ഡ്ലെയ്ഡ്: മിച്ചൽ സ്റ്റാർക്കിന് ഇന്ത്യയുടെ മറുപടി രവിചന്ദ്ര അശ്വിനിലൂടെ. 4 വിക്കറ്റ് നേടിയ അശ്വിന്റെ സ്പിൻ കരുത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ ഒന്നാം ഇന്നിങ്ങ്‌സിൽ 191 റൺസിലൊതുക്കി.ഇതോടെ ഒന്നാം ഇന്നിങ്ങ്‌സിൽ ഇന്ത്യക്ക് 53 റൺസിന്റെ ലീഡായി ക്യാപ്റ്റൻ ടിം പെയ്‌ന്റെ പോരാട്ടവീര്യത്തിനും ഒന്നാം ഇന്നിങ്‌സിൽ ആതിഥേയരായ ഓസ്‌ട്രേലിയയെ രക്ഷിക്കാനായില്ല.വിക്കറ്റ് വീഴ്ചയ്ക്കിടയിലും ഒരറ്റത്തു പിടിച്ചുനിന്ന് അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ടിം പെയ്‌നാണ് ഓസീസിന്റെ ടോപ് സ്‌കോറർ. പെയ്ൻ 99 പന്തിൽ 10 ഫോറുകൾ സഹിതം 73 റൺസുമായി പുറത്താകാതെ നിന്നു.

ഇന്ത്യൻ നിരയിൽ 18 ഓവറിൽ 55 റൺസ് വഴങ്ങിയായിരുന്നു സ്പിന്നർ രവിചന്ദ്രൻ അശ്വിൻ നാലു വിക്കറ്റ് വീഴ്‌ത്തിയത്. ഉമേഷ് യാദവ് മൂന്നും ജസ്പ്രീത് ബുമ്ര രണ്ടും വിക്കറ്റ് വീഴ്‌ത്തി. ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 244 റൺസാണ് നേടിയത്. അതേസമയം, വാലറ്റക്കാർക്കു മുന്നിൽ വിറയ്ക്കുന്ന പതിവ് ഒരിക്കൽക്കൂടി ഇന്ത്യൻ ബോളർമാർ ആവർത്തിക്കുന്നതും കണ്ടു. 111 റൺസിനിടെ ഏഴു വിക്കറ്റുകൾ വീഴ്‌ത്തിയ ഇന്ത്യയ്ക്കെതിരെ, അവസാന മൂന്നു വിക്കറ്റിൽ മാത്രം 80 റൺസാണ് ഓസീസ് താരങ്ങൾ അടിച്ചുകൂട്ടിയത്.

പെയ്‌നെയും ഓസീസിന്റെ രണ്ടാമത്തെ ടോപ് സ്‌കോററായ മാർനസ് ലബുഷെയ്‌നെയും ഇന്ത്യൻ ഫീൽഡർമാർ ക്യാച്ചുകൾ കൈവിട്ട് 'സഹായിച്ചി'രുന്നു. ലബുഷെയ്ൻ 119 പന്തിൽ ഏഴു ഫോറുകളോടെ 47 റൺസെടുത്തു. ഇന്ത്യൻ ഫീൽഡർമാർ മൂന്നു തവണ ക്യാച്ചുകൾ കൈവിട്ടതിന്റെ ബലത്തിലാണ് ലബുഷെയ്ൻ 47 റൺസെടുത്തത്. പൂജ്യം, 12, 21 എന്നീ സ്‌കോറുകളിൽ വച്ച് വൃദ്ധിമാൻ സാഹ, ജസ്പ്രീത് ബുമ്ര, പൃഥ്വി ഷാ എന്നിവരാണ് ലബുഷെയ്‌ന്റെ ക്യാച്ച് നഷ്ടമാക്കിയത്.

ഇവർക്കു പുറമെ ഓസീസ് ഇന്നിങ്‌സിൽ രണ്ടക്കം കണ്ടത് മൂന്നു പേർ മാത്രം. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന കാമറൂൺ ഗ്രീൻ (24 പന്തിൽ 11), വാലറ്റക്കാരായ മിച്ചൽ സ്റ്റാർക്ക് (16 പന്തിൽ 15), നഥാൻ ലയൺ (21 പന്തിൽ 10) എന്നിവരാണ് ഓസീസ് ഇന്നിങ്‌സിൽ രണ്ടക്കം കണ്ട മറ്റുള്ളവർ. ഓപ്പണർമാരായ മാത്യു വെയ്ഡ് (51 പന്തിൽ എട്ട്), ജോ ബേൺസ് (41 പന്തിൽ എട്ട്), സ്റ്റീവ് സ്മിത്ത് (29 പന്തിൽ ഒന്ന്), ട്രാവിസ് ഹെഡ് (20 പന്തിൽ ഏഴ്), പാറ്റ് കമ്മിൻസ് (0) എന്നിവർ നിരാശപ്പെടുത്തി. ജോഷ് ഹെയ്‌സൽവുഡ് 10 പന്തിൽ രണ്ടു ഫോറുകൾ സഹിതം എട്ട് റൺസെടുത്തു.

കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ കണ്ടെത്തിയാണ് ഇന്ത്യൻ ബോളർമാർ ഓസീസിനെ 181 റൺസിൽ ഒതുക്കിയത്. അശ്വിൻ 18 ഓവറിൽ മൂന്ന് മെയ്ഡനുകൾ സഹിതം 55 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത് ഇന്ത്യൻ ബോളർമാരിൽ ഒന്നാമനായി. ഉമേഷ് യാദവ് 16.1 ഓവറിൽ അഞ്ച് മെയ്ഡൻ സഹിതം 40 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ബുമ്ര 21 ഓവറിൽ ഏഴ് മെയ്ഡൻ സഹിതം 52 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. ബോൾ ചെയ്തവരിൽ വിക്കറ്റ് ലഭിക്കാത്തത് മുഹമ്മദ് ഷമിക്ക് മാത്രം. ഷമി 17 ഓവറിൽ നാല് മെയ്ഡൻ സഹിതം 41 റൺസ് വിട്ടുകൊടുത്തു.

രണ്ടാം ഇന്നിങ്ങ്‌സ് ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. 4 റൺസെടുത്ത പ്രിഥ്വി ഷയെ കുമ്മിൻസ് പുറത്താക്കുകയായിരുന്നു. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 9 റൺസെടുത്തിട്ടുണ്ട്. 21 പന്തിൽ 5 റൺസുമായി മായങ്ക് അഗർവാളും 11 പന്തിൽ അക്കൗണ്ട് തുറക്കാതെ നൈറ്റ് വാച്ച്മാനായെത്തിയ ബുംറെയുമാണ് ക്രീസിൽ.

നേരത്തെ വൃദ്ധിമാൻ സാഹയും രവിചന്ദ്രൻ അശ്വിനും ഉൾപ്പെടെയുള്ളവർക്ക് തിളങ്ങാനാകാതെ പോയതോടെയാണ് ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 244 റൺസിന് പുറത്തായത്. ആറു വിക്കറ്റ് നഷ്ടത്തിൽ 233 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 11 റൺസിനിടെ ശേഷിച്ച നാലു വിക്കറ്റുകളും നഷ്ടമായി. രവിചന്ദ്രൻ അശ്വിൻ (20 പന്തിൽ 15), വൃദ്ധിമാൻ സാഹ (26 പന്തിൽ 9), ഉമേഷ് യാദവ് (13 പന്തിൽ ആറ്), മുഹമ്മദ് ഷമി (0) എന്നിവരാണ് രണ്ടാം പുറത്തായ ഇന്ത്യൻ താരങ്ങൾ. ജസ്പ്രീത് ബുമ്ര ഏഴു പന്തിൽ നാലു റൺസുമായി പുറത്താകാതെ നിന്നു.

ഇന്നു വീണ നാലു വിക്കറ്റും ഓസീസ് പേസർമാരായ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ പങ്കിട്ടു. ഇന്ത്യൻ ഇന്നിങ്‌സിലാകെ സ്റ്റാർക്ക് 21 ഓവറിൽ 53 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തി. കമ്മിൻസ് 21.1 ഓവറിൽ 48 റൺസ് വഴങ്ങി മൂന്നു വിക്കറ്റും സ്വന്തമാക്കി.