ആയൂർ: സോഷ്യൽ മീഡിയാ ഉപയോഗം കുടുംബന്ധങ്ങളെ ബാധിക്കുന്നത് എങ്ങനെയാണെന്ന സംഭവത്തിന്റെ തെളിവാണ് കൊല്ലം ആയൂർ ഇടമുളയ്ക്കൽ തുമ്പിക്കുന്ന് ഷാൻ മൻസിലിൽ ആതിര (28) പൊള്ളലേറ്റു മരിച്ച സംഭവം. സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ അപ്ലോഡ് ചെയ്ത സംഭവത്തിൽ തുടങ്ങിയ തർക്കം കൊലപാതകത്തിൽ കാലാശിക്കുകയായിരുന്നു.

സംഭവത്തിൽ മാതാവ് അമ്പിളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒപ്പം താമസിച്ചിരുന്ന ഷാനവാസിനെതിരെ കൊലപാതകത്തിനു പൊലീസ് കേസെടുത്തു. പുനലൂർ ഡിവൈഎസ്‌പി എം.എസ്.സന്തോഷിനാണ് അന്വേഷണച്ചുമതല. സമൂഹ മാധ്യമത്തിൽ അപ്ലോഡ് ചെയ്ത വിഡിയോയിൽ രേഖപ്പെടുത്തിയ കമന്റിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്നും പൊലീസ് പറഞ്ഞു.

ആതിരയുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ ലഭിക്കാൻ അന്വേഷണ സംഘം സൈബർ സെല്ലിന് അപേക്ഷ നൽകി. ഇരുവരും ഒന്നിച്ചുള്ളതും ആതിരയുടെ ഒറ്റയ്ക്കുള്ളതുമായ വിഡിയോകൾ സമൂഹ മാധ്യമത്തിൽ അപ്ലോഡ് ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. തർക്കത്തെത്തുടർന്നു ഷാനവാസ്, മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയെന്ന് ആതിര പറഞ്ഞതായാണ് മാതാവ് അമ്പിളി പൊലീസിൽ മൊഴി നൽകിയത്. പൊള്ളലേറ്റു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആതിര മരിച്ചത്.

പൊള്ളലേറ്റു തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഷാനവാസിനെ അപകട നില തരണം ചെയ്തതോടെ വാർഡിലേക്ക് മാറ്റി. രണ്ടു വർഷത്തോളമായി ആതിരയും ഷാനവാസും ഒന്നിച്ചായിരുന്നു താമസം. ഇവർക്കു 3 മാസം പ്രായമായ കുട്ടിയുമുണ്ട്. ആതിര വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമാണ്. ഷാനവാസിനും ആദ്യ വിവാഹത്തിൽ രണ്ടു കുട്ടികളുണ്ട്. ഈ കുട്ടികളും ഇവർക്കൊപ്പമായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്‌ച്ചയായിരുന്നു ചൊവ്വാഴചയായിരുന്നു നാടിന നടുക്കിയ സംഭവം നടന്നത്. രണ്ട് വർഷത്തോളമായി ആതിരയും ഷാനവാസും ഇടമുളയ്ക്കൽ തുമ്പിക്കുന്നിലെ വീട്ടിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം നടന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായതായാണ് വിവരം. ഈ വഴക്കിനെ തുടർന്ന് ഷാനവാസ് തന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തിയെന്നാണ് ആതിര ആശുപത്രിയിൽ നിന്ന് ഡോക്ടർമാരോടും ബന്ധുക്കളോടും പറഞ്ഞത്. പൊള്ളലേറ്റ ഷാനവാസും ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഇവർ തമ്മിലുള്ള തർക്കത്തിന് കാരണമായി വീഡിയോ പൊലീസ് പരിശോധിക്കും. ഇതിനായി ആതിരയുടെ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇത് പരിശോധിച്ചു വരികയാണ്. ഷാനവാസും ആതിരയും നേരത്തെ വിവാഹം കഴിച്ചവരാണ്. കാര്യമായ പൊള്ളലേറ്റ ഷാനവാസിനെ ആരോഗ്യം മെച്ചപ്പെട്ടതിന് ശേഷം കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് നീക്കം. സംഭവത്തിന് ദൃക്സാക്ഷികളുണ്ടെന്നാണ് സൂചന. ആതിരയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ട കാഴ്ച ഭയാനകമായിരുന്നു. ശരീരത്തിൽ തീ പടർന്ന് ഒടുന്ന ആതിരെയായാണ് നാട്ടുകാർ കണ്ടത്. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.