മുംബൈ: ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരി മരുന്നു കേസിൽ നാർക്കോടിക് കൺട്രോൾ ബ്യൂറോക്ക് വീണ്ടും തിരിച്ചടി. ആര്യൻ ഖാനും സുഹൃത്ത് അർബാസ് മർച്ചന്റിനും മയക്കുമരുന്ന് വിറ്റുവെന്ന കുറ്റം ചുമത്തി നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തയാൾ കുറ്റക്കാരനാണെന്നതിന് തെളിവില്ലെന്ന് കോടതി കണ്ടെത്തി. ശിവരാജ് ഹരിജൻ എന്നയാൾക്കാണ് തെളിവുകളുടെ അഭിമാവത്തിൽ കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്.

ഇന്നലെയാണ് ഇതുസംബന്ധിച്ച കോടതി ഉത്തരവ് ലഭ്യമായത്. ആര്യനും അർബാസ് മർച്ചന്റിനും ശിവരാജ് ഹരിജൻ മയക്കുമരുന്ന് വിറ്റു എന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ ചൂണ്ടിക്കാട്ടി. ശിവരാജ് ഹരിജൻ മയക്കുമരുന്ന് വിൽപ്പനക്കാരനാണ് എന്ന എൻ.സി.ബി വാദത്തിനും അടിസ്ഥാനമില്ല -കോടതി വ്യക്തമാക്കി.

ഒക്ടോബർ മൂന്നിനാണ് ആഡംബരക്കപ്പലിൽ നടന്ന പാർട്ടിക്കിടെ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിലാകുന്നത്. പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചെന്നായിരുന്നു എൻ.സി.ബി ആരോപിച്ചത്. ഒക്ടോബർ 28ന് ആര്യനും സുഹൃത്തുക്കളായ അർബാസ് മർച്ചന്റിനും മുൺമുൺ ധമേച്ഛക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഒരു മാസത്തോളം നീണ്ട ജയിലിൽ കിടന്ന ശേഷമാണ് ആര്യൻ ഖാന് ജാമ്യം അനുവദിച്ചത്. ആര്യൻ പുറത്തിറങ്ങിയപ്പോൾ മകന്റെ ജീവിതത്തിൽ ചില മുൻകരുതലുകൾ ഷാരൂഖ് നടത്തുകയാണെന്ന് റിപ്പോർട്ടുകളും പുറത്തുവരികയുണ്ടായി. ആര്യൻ ഖാന് ജീവിതപാഠങ്ങളും ഉപദേശങ്ങളും നൽകാൻ ലൈഫ് കോച്ചിനെ ഷാരൂഖ് നിയമിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

നടൻ ഹൃത്വിക് റോഷന്റെ മാർഗനിർദേശിയായിരുന്ന അർഫീൻ ഖാൻ ആണ് ആര്യന്റെ കോച്ച്. ലഹരി മരുന്ന് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞപ്പോഴുണ്ടായ മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങൾ മറികടക്കാൻ വേണ്ടിയാണ് ലൈഫ് കോച്ചിനെ നിയമിച്ചിരിക്കുന്നതെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ.

സൂസനുമായുള്ള വിവാഹമോചന സമയത്ത് ഹൃത്വികിനുണ്ടായ പ്രശ്‌നങ്ങൾ മറികടക്കാൻ സഹായിച്ചത് ആർഫീൻ ഖാൻ ആയിരുന്നു. ആര്യന്റെ അറസ്റ്റ് മുതൽ പിന്തുണയുമായി ഹൃത്വിക് റോഷൻ ഒപ്പമുണ്ടായിരുന്നു. ആര്യന് വേണ്ടി സമൂഹമാധ്യമങ്ങളിൽ ശക്തമായ ഇടപെടൽ ഹൃത്വിക് നടത്തിയിരുന്നു.

അതേസമയം, ആര്യൻ ഖാൻ ലഹരി ഇടപാടിനായി ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നു ബോംബെ ഹൈക്കോടതി അറിയിച്ചിരുന്നു. ആര്യൻ, സുഹൃത്ത് അർബാസ് മെർച്ചന്റ്, മോഡൽ മുൺമുൺ ധമേച്ഛ എന്നിവർ ഗൂഢാലോചന നടത്തിയതിന് തെളിവായി എൻസിബി വാട്‌സ് ആപ്പ് ചാറ്റുകൾ ഹാജരാക്കിയിരുന്നു. എന്നാൽ, ഗൂഢാലോചന തെളിയിക്കാൻ ഇത് പര്യാപ്തമല്ലെന്ന് കോടതി വ്യക്തമാക്കി. ലഹരി മരുന്നൊന്നും ആര്യനിൽ നിന്ന് കണ്ടെടുത്തിട്ടില്ലെങ്കിലും ലഹരി മാഫിയയുമായി ചേർന്ന് ആര്യൻ ഗൂഢാലോചന നടത്തിയെന്നാണ് എൻസിബി വാദിച്ച് കൊണ്ടിരുന്നത്. ആരോപണങ്ങൾക്കെല്ലാം തെളിവായി നിരത്തിയത് വാട്‌സ് ആപ്പ് ചാറ്റുകളുമായിരുന്നു.