തിരുവനന്തപുരം: നഗരസഭ മേയർ ആര്യ രാജേന്ദ്രനെതിരേ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കെ. മുരളീധരൻ എംപി.ക്കെതിരേ കേസെടുത്ത് പൊലീസ്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ കെ. മുരളീധരനെതിരേ മേയർ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് കേസെടുത്തത്.

മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിൽ ഐപിസി 354 .., 509 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മേയറുടെ പരാതിയിൽ പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. നിയമോപദേശം ലഭിച്ചതിന് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തണമോ എന്നകാര്യം പൊലീസ് തീരുമാനിക്കും. പരാമർശത്തിനെതികെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ആര്യാ രാജേന്ദ്രൻ പൊലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ ദിവസം കോർപ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരെ തിരുവനന്തപുരം ഡി.സി.സി. സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നതിനിടെയാണ് കോൺഗ്രസ് നേതാവും എംപി.യുമായ കെ. മുരളീധരൻ മേയർക്കെതിരേ വിവാദപരാമർശം നടത്തിയത്. മേയർ ആര്യ രാജേന്ദ്രനെ കാണാൻ ഭംഗിയൊക്കെയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണിപ്പാട്ടിനെക്കാൾ ഭീകരമായ വാക്കുകളാണെന്നായിരുന്നു മുരളീധരന്റെ പരാമർശം.

ആര്യയെ പോലെ ഒരുപാട്‌പേരെ ഈ നഗരസഭ കണ്ടിട്ടുണ്ട്. ഇതൊക്കെ മഴയത്ത് തളിർത്തതാണ്, മഴ കഴിയുമ്പോൾ അവസാനിച്ചോളുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുരളീധരന്റെ പരാമർശം വിവാദമായതോടെ ഇടതുനേതാക്കളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പിന്നാലെ പരാമർശത്തിൽ മുരളീധരൻ ഖേദം പ്രകടിപ്പിച്ചു. പല പ്രഗൽഭരും ഇരുന്ന കസേരിയിൽ ഇരിക്കുന്ന ഇപ്പോഴത്തെ മേയർ അതനുസരിച്ച് പക്വത കാണിച്ചില്ലെന്നാണ് താൻ സൂചിപ്പിച്ചത്. താൻ പറഞ്ഞതിൽ അവർക്ക് പ്രയാസമുണ്ടായെങ്കിൽ ഖേദിക്കുന്നു. താൻ കാരണം ആർക്കും മാനസിക പ്രയാസമുണ്ടാകരുതെന്നാണ് ആഗ്രഹം. കേസുമായി മേയർ മുന്നോട്ട് പോകുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ല. തന്റെ സംസ്‌ക്കാരത്തിന് മാർക്കിടാൻ തക്കവണ്ണം മാർക്‌സിസ്റ്റ് പാർട്ടിയിൽ ആരുമില്ലെന്നും ആയിരുന്നു ഖേദം പ്രകടിപ്പിച്ച് മുരളീധരൻ പറഞ്ഞത്. എന്നാൽ പക്വത അളക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആര്യയും തിരിച്ചടിച്ചിരുന്നു.

പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ മുരളീധരൻ രംഗത്തെത്തിയെങ്കിലും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മേയർ ആര്യ വ്യക്തമാക്കിയിരുന്നു.

തെറ്റ് തിരിച്ചറിഞ്ഞ് ഖേദം പ്രകടിപ്പിച്ചതിനെ ആ രീതിയിൽ തന്നെ സ്വീകരിക്കുന്നു. എന്നാൽ നിയമപരമായി നൽകിയിട്ടുള്ള പരാതിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി. ''എന്റെ പ്രവർത്തിയിൽ നിന്നാണ് എന്റെ പക്വത തീരുമാനിക്കേണ്ടത്. അതിന് സമയമായിട്ടില്ല. ഈ ഭരണ സമിതി ചുമതലയേറ്റതിന് ശേഷം നിരവധി പ്രവർത്തനങ്ങൾ കോർപ്പറേഷൻ ഏറ്റെടുത്തിട്ടുണ്ട്. അതൊന്നും മേയറുടെ പ്രത്യേക കഴിവുകൊണ്ടൊന്നുമല്ല. എന്തെങ്കിലും പ്രത്യേക കഴിവുള്ളതുകൊണ്ടാണ് ഞാൻ മേയറായതെന്നും കരുതുന്നില്ല. ഇവിടെ ആര് മേയറായി വന്നാലും മുന്നോട്ടുപോകാനുള്ള ഒരു സംവിധാനം ഇവിടെയുണ്ട്. ആ സംവിധാനത്തിന്റെ ഭാഗമായിട്ടാണ് എല്ലാവരും പ്രവർത്തിക്കുന്നത്.''

''ഇടതുപക്ഷ പ്രസ്ഥാനം ഉയർത്തിക്കാണിക്കുന്ന നയത്തിന്റെ ഭാഗമായി തീരുമാനങ്ങളെടുക്കാനുള്ള രാഷ്ട്രീയ ബോധം എനിക്കുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കുന്നുമുണ്ട്. ആരു തന്നെയായാലും യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും സ്ത്രീകളുടെയും പക്വത തീരുമാനിക്കേതില്ല. ഞാൻ വളർന്നുവന്നത് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നാണ്. രാഷ്ട്രീയത്തിൽ ഞാൻ പ്രതിനിധീകരിക്കുന്നത് വിദ്യാർത്ഥികളെയും യുവജനങ്ങളെയും സ്ത്രീകളെയുമാണ്. അതുകൊണ്ട് തന്നെ ആ വിഭാഗങ്ങളിൽപ്പെടുന്ന എല്ലാവരുടെയും പക്വത അളക്കുന്ന അളവുകോലായി മാറാൻ ആരെയും അനുവദിക്കില്ലെന്ന് സമൂഹം ഇതിനകം തെളിയിച്ചുകഴിഞ്ഞതാണെന്ന്.'' ആര്യ രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.