കൊച്ചി: തദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടി ചർച്ചയാക്കി ബിജെപിയുമായി അകലാൻ ബി.ഡി.ജെ.എസ്. എൻ.ഡി.എ.യിൽ ഇനിയും തുടരുന്നതിൽ കാര്യമില്ലെന്നാണ് ബിഡിജെഎസിലെ പൊതു നിലപാട്. യുഡിഎഫിലേക്കോ ഇടതുപക്ഷത്തേക്കോ മാറാനാണ് നീക്കം. ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക കണക്കുപ്രകാരം ഒരു സീറ്റാണ് പാർട്ടിക്ക് ലഭിച്ചിട്ടുള്ളത്. എന്നാൽ, പാർട്ടിയുടെ പേരിൽ സ്വതന്ത്രസ്ഥാനാർത്ഥികളായി മത്സരിച്ച കൂടുതൽ പേർ ജയിച്ചിട്ടുണ്ടെന്നും കണക്കു കൂട്ടുന്നു. എന്നാൽ കടുത്ത നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. ബിജെപി കാലുവലിച്ചതു കൊണ്ടാണ് ഇതെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് എൻഡിഎ വിടാനുള്ള തീരുമാനം. ഇക്കാര്യത്തിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയായ വെള്ളപ്പാള്ളിക്കും അനുകൂല മനസ്സാണുള്ളത്.

ബി.ഡി.ജെ.എസ്. മനസ്സില്ലാമനസോടെയാണ് എൻ.ഡി.എ.യിൽ തുടർന്നിരുന്നത്. പല ഘട്ടങ്ങളിലും ബന്ധം വിടുന്നതായുള്ള പ്രചരണങ്ങളും ഉണ്ടായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിനുമുമ്പ് ബി.ഡി.ജെ.എസ്. മറ്റൊരു നിലപാട് സ്വീകരിക്കുമെന്ന് പ്രവർത്തകരും കരുതി. എന്നാൽ, എൻ.ഡി.എ.യിൽ തുടരാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയായിരുന്നു ഇതിന് പിന്നിലെ ചാലക ശക്തി. എന്നാൽ തീരുമാനം തെറ്റിയെന്ന് തുഷാറും ഇപ്പോൾ വിലയിരുത്തുന്നു.

തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബി.ഡി.ജെ.എസ്. പ്രവർത്തകർ നിരാശയിലാണ്. സീറ്റുവിഭജനംമുതൽ കടുത്ത അവഗണനയാണ് പാർട്ടിക്ക് നേരിടേണ്ടിവന്നു. ജയസാധ്യതയുള്ള സീറ്റുകൾ കിട്ടിയില്ല. ബി.ഡി.ജെ.എസ്. ശക്തികേന്ദ്രങ്ങളിൽ ബിജെപി. നേട്ടംകൊയ്തു. പാർട്ടിയെ ബിജെപി. നേട്ടങ്ങൾക്ക് ഉപയോഗിച്ചു. എന്നാൽ ഇതിന്റെ നേട്ടം പാർട്ടിക്കുണ്ടായില്ല. അതുകൊണ്ട് മുന്നണി വിടണമെന്നാണ് ആവശ്യം. ഇടതു പക്ഷത്ത് പോകുന്നതിനോടാണ് വെള്ളാപ്പള്ളിക്ക് താൽപ്പര്യം. എന്നാൽ യുഡിഎഫിനോടാണ് തുഷാറിന് മോഹം. ഇക്കാര്യത്തിൽ വ്യക്തത വന്നാൽ ബിഡിജെഎസ് മുന്നണി മാറ്റത്തിൽ ചർച്ച തുടങ്ങും,

തദ്ദേശ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷത്തിന് സാധ്യത കൂടി. അതുകൊണ്ട് ഇടതുപക്ഷത്തേക്ക് പോകണമെന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്. എന്നാൽ ബിഡിജെഎസ് രാഷ്ട്രീയത്തിന് യുഡിഎഫും കോൺഗ്രസുമാണ് നല്ലതെന്ന് തുഷാറും പറയുന്നു. ബിജെപിയുടെ വഞ്ചന തുഷാറും അംഗീകരിച്ചു കഴിഞ്ഞു, അതുകൊണ്ട് തന്നെ മുന്നണി മാറ്റത്തിലേക്കാണ് ചർച്ച നീളുന്നത്. നിയമസഭാതിരഞ്ഞെടുപ്പിനുമുമ്പ് ബി.ഡി.ജെ.എസ്. നേതൃത്വം ഇക്കാര്യത്തിൽ ഉചിതതീരുമാനമെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

എൻ.ഡി.എ.യിലെ മറ്റുഘടകകക്ഷികളും അതൃപ്തിയിലാണ്. ബിജെപി.ക്ക് ആളില്ലാത്ത, ഒരുവിധത്തിലും ജയിക്കാത്ത സീറ്റുകൾ നൽകിയെന്നാണ് ഘടകകക്ഷികളുടെ പരാതി. എൽ.ജെ.പി.ക്കുമാത്രമാണ് ഒരു സീറ്റ് കിട്ടിയത്. എൻ.ഡി.എ. നേതൃയോഗംവിളിച്ച് തിരഞ്ഞെടുപ്പ് അവലോകനംചെയ്യണമെന്നും ഘടകകക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ യോഗം ചേർന്നാൽ തുഷാർ പങ്കെടുക്കാനും ഇനി സാധ്യതയില്ല.