ്യലിന് ഹാജാരാകാതിരുന്നത് ഡിവിആറിൽ എന്തെങ്കിലും തിരിമറിനടത്താനാണോ എന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ഡിവിആർ സൈബർ ഫൊറൻസിക് പരിശോധനക്ക് അയക്കും. നിശാപ്പാർട്ടിനടന്ന ഹാളിലെയും ഹോട്ടലിന് പുറത്തെയും സിസിടിവി ദൃശ്യങ്ങളുടെ ഡിവിആർ മാറ്റിയിരുന്നു. ഇതിൽ ഒന്നുമാത്രമാണ് ഹോട്ടലുടമ ഹാജരാക്കിയിട്ടുള്ളത്. സിനിമാമേഖലയിലെ ചില പ്രമുഖർ ഈ ഹോട്ടലിൽ അപകടദിവസം തങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.