കണ്ണൂർ: ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്ന വിവരമറിഞ്ഞെത്തിയ എസ്‌ഐയെയും വനിതാ പൊലീസിനെയും ആക്രമിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. എളയാവൂർ ക്ഷേത്രത്തിന് സമീപത്തെ ശ്രീലക്ഷ്മി നിലയത്തിൽ രവീന്ദ്രനെ(57)യാണ് അറസ്റ്റു ചെയ്തത്.

പ്രവാസിയായിരുന്ന ഇയാൾ സമീപകാലത്തായി ഒരു സഹകരണ സംഘത്തിലെ വാച്ച്മാനായി ജോലി ചെയ്തു വരികയായിരുന്നു. പലപ്പോഴായി ഭാര്യയെയും പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെയും ഉപദ്രവിക്കുന്നത് പതിവായിരുന്നു. പരാതി അന്വേഷിക്കാനായി വീട്ടിലെത്തിയ എസ്‌ഐ രാജീവനെ മർദ്ദിക്കുകയും യൂണിഫോം വലിച്ചു കീറുകയും കൂടെയുണ്ടായിരുന്ന വനിതാ പൊലീസിനെ അപമാനിച്ച് മാനഹാനി വരുത്തുകയും ചെയ്തതോടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയിരുന്നു.

ഞായറാഴ്‌ച്ച വൈകുന്നേരമാണ് സംഭവം.പരിക്കേറ്റ പൊലീസുകാർ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.