ധാക്ക: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ബം​ഗ്ലാദേശിൽ ശക്തമായ പ്രതിഷേധം. ബംഗ്ലാദേശിലെ തുറമുഖ നഗരമായ ചിറ്റഗോങ്ങിൽ പ്രതിഷേധത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു. ചിറ്റഗോങ്​ അസിസ്റ്റൻറ്​ സബ്​ ഇൻസ്​പെക്​ടർ അലാവുദ്ദീൻ താൽകദേറാണ് നാല്​ പേർ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചത്. ബംഗ്ളാദേശ് സ്വതന്ത്രമായതിന്റെ സുവർണ ജൂബിലിയുടെ ഭാഗമായാണ് മോദിയുടെ സന്ദർശനം.

ചിറ്റഗോങ്ങിൽ വെള്ളിയാഴ്ച പ്രാർത്ഥനക്ക്​ ശേഷം ജനങ്ങൾ മോദിക്കെതിരെ മുദ്രവാക്യം വിളികളുമായി അണിനിരന്നു. പ്രതിഷേധക്കാരെ തടയാൻ പൊലീസ്​ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ഇത്​ മറികടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ പൊലീസ്​ ടിയർഗ്യാസ്​ പ്രയോഗിക്കുകയും റബ്ബർ ബുള്ളറ്റ്​ ഉ​പയോഗിച്ച്​ വെടിവെക്കുകയും ചെയ്​തു. തുടർന്ന്​ ലാത്തിച്ചാർജുമുണ്ടായി. ഈ സംഘർഷത്തിലാണ്​ നാല്​ പേർ കൊല്ലപ്പെട്ടത്​. അതേസമയം, ബം​ഗ്ലാദേശിന്റെ ദേശീയ ദിന പരിപാടിയിൽ പങ്കെടുത്ത മോദി, താൻ ബം​ഗ്ലാദേശിന്റെ മോചനത്തിനായി ജയിൽവാസം അനുഭവിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടി.

'ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമരം എന്റെ രാഷ്ട്രീയ ജീവിതത്തിലും പ്രധാനപ്പെട്ടതാണ്. ഞാനും എന്റെ സുഹൃത്തുക്കളും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സത്യഗ്രഹം നടത്തി. ഈ സമയത്താണ് ഞാൻ ജയിലിൽ പോകുന്നത്. അന്ന് ഞങ്ങൾക്ക് 20 വയസ്സായിരുന്നു പ്രായം'-മോദി പറഞ്ഞു.

പ്രശസ്തമായ മുജീബ് ജാക്കറ്റ് ധരിച്ചായിരുന്നു മോദി പരിപാടിക്കെത്തിയത്. തന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിനമാണിതെന്നും പരിപാടിയിൽ എന്നെ ക്ഷണിച്ചതിൽ നന്ദിയുണ്ടെന്നും മോദി പറഞ്ഞു. ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ പങ്കും മോദി ഓർമ്മിപ്പിച്ചു. ധാക്കയിൽ ബംഗ്ലാദേശ് ദേശീയ ദിന പരിപാടിയിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കും പ്രസിഡന്റ് അബ്ദുൽ ഹമീദിനുമൊപ്പമാണ് മോദി പങ്കെടുത്തത്.

ഇന്ന് രാവിലെയാണ് മോദി ബം​ഗ്ലാദേശിലെത്തിയത്. ധാക്ക വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയെ ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേയ്‌ഖ് ഹസീന നേരിട്ടെത്തി സ്വീകരിച്ചു. കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മോദി ഒരു വിദേശ രാജ്യം സന്ദർശിക്കുന്നത്. ബംഗ്ളാദേശ് പ്രസിഡന്റ് അബ്‌ദുൾ ഹമീദുമായി കൂടിക്കാഴ്‌ച നടത്തുന്ന പ്രധാനമന്ത്രി, ഇരുരാജ്യങ്ങളും തമ്മിലുള്ള നിർണായകമായ നയതന്ത്ര ചർച്ചകളിൽ പങ്കെടുക്കും. അതോടൊപ്പം ബംഗ്ളാദേശിലെ പ്രസിദ്ധമായ ജഷോറേശ്വരി, ഓറക്കണ്ടി എന്നീക്ഷേത്രങ്ങളിലും അദ്ദേഹം ദർശനം നടത്തും.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് മാത്രമായി ഉപയോഗിക്കാനുള്ള എയർ ഇന്ത്യ വൺ ( എ.ഐ 160) വിമാനത്തിലാണ് നരേന്ദ്ര മോദി ധാക്കയിലറങ്ങിയത്. യു.എസ് പ്രസിഡന്റിന്റെ എയർഫോഴ്സ് വണ്ണിനോടു കിടപിടിക്കുന്ന സുരക്ഷാ സന്നാഹങ്ങളാണ് വിമാനത്തിലുള്ളത്. 8458 കോടിയാണ് ഇതിന്റെ വില. ആഡംബര സൗകര്യങ്ങൾ, പത്രസമ്മേളന മുറി, മെഡിക്കൽ സജ്ജീകരണങ്ങൾ എന്നിവയെല്ലാം പ്രത്യേകമായി ഉൾപ്പെടുത്തിയാണ് ബോയിങ് 777 എയർ ഇന്ത്യ സജ്ജമാക്കിയത്. വൈഫൈ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേഴ്സ്,​ സെൽഫ് പ്രൊട്ടക്ഷൻ സ്യൂട്ട്സ്,​ മിസൈൽ പ്രതിരോധ സംവിധാനം എന്നിവ വിമാനത്തിലുണ്ടാകും.

ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേഴ്സ് വലിയ വിമാനങ്ങളെ ഇൻഫ്രാറെഡ് പോർട്ടബിൾ മിസൈലുകളിൽ നിന്നു സംരക്ഷിക്കും. ഇൻഫ്രാറെഡ് സെൻസറുകളാണു മിസൈലിന്റെ ദിശ മനസിലാക്കുക. വിമാനത്തിൽ നിന്ന് പല ദിശകളിലായി പുറപ്പെടുവിക്കുന്ന തീനാളങ്ങൾ മിസൈലുകളുടെ ഗതി മാറ്റും. ഇതിനായി പൈലറ്റ് ഒന്നും ചെയ്യേണ്ട. ശത്രു റഡാറുകൾ സ്‌തംഭിപ്പിക്കുന്ന ജാമറുകളും വിമാനത്തിലുണ്ട്.

വിമാനത്തിനുള്ളിൽ നിന്ന് തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാവുന്ന വിപുലമായ വാർത്താവിനിമയ സംവിധാനം, ശസ്ത്രക്രിയ ഉൾപ്പടെയുള്ള ചികിത്സ സൗകര്യങ്ങൾ, ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്‌ക്കാനുള്ള സൗകര്യങ്ങൾ, ആണവ സ്‌ഫോടനത്തിന്റെ ആഘാതത്തിൽ പോലും ക്ഷതമേൽക്കില്ല തുടങ്ങി അമ്പരപ്പിക്കുന്ന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമാണ് ഈ വിമാനത്തിലുള്ളത്.എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡാണ് വിമാനത്തിന്റെ പരിപാലന ചുമതല നിർവഹിക്കുന്നത്.