മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. 84 വയസ്സായിരുന്നു. അമേരിക്കയിലെ മായോ ക്ളിനിക്കിൽ വച്ചാണ് മരണം സംഭവിച്ചത്. ഭൗതിക ശരീരം ബഹ്‌റൈനിൽ എത്തിച്ച ശേഷം ഖബറടക്കം നടത്തും. രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം രാജ്യത്ത് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകത്ത് ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു എന്ന റെക്കോർഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. ബഹ്‌റൈൻ സർക്കാരിന്റെ വാർത്താ ഏജൻസിയാണ് മരണവിവരം സ്ഥിരീകരിച്ചത്.1970മുതൽ അദ്ദേഹം ബഹറൈന്റെ പ്രധാനമന്ത്രിയാണ്. രാജ്യം സ്വതന്ത്രമാകുന്നതിന് ഒരു വർഷം മുമ്പാണ് അദ്ദേഹം പ്രധാനമന്ത്രി പദം ഏറ്റെടുത്തത്.

2011ലെ അറബ് വസന്ത സമയത്ത് സർക്കാരിന് എതിരായി ഉയർന്ന പ്രക്ഷോഭത്തെ അതിജീവിച്ച ഭരണാധികാരിയാണ്. യുഎസ് നേവിയുടെ അഞ്ചാമത്തെ താവളമായ ബഹ്റൈന മികച്ച സമ്പദ്ഘടനയുള്ള രാജ്യമായി കെട്ടിപ്പടുക്കുതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളുമായി നയതന്ത്ര ബന്ധ ചർച്ചകൾക്കായി സ്വകാര്യ ദ്വീപിൽ അദ്ദേഹം സ്ഥാപിച്ച വിശ്രമ കേന്ദ്രം ഏറെ പ്രസിദ്ധമാണ്.