നെടുങ്കണ്ടം: സൈബർ ലോകത്തെ ഇരപിടുത്തക്കാരുടെ ലിസ്റ്റ് നീളുകയാണ്. നിരവധി യുവതികളാണ് സൈബർ ഇടത്തിലൂടെ ചതിക്കുഴിയിൽ വീഴുന്നത്. ഇടുക്കിയിലെ നെടുങ്കണ്ടത്ത് 22കാരനായ യുവാവ് പീഡന കേസിൽ അറസ്റ്റിലായപ്പോൾ പുറത്തുവന്ന വിവരങ്ങൾ കണ്ട് പൊലീസുകാർ മൂക്കത്ത് വിരൽവെക്കുകയാണ്. വിവാഹ വാഗ്ദാനം നൽകി ഇരുപതിലധികം പെൺകുട്ടികളെ പിഡീപ്പിച്ചച്ച പ്രതി ഇരകളാക്കിയവരിൽ വിവാഹിതയായ സ്ത്രീകളും ഉൾപ്പെടും.

തൂക്കുപാലം ബ്ലോക്ക് നമ്പർ 401, കല്ലുപറമ്പിൽ ആരോമൽ (22) ആണ് നെടുങ്കണ്ടം പൊലീസിന്റെ പിടിയിലായത്. സമൂഹമാധ്യമങ്ങൾ വഴിയും നേരിട്ടും പെൺകുട്ടികളുമായി പ്രതി സൗഹൃദം സ്ഥാപിക്കുകയും, ഓൺലൈൻ ചാറ്റിലൂടെ വിവാഹ വാഗ്ദാനം നൽകി ബന്ധം വളർത്തുകയും ചെയ്യും. തുടർന്ന് പെൺകുട്ടികളുടെ ഫോൺ നമ്പർ വാങ്ങി രാത്രികാലങ്ങളിൽ വീഡിയോകോൾ ചെയ്ത് സ്വകാര്യ ചിത്രങ്ങൾ പകർത്തുകയാണ് പ്രതിയുടെ രീതി. പിന്നീട് ഈ ചിത്രംകാട്ടി പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പ്രതി പീഡനം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

വിവാഹിതരായ സ്ത്രീകളും ഇരകളായതായി കണ്ടെത്തിയിട്ടുണ്ട്. ആരോമലിന്റെ വീട്ടിലെ ഡിജിറ്റൽ ഉപകരണങ്ങളും മൊബൈൽ ഫോണും പരിശോധിച്ചപ്പോഴാണ് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ചശേഷമാണ് ഇയാൾ പീഡനത്തിന് കളമൊരുക്കിയതെന്ന് പൊലീസ് പറഞ്ഞു.

പീഡനത്തിനിരയായ പെൺകുട്ടികളിലൊരാൾ നൽകിയ പരാതിയിൽ ഇടുക്കി എസ്‌പി. ആർ.കറുപ്പസ്വാമിയുടെ നിർദേശപ്രകാരം കട്ടപ്പന ഡിവൈ.എസ്‌പി. വി.എ.നിഷാദ് മോൻ, നെടുങ്കണ്ടം സിഐ. ബി.എസ്.ബിനു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ ഫോണിൽ നിരവധി പെൺകുട്ടികളുമായുള്ള സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോയും പൊലീസ് കണ്ടെത്തി.

ദൃശ്യങ്ങളും മറ്റും ഷെയർ ചെയ്തിട്ടുണ്ടാവാം എന്നതിനാൽ പ്രതിയുടെ സുഹൃത്തുക്കളും പൊലീസ് നിരീക്ഷണത്തിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. 20 ലധികം പെൺകുട്ടികളെ പിഡിപ്പിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവാഹിതരായ സ്ത്രീകളെയും ഇയാൾ വലയിൽ വീഴ്‌ത്തിയതായി കണ്ടെത്തിയത്.