മുംബൈ: റിപ്പബ്ലിക് ടി വി എഡിറ്റർ ഇൻ ചീഫായ അർണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തു. ഇന്ന് രാവിലെ വീട്ടിലെത്തിയാണ് മുംബൈ പൊലീസ് അർണബ് ഗോസ്വാമിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ അർണബിന് പൊലീസ് നോട്ടീസ് നൽകിയിരുന്നു.

2018ൽ ഇന്റീരിയർ ഡിസൈനറായ അൻവായ് നായിക്ക് ആത്മഹത്യ ചെയ്ത കേസിലാണ് അർണാബിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. അതേസമയം പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തെന്നാണ് അർണബിന്റെ പരാതി. പൊലീസിന്റെ പക്കൽ വാറണ്ടും നോട്ടിസും ഒന്നും ഉണ്ടായിരുന്നില്ലെന്ന് അർണാബ് ആരോപിച്ചു. 2018ൽ ഒരു ഇന്റീരിയർ ഡിസൈനറായ വ്യക്തിയും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിൽ അർണാബ് ഗോസ്വാമിക്കെതിരെ കേസെടുത്തിരുന്നു.

കോൺകോർഡ് ഡിസൈൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എം.ഡിയായിരുന്നു അൻവായ് നായിക്. അദ്ദേഹവും അമ്മയും അലിഭാഗിലെ ഫാം ഹൗസിൽ മെയ് 2018ലാണ് ആത്മഹത്യ ചെയ്തത്. അർണാബ് ഗോസ്വാമിയും ഫിറോസ് ഷെയ്ഖ്, നിതീഷ് സാർധ എന്നിവരും ചേർന്ന് തന്റെ കയ്യിൽ നിന്ന് 5.4 കോടി രൂപ വാങ്ങിയിരുന്നുവെന്ന് അൻവായ് നായിക് ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നു.

സ്റ്റുഡിയോ ഡിസൈൻ ചെയ്ത വകയിൽ അർണാബ് ഗോസ്വാമി നൽകാനുള്ള 83 ലക്ഷം രൂപ അൻവായ് നായികിന് നൽകാനുണ്ടെന്നുമായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, ഈ പണമെല്ലാം കൊടുത്തു തീർത്തെന്നാണ് റിപ്പബ്ലിക്ക് ടി.വി പിന്നീട് പ്രതികരിച്ചത്. സംഭവത്തിൽ മെയ് 5ന് അൻവായ് നായികിന്റെ ഭാര്യ അക്ഷിത നായിക് അർണാബ് ഗോസ്വാമിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ആരോപിക്കുന്ന വീഡിയോ പുറത്തുവിടുകയുണ്ടായി.

സംഭവം നടന്നിട്ട് രണ്ട് വർഷമായെന്നും തനിക്ക് നീതി ലഭിക്കാൻ എല്ലാ ഇന്ത്യാക്കാരുടെയും പിന്തുണ വേണമെന്നും അക്ഷിത നായിക് ആവശ്യപ്പെട്ടു. തനിക്കും തന്റെ മകൾക്കും എന്തെങ്കിലും സംഭവിച്ചാൽ അർണാബ് ഗോസ്വാമി, അനിൽ പരസ്‌കർ, സുരേഷ് വാരദേ എന്നിവരാണ് അതിന് ഉത്തരവാദികൾ എ്ന്നും അക്ഷിത നായിക് വീഡിയോയിൽ പറഞ്ഞിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് അമേരിക്കൻ തിരഞ്ഞെടുപ്പു ഫലം വരുന്ന ദിവസം അർണാബിനെ അറസ്റ്റു ചെയ്തത്. നേരത്തെ ടിആർപി കേസിൽ മുംബൈ പൊലീസ് നേരത്തെ റിപ്പബ്ലിക് ടിവിക്കെതിരെ കേസെടുത്തിരുന്നു.