പത്തനംതിട്ട: പിരിച്ചെടുത്ത ഫണ്ട് മുക്കിയെന്ന പരാതിയിന്മേൽ ഡിസിസി പ്രസിഡന്റ് ബാബു ജോർജിനെതിരേ കെപിസിസി അന്വേഷണം നടത്തും. ഡിസിസി മുൻ ജനറൽ സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഡോ. സജി ചാക്കോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മറവിൽ സ്ഥാനാർത്ഥികളിൽ നിന്ന് ചിഹ്നത്തിന് കെപിസിസി ഫണ്ടെന്ന പേരിൽ വാങ്ങിയ തുകയിൽ 60 ലക്ഷം ഡിസിസി പ്രസിഡന്റ് സ്വന്തം പോക്കറ്റിലാക്കിയെന്നാണ് പരാതി.

ചിഹ്നം അനുവദിക്കാൻ സ്വന്തം നിലയിൽ വൻ തോതിൽ ബാബു ജോർജ് പണം പിരിച്ചുവെന്ന് പരാതിയിൽ പറയുന്നു. ത്രിതല പഞ്ചായത്തുകളിലെ സ്ഥാനാർത്ഥികളിൽ നിന്നായി 5000 മുതൽ 10,000 രൂപ വരെയാണ് തെരഞ്ഞെടുപ്പ് ഫണ്ടെന്ന പേരിൽ ഡിസിസി പിരിച്ചത്. 1200 ൽ അധികം സ്ഥാനാർത്ഥികൾക്കാണ് ചിഹ്നം അനുവദിച്ചത്. ഈ വിധത്തിൽ 70 ലക്ഷം സമാഹരിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർത്ഥി സംഗമത്തിനായി ജില്ലയിൽ വന്നപ്പോൾ കെപിസിസി അഞ്ച് ലക്ഷവും വിക്ഷണം പത്രത്തിന്റെ വരിസംഖ്യയായി അഞ്ചു ലക്ഷവും മാത്രമാണ് നൽകിയത്. കെപിസിസിക്ക് കൊടുക്കേണ്ടിയിരുന്നത് 40 ലക്ഷം രൂപയായിരുന്നു. അതിൽ അഞ്ചു ലക്ഷം മാത്രം നൽകിയതിൽ ക്ഷുഭിതനായിട്ടാണ് അന്ന് മുല്ലപ്പള്ളി മടങ്ങിയതെന്നും പറയുന്നു.

ഈ കൊടുത്തതിന്റെ ബാക്കി 60 ലക്ഷം ഡിസിസി പ്രസിഡന്റ് സ്വന്തം പോക്കറ്റിലാക്കിയോ എന്ന് അന്വേഷിക്കണമെന്നാണ് പരാതി. ഇത്ര വലിയ തുക പിരിച്ചെടുത്തിട്ടും പട്ടികജാതിക്കാരും ദുർബലരുമായ സ്ഥാനാർത്ഥികൾക്ക് സാമ്പത്തിക സഹായം ഡിസിസി നൽകിയില്ലെന്ന് പിജെ കുര്യനും രാഷ്ട്രീയ കാര്യ സമിതിയിൽ ആരോപിച്ചിരുന്നു. ഇതിനിടെ ബാബു ജോർജിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബാബു ജോർജിനെ നീക്കണമെന്ന് ഒരു കൂട്ടം ഭാരവവാഹികൾ നിവേദനം നൽകിയിരുന്നു.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജില്ലയിൽ പാർട്ടിക്കുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നൊഴിഞ്ഞു മാറാൻ ഡിസിസി നേതൃത്വത്തിന് കഴിയില്ലെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ അന്വേഷണ വിഷയമാക്കണമെന്നാണ് ആവശ്യപ്പെട്ട് ഒരുവിഭാഗം നേതാക്കൾ കെപിസിസി നേതൃത്വത്തിന് കത്തയച്ചിരുന്നു. ഇതിന് പുറമേ നേതൃമാറ്റം ആവശ്യപ്പെട്ട് നിരവധി നേതാക്കളും പ്രവർത്തകരും പരാതി നൽകിയിട്ടുണ്ട്.

കോൺഗ്രസിനും യുഡിഎഫിനും ശക്തമായ വേരോട്ടമുള്ള ജില്ലയിൽ ഇത് ഏകോപിപ്പിക്കുന്നതിനും നേതൃത്വം നൽകുന്നതിനും നിലവിലെ നേതാക്കൾക്ക് കഴിയുന്നില്ല എന്ന ആക്ഷേപവും ഇവർ പങ്കു വച്ചിട്ടുണ്ട്. ഗ്രൂപ്പുകളുടെ പേരിൽ പാർട്ടി സ്ഥാനങ്ങൾ വീതം വയ്ക്കുന്നത് പോലെ ത്രിതല പഞ്ചായത്ത് സീറ്റുകളും പങ്കിട്ടെടുത്തത് പലയിടത്തും പരാജയത്തിന് കാരണമായി. പലരെയും പരാജയപ്പെടുത്താൻ ജില്ലാ നേതൃത്വത്തിൽ ഉള്ളവർ തന്നെ പരസ്യമായും രഹസ്യമായും ഇറങ്ങി. ഗ്രാമപഞ്ചായത്ത് വാർഡുകളിൽ ഇവർ നടത്തിയ വിമത പ്രവർത്തനം കണ്ടില്ലെന്ന നിലപാടും ജില്ലാ നേതൃത്വം സ്വീകരിച്ചതായും പരാതിയുണ്ട്.

നേതൃത്വത്തിന്റെ അനുമതി ഇല്ലാതെ സ്ഥാനാർത്ഥികളിൽ നിന്നും സംഭാവന ശേഖരിച്ചതും ഘടക കക്ഷി വാർഡുകളിൽ കൈപ്പത്തി ചിഹ്നം അനുവദിച്ചതും പാർട്ടിക്ക് ഗുണകരമായില്ലെന്ന് നേതാക്കൾ പറയുന്നു. ജില്ലയിൽ എണ്ണൂറോളം പേർക്ക് പാർട്ടി ചിഹ്നം അനുവദിച്ചിരുന്നു. ഇതിലൂടെ വലിയ തുകയാണ് ശേഖരിച്ചത്. ഇതിന് നിർവാഹക സമിതി അംഗീകാരം നൽകിയിരുന്നില്ല. അയ്യായിരവും രണ്ടായിരത്തി അഞ്ഞൂറുമാണ് ഇത്തരത്തിൽ സംവരണേതര,സംവരണ സ്ഥാനാർത്ഥികളിൽനിന്നും വാങ്ങിയത്.

സീറ്റിനായി വരുന്നവരോട് എല്ലാം ആദ്യം പണമടക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. പണം അടച്ച പലർക്കും പിന്നീട് സീറ്റ് ലഭിക്കാതെയും പോയി. ഇവരിൽ മിക്കവരും പിന്നീട് വിമത സ്ഥാനാർത്ഥികളായി. ഇവരെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്താനോ പിൻവലിപ്പിക്കാനോ നേതൃത്വത്തിന് കഴിഞ്ഞില്ല. പലയിടത്തും ഒളിച്ചു കളിയാണ് നടത്തിയത്. ഒരേ വാർഡിൽ ഒരു ഭാഗത്തു ജാതി മത നേതാക്കളെ പ്രീണിപ്പിക്കാൻശ്രമിച്ചപ്പോൾ പലയിടത്തും സാധാരണ പ്രവർത്തകരെ തഴയുകയാണ് ഉണ്ടായത്. നിലവിലെ പാളിച്ചകൾ കണ്ടെത്തി പരിഹരിക്കുന്നില്ലെങ്കിൽ വരുന്ന നിയമ സഭ തെരഞ്ഞെടുപ്പിലും അവസ്ഥക്ക് മാറ്റം ഉണ്ടാകില്ലെന്നും പ്രവർത്തകർ പറയുന്നു.

ഒന്നിലധികം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതും പലതവണ സ്ഥാനാർത്ഥി പട്ടിക തിരുത്തിയതും സാധാരണ പാർട്ടി പ്രവർത്തകരുടെ ഇടയിൽ അതൃപ്തി ഉളവാക്കി. പ്രാദേശിക പ്രവർത്തകരുടെയും ഭാരവാഹികളുടെയും വികാരം ഉൾകൊള്ളാനും പലപ്പോഴും ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ല. ജില്ലാ ഭാരവാഹികളിൽ മിക്കവരും സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചതോടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആളില്ലാത്ത അവസ്ഥയും സംജാതമായി. മുതിർന്ന നേതാക്കളുടെ അഭിപ്രായവും സേവനവും ഇക്കാര്യങ്ങളിൽ തേടുന്നതിൽ ഇവർ പരാജയപ്പെട്ടതായും അഭിപ്രായമുണ്ട്.