കോഴിക്കോട്: തീരപ്രദേശമായ തോപ്പയിലെയും പുതിയകടവിലെയുമെല്ലാം ജനങ്ങളുടെ ശാന്തമായ ജീവിതത്തിന് ഭീഷണിയാവുന്ന ആവിക്കത്തോട്ടിലെ മാലിന്യ പ്ലാന്റിനെതിരായ സമരത്തെ ഔദ്യോഗികമായി ഏറ്റെടുക്കാൻ യു ഡി എഫ് ഒരുങ്ങുന്നു. നഗരത്തിലെ വിവിധ വാർഡുകളിലെ കക്കൂസ് മാലിന്യം സംസ്‌ക്കരിക്കാൻ ആവിത്തോട്ടിൽ മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചേ അടങ്ങൂവെന്ന ദൃഢനിശ്ചയവുമായി സി പി എം നേതൃത്വം നൽകുന്ന കോർപറേഷൻ ഭരണ സമിതി നിലയുറപ്പിച്ച സാഹചര്യത്തിലാണ് തങ്ങളുടെ പിന്തുണയിൽ ഘടകകക്ഷിയായ മുസ് ലിം ലീഗിന് പ്രാമുഖ്യമുള്ള ആവിത്തോട് മാലിന്യ ട്രീറ്റ് മെന്റ് പ്ലാന്റിനെതിരായ സമരത്തെ ഏറ്റെടുക്കാൻ യു ഡി എഫ് ഒരുങ്ങുന്നത്.

സംസ്ഥാന തലത്തിൽ മുന്നണിക്ക് സമര രംഗത്തിറങ്ങാൻ മറ്റൊരു വിഷയവും ഇത്രമാത്രം സജീവമായില്ലാത്തതും കോൺഗ്രസ് ഉൾപ്പെടെയുള്ള മുന്നണി സംവിധാനത്തിലെ പാർട്ടികൾ സമരത്തിന് നൽകുന്ന പിന്തുണയും പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്തണമെന്ന അണികളിൽനിന്നും ഘടകകക്ഷി നേതാക്കളിൽനിന്നുമെല്ലാം ആവശ്യങ്ങൾ ഉയരുന്നതു കൂടി പരിഗണിച്ചാണ് സമരത്തെ ഏറ്റെടുത്ത് കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്കു നീങ്ങാൻ യു ഡി എഫ് ഒരുങ്ങുന്നത്. ഇതിന്റെ കൂടി ഭാഗമാണ ്വെള്ളിയാഴ്ച സമര സ്ഥലം സന്ദർശിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എത്തുന്നത്.

സതീശന്റെ വരവ് സമര രംഗത്തുള്ള യു ഡി എഫ് പ്രവർത്തകർക്ക് ഊർജ്ജം പകരുന്നതിനൊപ്പം കൂടുതൽ ശക്തമായ പ്രതിരോധം മാലിന്യ പ്ലാന്റിനെതിരേ രൂപപ്പെടുത്താൻ സഹായിക്കുമെന്നാണ് സമര സമിതി നേതൃത്വം കണക്കുകൂട്ടുന്നത്. ശനിയാഴ്ചയോ, ഞായറാഴ്ചയോ പ്ലാന്റിനെതിരായ സമരത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവും എം പിയുമായ എം കെ രാഘവനും മുസ് ലിം ലീഗ് നേതാവും എം എൽ എയുമായ ഡോ. എം കെ മുനീറും ഏകദിന ഉപവാസം ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നതും സമരം ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി വേണം കരുതാൻ. ഈ ആഴ്ച തന്നെ നിരാഹാരമുഷ്ഠിക്കാനാണ് തീരുമാനമെങ്കിലും ദിവസത്തെക്കുറിച്ച് ശനിയോ, ഞായറോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.

രണ്ടു മാസം മുൻപ് ചേർന്ന വാർഡ് സഭയിൽ ആവിക്കൽ പ്രദേശത്ത് ഇത്തരത്തിൽ ഒരു പ്ലാന്റ് ആവശ്യമില്ലെന്ന് തീരുമാനിച്ചിരുന്നതാണെന്ന് വെള്ളയിൽ വാർഡ് കൗൺസിലർ സോഫിയാ അനീഷ് വ്യക്തമാക്കി. നാട്ടുകാരുടെ പ്രതിഷേധങ്ങൾക്ക് തെല്ലും വിലകൽപ്പിക്കാതെ പ്രദേശത്തെ പരിസ്ഥിതിക്കു ഒട്ടും ഹിതകരമല്ലാത്ത പ്ലാന്റ് നിർമ്മാണ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് കോർപറേഷൻ അധികാരികൾ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമാണ് പല പ്രദേശങ്ങളിൽനിന്നും ആളുകളെ കൊണ്ടുവന്ന് സി പി എമ്മിന്റെ നേതൃത്വത്തിൽ ജനസഭ ചേരുന്നത്.

ഇന്നലെ പ്രതിഷേധത്തിന്റെ ഭാഗമായി തടിച്ചുകൂടിയ സമരസമിതി പ്രവർത്തകർക്കുനേരെ യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പൊലിസ് ലാത്തിയുൾപ്പെടെയുള്ള മർദന മുറകൾ പ്രയോഗിച്ചത്. സമരം ശക്തമായതിൽപിന്നെ മൊത്തം 250 ഓളം പേർക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ടെന്നാണ് സമരസമിതി നേതാക്കൾ വ്യക്തമാക്കുന്നത്. പൊലിസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊലിസുകാരെ മർദിക്കൽ, അന്യായമായി സംഘംചേരൽ തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തിയാണ് പൊലിസ് കേസുകൾ എടുത്തിരിക്കുന്നത്. സംസാരിച്ചു നിൽക്കുന്നതിനിടെയാണ് സമരസമിതി കൺവീനർ ഇർഫാൻ ഹബീബിനെ ജീപ്പിലേക്കെടുത്തിട്ട് കൊണ്ടുപോയത്. 14 കേസുകളാണ് ഇർഫാനെതിരേ പൊലിസ് ചുമത്തിയിരിക്കുന്നത്.

ഇതിൽ 13 എണ്ണത്തിലും കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. കസബ പൊലിസ് സ്റ്റേഷനിൽ കഴിയുന്ന ഇർഫാനെ കോടതിയിൽ ഹാജരാക്കും. ഈ കേസിൽക്കൂടി കൂടി ജാമ്യം ലഭിച്ചാലെ ഇർഫാന് ആവിക്കലിലെ പ്രക്ഷോഭ മേഖലയിലേക്കു തിരിച്ചെത്താനാവൂ. ജനങ്ങൾക്കു ആവശ്യമില്ലാത്ത ഒരു പദ്ധതിയുടെ പേരിൽ ജനങ്ങളെ പ്രകോപിപ്പിക്കുന്ന നിലപാടാണ് സി പി എമ്മും പൊലിസും സ്വീകരിക്കുന്നതെന്നും അവർ ആരോപിച്ചു. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 25 ഓളം കേസുകളാണ് എടുത്തിരിക്കുന്നതെന്ന് വെള്ളയിൽ പൊലിസും വ്യക്തമാക്കിയിട്ടുണ്ട്.