തിരുവനന്തപുരം: വ്യാപാരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാ സംഘത്തിലെ പ്രധാന പ്രതികൾ അറസ്റ്റിലായി. ഒന്നും രണ്ടും പ്രതികളായ പള്ളിപ്പുറം സിആർപിഎഫ് പുതുവൽ പുത്തൻ വീട് സെമിനാ മൻസിലിൽ ഷാനു എന്ന് വിളിക്കുന്ന ഷാനവാസ് (36), ആലംകോട് നഗരൂർ കൊടുവന്നൂരിൽ റംസി മൻസിലിൽ റിയാസ് ( 32) എന്നിവരെയാണ് മംഗലപുരം പൊലീസ് പിടികൂടിയത്.

ഈ മാസം 18ന് വൈകുന്നേരം ആറു മണിയോടെയാണ് സിആർപിഎഫ് ജങ്ഷനിലുള്ള ബേക്കറിയിൽ അതിക്രമിച്ച് കയറി കടയുടമയായ സജാദിനെ നാലംഗ ഗുണ്ടാ സംഘം മാരകമായി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. സജാദിന്റെ കഴുത്തിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കുത്തേറ്റിരുന്നു.

പ്രതികൾക്കെതിരെ വധശ്രമം, പിടിച്ചുപറി ഉൾപെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് മംഗലപുരം സിഐ തോംസൺ പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ട് പ്രതികളായ കരിക്ക് അൻസാർ എന്ന് വിളിക്കുന്ന അൻസാർ, ചിറയിൻകീഴ് സ്വദേശി ഫിറോസ് എന്നിവർ ഒളിവിലാണ്. കൊലക്കേസ് ഉൾപ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 20 ഓളം കേസുകളാണ് പിടിയിലായ ഒന്നാം പ്രതി ഷാനുവിനെതിരെയുള്ളത്. രണ്ടാം പ്രതിയായ റിയാസിനെതിരേ നിരവധി കേസുകൾ നിലവിലുള്ളതായും പൊലീസ് പറഞ്ഞു.

ഒന്നാം പ്രതിയായ ഷാനുവിനെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പച്ചക്കറികട, ബേക്കറി, ഷാനുവിന്റെ വീട്, പ്രതി രാത്രികാലങ്ങളിൽ തങ്ങുന്ന താവളം എന്നിവിടങ്ങളിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.