തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയർമാനുമായുള്ള ഉരസലിന്റെ പേരിൽ സമരരംഗത്തുള്ള സിപിഎം അനുകൂല സംഘടനയുടെ അതിരുവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന തീരുമാനത്തിൽ സർക്കാർ. വികസനം മുന്നിൽക്കണ്ട് ചെയർമാന് നിയമാനുസൃത തീരുമാനമെടുക്കാമെന്നും സർക്കാർ നിലപാടെടുത്തു. ഇതോടെ ബി അശോകിന്റെ 'മൂക്കു ചെത്താൻ' ഇറങ്ങിയവർക്ക് നിരാശരാകേണ്ട അവസ്ഥയിലായി കാര്യങ്ങൾ. കെ.എസ്.ഇ.ബിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.ബി.അശോകിന് പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കും. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മനസ്സും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിക്ക് ഒപ്പമാണ്.

സംഘടനാ നേതാക്കളുടെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ ചെയർമാൻ തീരുമാനമെടുക്കുമെന്ന ഘട്ടത്തിലേക്കും കാര്യങ്ങൾ എത്തിയതോടെ സിഐടിയു യൂണിയന്റെ സമ്മർദ്ദം വിജയിക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. മാനേജ്‌മെന്റുമായി ചർച്ചയ്ക്ക് സന്നദ്ധമാണെന്ന് അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തുന്ന ഓഫീസേഴ്‌സ് അസോസിയേഷനും വ്യക്തമാക്കി. ഒത്തുതീർപ്പിന് ഇതോടെ വഴി തെളിഞ്ഞു.ഇന്നലെ തിരുവനന്തപുരത്തെത്തിയ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. സർക്കാർ നിലപാട് ചെയർമാൻ ഡോ.ബി. അശോകിനെയും ധരിപ്പിച്ചു. രണ്ടു ദിവസത്തിനുള്ളിൽ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് ചെയർമാൻ അറിയിച്ചു.

സർക്കാർ നിലപാട് സിഐ.ടി.യു നേതാക്കൾ മുഖേന ഓഫീസേഴ്‌സ് അസോസിയേഷനെയും അറിയിച്ചു. തുടർന്ന് സസ്‌പെൻഷനിലുള്ള അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാറും ജനറൽ സെക്രട്ടറി ബി.ഹരികുമാറും ചാർജ്ജ് മെമോയ്ക്ക് മറുപടി നൽകി. ആദ്യം സസ്‌പെൻഷനിലായ എക്‌സിക്യൂട്ടീവ് എൻജിനിയർ ജാസ്മിൻ ബാനുവിനെ ഹൈക്കോടതി നിർദ്ദേശത്തിന്റെപശ്ചാത്തലത്തിൽ ഇന്ന് തിരിച്ചെടുത്തേക്കും. ലീവെടുക്കാതെ ജോലിയിൽ നിന്ന് വിട്ടുനിന്നതിനാണ് ജാസ്മിൻബാനുവിനെ സസ്‌പെൻഡ് ചെയ്തത്.

ഇത് ചോദ്യം ചെയ്ത് ചെയർമാന്റെ മുറിയിലേക്ക് തള്ളിക്കയറി അക്രമവും കാട്ടിയതിനാണ് അസോസിയേഷൻ പ്രസിഡന്റും,ജനറൽ സെക്രട്ടറിയും സസ്‌പെൻഷനിലായത്. സസ്‌പെൻഷൻ പിൻവലിക്കണമെന്നും ചെയർമാനെ മാറ്റണമെന്നുമാണ് അസോസിയേഷന്റെ ആവശ്യം. മേലുദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുന്നതിനെതിരെ ഐ.എ.എസ് അസോസിയേഷനും, ഇൻഡസ്ട്രിയൽ കോൺഫെഡറേഷനും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

ഇന്നലെ സമരവേദിയിൽ സിഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ വൈദ്യുതി മന്ത്രിയെ അപഹസിച്ച് സംസാരിച്ചതും താരിഫ് പരിഷ്‌കരണത്തിനായി കെ.എസ്.ഇ.ബി ചെയർമാൻ തെറ്റായ കണക്ക് നൽകിയെന്ന അസോസിയേഷന്റെ ആരോപണവും സാഹചര്യം വഷളാക്കി. ചെയർമാൻ ആരോപണം നിഷേധിച്ചിട്ടുണ്ട്. ഇന്നലെ പ്രശ്‌നപരിഹാര ചർച്ചയ്‌ക്കൊരുങ്ങി തലസ്ഥാനത്തെത്തിയ വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിലപാട് വ്യക്തമാക്കിയത്.

സിപിഎം അനുകൂല ഓഫീസേഴ്‌സ് അസോസിയേഷന്റെ തൻപ്രമാണിത്തം സ്ഥാപനത്തിന്റെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ടാണ് മുഖ്യമന്ത്രിക്ക് നൽകിയത്. 15 വർഷത്തിനുശേഷം ആദ്യമായി കെ.എസ്.ഇ.ബി പ്രവർത്തനലാഭത്തിലെത്തി. ഊർജ്ജക്ഷമതയിലും വിതരണമികവിലും ദേശീയതലത്തിൽ രണ്ടാം സ്ഥാനം നേടി. ഉത്പാദനത്തിൽ 100 മെഗാവാട്ടിലേറെ വർദ്ധന നേടിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയെ കണ്ട ശേഷം കെ കൃഷ്ണൻകുട്ടി പാലക്കാട്ടേക്കാണ് പോകുന്നത്. അതുകൊണ്ട് ചർച്ചകൾ ഉടൻ നടക്കാനുള്ള സാധ്യതയും കുറവാണ്. അതേസമയം, സിഐടിയു നേതാക്കൾ മന്ത്രിയെ പരസ്യമായി ആക്ഷേപിക്കുകയും ഒപ്പം ചർച്ചയ്ക്കു ശ്രമിക്കുകയും ചെയ്യുന്നതിൽ എന്ത് അർഥമുണ്ടെന്നു ബോർഡ് മാനേജ്‌മെന്റ് ചോദിക്കുന്നു.