തിരുവനന്തപുരം: സെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് വഴുതക്കാട്ടെ ആർട്ടെക് കല്യാണി എന്ന അത്യാഡംബര ഫ്‌ളാറ്റിലെ ഉദ്യോഗസ്ഥരുടെ ഒത്തുചേരലിനെ. ചില വിവരങ്ങളെല്ലാം ചോരുന്നുണ്ട്. അവിടെ ഒരു കേന്ദ്ര ഏജൻസിയുടെ ഉദ്യോഗസ്ഥൻ നിത്യ സന്ദർശകനാണെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ ഞെട്ടലോടെയാണ് ഐഎഎസുകാർ കേട്ടിരുന്നത്. സെക്രട്ടറി റാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥർ മാത്രമാണ് ഈ യോഗത്തിൽ പങ്കെടുത്തതെന്നതാണ് വസ്തുത. ഇത്തരം ഒത്തു ചേരലുകൾ സർക്കാർ അറിയുന്നുണ്ടെന്ന സൂചനയാണ് മുഖ്യമന്ത്രി നൽകിയത്. മറ്റ് വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയതുമില്ല.

കുമാർ എന്ന പേരുള്ള കേന്ദ്ര ഏജൻസിക്കാരൻ ഐഎഎസുകാർക്കിടയിൽ ചുറ്റി തിരിയുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ സംശയം. ഇയാളിലൂടെ വിവരങ്ങൾ പുറത്തു പോകുന്നു. ഇതിനൊപ്പം കേന്ദ്രസ്ഥാപനം കൂടിയായ സായിയിൽ ഐഎഎസുകാർ നിരന്തരം ഒത്തുചേരുന്നുവെന്നും സർക്കാരിന് വിവരം കിട്ടിയിട്ടുണ്ട്. മുൻ ചീഫ് സെക്രട്ടറിയുടെ അടുപ്പക്കാരനായി കൂടിയ വ്യക്തിയാണ് ഈ കുമാർ. കുമാർ പലരോടും പലതരത്തിലാണ് പ്രതികരിക്കുന്നത്. റോ ഉദ്യോഗസ്ഥനാണെന്നും ഐബിക്കാരനാണെന്നും എല്ലാം പറയുന്നു. ഈ സാഹചര്യത്തിലാണ് ഐഎഎസുകാരുടെ ഒത്തുചേരലിനിടെ ഈ തമിഴ്‌നാടുകാരന്റെ സാന്നിധ്യത്തെ ഏറെ സംശയത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസ് കാണുന്നത്. ഇനിയും ഇത്തരം പാർട്ടികൾ പാടില്ലെന്ന മുന്നറിയിപ്പാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നൽകിയത്.

കേന്ദ്ര കായിക മന്ത്രാലയത്തിന്റെ കീഴിലാണ് സായി. ഇതിന്റെ ഒരു കേന്ദ്രത്തിലും ഐഎഎസുകാർ നിരന്തരം ഒത്തുകൂടുന്നു. മുതിർന്ന ഐഎഎസുകാരാണ് ഇവർ. ഒരിക്കലും ആരും വാർത്ത ചോർത്തലിൽ സംശയിക്കേണ്ട സാഹചര്യമൊരുക്കേണ്ടവർ. അവരെ പ്രതിക്കൂട്ടിലാക്കിയാണ് മുഖ്യമന്ത്രി ഐഎഎസുകാരുടെ യോഗത്തിൽ അഞ്ഞടിച്ചത്. ഇതോടെ കൂടുതൽ നിരീക്ഷണങ്ങൾ ഐഎഎസുകാർക്ക് നേരെയുണ്ടാകുമെന്ന സൂചനയാണ് ലഭ്യമാകുന്നത്. ഇത് മനസ്സിലാക്കി ഉദ്യോഗസ്ഥ തല അഴിച്ചു പണിയും ഉണ്ടാകും. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് കാലമായതിനാൽ അതുടൻ ഉണ്ടാകില്ല.

നാല് ഐ.എ.എസ്. പ്രമുഖർ നിരീക്ഷണത്തിലാണ്. തലസ്ഥാനത്തു വഴുതക്കാട്ടെ ആഡംബര ഫ്ളാറ്റിൽ ഒത്തുചേരുന്ന ഉദ്യോഗസ്ഥസംഘം നിർണായക വിവരങ്ങൾ പ്രതിപക്ഷത്തിനു ചോർത്തുന്നതായി സർക്കാരിനു സൂചന ലഭിച്ചിരുന്നു. സംസ്ഥാനത്തു ഭരണമാറ്റമുണ്ടാകുമെന്ന പ്രതീതിയുടെ പശ്ചാത്തലൽ ആണ് ഉദ്യോഗസ്ഥനീക്കമെന്നും ഇന്റലിജൻസ് മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകി. വഴുതക്കാട്ടെ നക്ഷത്ര അപ്പാർട്ട്‌മെന്റിൽ പതിവായി ഒത്തുകൂടുന്നവരെപ്പറ്റി സർക്കാരിനു വിവരം ലഭിച്ചതായി മുഖ്യമന്ത്രി ഐഎഎസുകാരെ അറിയിക്കുകയും ചെയ്തുവെന്നതാണ് വസ്തുത. ഇതിന് വേണ്ടിയാണ് സെക്രട്ടറിമാരുടെ യോഗം വിളിച്ചത്. ജൂനിയർ ഐഎഎസുകാരെ യോഗത്തിൽ പങ്കെടുപ്പിച്ചുമില്ല.

മലയാളികളായ ഐഎഎസുകാരെ അല്ല മുഖ്യമന്ത്രിക്ക് സംശയം. ഒപ്പം നിൽക്കുന്ന ചില ഐ എ എസുകാരാണ് ഒറ്റുകാർ. ഇതിൽ പ്രതിപക്ഷം പരസ്യമായി പ്രതിക്കൂട്ടിൽ നിർത്തുന്ന നോർത്തുകാരനുമുണ്ട്. ഇവർക്കെല്ലാം അതിവിശ്വസ്ത പദവി പിണറായി കൊടുത്തിരുന്നു. ഇവരാണ് വിവരങ്ങൾ ചോർത്തുന്നതെന്നാണ് റിപ്പോർട്ട്. വഴുതാക്കെട്ടെ ടാഗോർ തിയേറ്ററിന് അടുത്ത ഫ്ളാറ്റാണ് ഗൂഢാലോചനാ കേന്ദ്രം. ഈ പ്രദേശമാകെ ഇനി പൊലീസ് നിരീക്ഷണത്തിലാകും. ഞെട്ടിക്കുന്ന വിവരങ്ങളാണ് മുഖ്യമന്ത്രിയെ തേടിയെത്തിയത്. ഭരണം അട്ടിമറിക്കാൻ കൂടെ നിൽക്കുന്നവർ പോലും കള്ളക്കളി നടത്തുന്നുവെന്നാണ് പിണറായി തിരിച്ചറിയുന്നത്. ഫ്‌ളാറ്റിന്റെ പേര് പിണറായി പറഞ്ഞുവെന്നതാണ് ഏറെ നിർണ്ണായകം. ആരാണ് ചോർത്തലുകാരെന്ന് തനിക്കറിയാമെന്ന് ഇതിലൂടെ പറയാതെ പറയുകയായിരുന്നു മുഖ്യമന്ത്രി.

സർക്കാർ ഫയലുകളിൽനിന്നുള്ള വിവരങ്ങൾ ചോരരുതെന്ന് വകുപ്പ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കർശനനിർദ്ദേശം. സെക്രട്ടേറിയറ്റിൽനിന്ന് വിവാദ ഫയലുകളുടെ വിവരങ്ങൾ പുറത്തുവന്നതോടെയാണ് സെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി സ്വരം കടുപ്പിച്ചത്. എവിടെനിന്നാണ് വിവരങ്ങൾ ചോരുന്നതെന്ന് അറിയാമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള നീക്കം ഉണ്ടാകരുത്. ഉത്തമബോധ്യത്തിൽ തീരുമാനമെടുക്കുന്നതിന് ഉദ്യോഗസ്ഥർക്ക് സംരക്ഷണം ഉണ്ടാകും. തീരുമാനങ്ങളെടുക്കുന്നതിൽ അനാവശ്യ ആശങ്കകൾ ഉണ്ടാകേണ്ട കാര്യമില്ലെന്നും ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി ഉറപ്പുനൽകി.

മുൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ കണ്ണിലെ മറ്റൊരു കരടായിരുന്നു ബി അശോക് ഐ എ എസ്.. അതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തെത്തിയത് ബി അശോകിലൂടെയാണെന്ന വിലയിരുത്തൽ മുഖ്യമന്ത്രിയുടെ ഓഫീസിനുണ്ട്. ഇതിനൊപ്പം പമ്പാ മണൽ കടത്ത് ചർച്ചയായതും ഈ വഴിക്കാണെന്നാണ് വിലയിരുത്തൽ. ഇതിന് സമാനമായി മറ്റ് പല മലയാളികളായ ഐഎഎസുകാരും സർക്കാരിന് എതിരാണ്. താൽകാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എഴുതിയ വാട്സാപ്പ് കുറിപ്പും ഇതിനിടെ ചർച്ചയായിരുന്നു. എന്നാൽ ഇവരൊന്നുമല്ലെ പ്രധാന ചോർത്തലുകാർ എന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ.

ഇതോടെയാണ് ഐഎഎസുകാരെ കുറിച്ച് സർക്കാരിന് സംശയങ്ങൾ ഉയർന്നത്. അന്വേഷണത്തിന് സ്പെഷ്യൽ ബ്രാഞ്ചിനെ നിയോഗിക്കുകയും ചെയ്തു. ഇതാണ് ഐഎഎസുകാർ വിവരങ്ങൾ ചോർത്തുന്നുവെന്ന നിഗമനത്തിലേക്ക് എത്തിയത്. അതും പ്രതീക്ഷിക്കാത്ത പേരുകാർ.