മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് പാർട്ടിക്കിടെ അറസ്റ്റിലായ ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷയിൽ മജിസ്‌ട്രേറ്റ് കോടതിയിൽ വാദം തുടരുകയാണ്. കൂടുതൽ അന്വേഷണം വേണ്ടതിനാൽ ജാമ്യം നൽകരുതെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കോടതിയെ അറിയിച്ചു.

അതേസമയം, നാർകോട്ടികസ് കൺട്രോൾ ബ്യൂറോ ഓഫിസിൽ നിന്ന് ആര്യൻ ഖാനേയും മറ്റ് പ്രതികളേയും ജയിലിലേക്ക് മാറ്റി. പുരുഷന്മാരെ ആർതർ റോഡ് ജയിലിലേക്കും സ്ത്രീകളെ ബൈക്കുള ജയിലിലേക്കുമാണ് കൊണ്ടുപോകുക. ജാമ്യം ലഭിക്കാത്ത പക്ഷം താരപുത്രൻ ഇതോടെ ഇന്ന് രാത്രി അന്തിയുറങ്ങുക ജയിലിലായിരിക്കും. മെഡിക്കൽ പരിശോധനക്ക് ശേഷമാണ് ഇവരെ ജയിലുകളിലേക്ക് കൊണ്ടുപോയത്. ആര്യൻ ഖാനടക്കമുള്ള 8 പ്രതികളുടേയും കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്.

ജാമ്യേപേക്ഷയിൽ വാദം നടന്നുകൊണ്ടിരിക്കെ ഷാരൂഖ് ഖാനോ ഗൗരിഖാനോ കോടതിയിൽ ഹാജരായിരുന്നില്ല. എന്നാൽ ഇവർക്ക് ജയിലിലെത്തി മകനെ സന്ദർശിക്കാവുന്നതാണ്. കുടുംബാംഗങ്ങൾക്ക് പ്രതികളെ സന്ദർശിക്കാമെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ആര്യൻ ഖാനൊപ്പം മറ്റ് ഏഴ് പ്രതികളേയും ഇന്നലെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പ്രതികളെ വിട്ടത്.

ആര്യൻഖാനേയും മറ്റ് പ്രതികളേയും ഒക്‌ടോബർ 11 വരെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻ.സി.ബി ആവശ്യം. എന്നാൽ, ആര്യൻ ഖാന് മയക്കുമരുന്ന് നൽകിയെന്ന് സംശയിക്കുന്നു അർച്ചിറ്റ് കുമാറിനെ മാത്രം ഒക്‌ടോബർ ഒമ്പത് വരെ കസ്റ്റഡിയിൽ വിട്ട കോടതി മറ്റുള്ളവരെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി. അതേസമയം ഇനി എൻ.സി.ബി കസ്റ്റഡി ആവശ്യമില്ലെന്ന് ആര്യൻ ഖാന്റെ അഭിഭാഷകനും വാദിച്ചിരുന്നു.

ഒക്‌ടോബർ മൂന്നിനാണ് ആഡംബര കപ്പലിൽ നിന്ന് ആര്യൻ ഖാനെ എൻ.സി.ബി സംഘം അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് പാർട്ടിക്കിടയിലായിരുന്നു എൻ.സി.ബി സംഘത്തിന്റെ അറസ്റ്റ്. തുടർന്ന് ചോദ്യം ചെയ്യലിനൊടുവിൽ ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ പ്രതിയാക്കുകയായിരുന്നു. അതേസമയം സംഭവത്തിൽ ആര്യൻ ഖാന് പിന്തുണയുമായി ബോളിവുഡിൽ നിരവധി പേർ രംഗത്തുണ്ട്.

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് പിന്തുണയുമായി ദീർഘമായ കത്തുമായി ഹൃത്വിക് റോഷൻ രംഗത്ത് എത്തിയിരുന്നു. ഇപോഴിതാ ഹൃത്വികിന്റെ പിന്നാലെ ആര്യൻ ഖാന് പിന്തുണയുമായി നടി രവീണ ടണ്ടനും രംഗത്ത് എത്തിയിരിക്കുകയാണ്. അപമാനകരമായ രാഷ്ട്രീയം കളിക്കുന്നു ഒരു യുവാവിന്റെ ജീവിതവും ഭാവിയുംവെച്ച് അവർ കളിക്കുന്നു. ഹൃദയഭേദകമാണ് എന്നാണ് രവീണ ടണ്ടൻ എഴുതിയിരിക്കുന്നത്. മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി നടക്കവേയാണ് ആര്യൻ ഖാൻ അടക്കമുള്ളവർ അറസ്റ്റിലായത്. ആര്യൻ ഖാന്റെയും കൂട്ട് പ്രതികളുടെയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. കപ്പലിൽ പരിപാടികൾ സംഘടിപ്പിച്ച കമ്പനിയിലെ നാല് പേരുടെ അറസ്റ്റും കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.