കൊച്ചി: കേരളത്തിലെ ബിസിനസ് രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് ശീമാട്ടിയുടെ എംഡി ബീനാ കണ്ണൻ. ബിസിനസ് രംഗത്ത് കരുത്തുറ്റ സ്ത്രീത്വം എന്നാണ് ഇവരെ പൊതുവേ അറിയപ്പെടുന്നത്. നിരവധി പുരസ്‌ക്കാരങ്ങളും ഇതിനോടകം ഇവരെ തേടി എത്തിയിട്ടുണ്ട്. ഇങ്ങനെ ബിസിനസ് ലോകത്ത് ഏറെ ശ്രദ്ധ നേടിയ വ്യക്തിത്വമായ ബീനാ കണ്ണന്റെ ഒരു നിലപാട് ഇപ്പോൾ സോഷ്യൽ മീഡിയയിലും ചർച്ചയാകുകയാണ്.

സ്ത്രീകളോടും പുരുഷന്മാരോടും തനിക്കുള്ള നിലപാട് വ്യക്തമാക്കുന്ന ബീന കണ്ണൻ പറഞ്ഞ ചില പരാമർശങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. താൻ ഒരു ഫെമിനിസ്റ്റ് അല്ലെന്നും ഇപ്പോഴത്തെ പെൺകുട്ടികൾ പുരുഷന്മാരെ ബഹുമാനിക്കാൻ പഠിക്കണമെന്നുമാണ് ബീന കണ്ണൻ പറയുന്നത്. കപ്പ ടി.വിയുടെ ദ ഹാപ്പിനെസ് പ്രൊജക്ട് എന്ന പരിപാടിയിലാണ് ഇവരുടെ പ്രതികരണം.

'എന്റെ സ്റ്റാഫുകളിൽ മുക്കാൽ ഭാഗവും പുരുഷന്മാരായിരിക്കും. രണ്ട് കസേരയെ ഉള്ളൂ, മൂന്ന് പേരെ ഇരുത്തണമെങ്കിൽ ആണുങ്ങളെ ആദ്യം ഇരുത്താനേ ഞാന് നോക്കുള്ളൂ,' ബീന കണ്ണൻ പറഞ്ഞു. ഒപ്പം ആൺ മയിലിന് മാത്രമേ പീലി ഉള്ളൂ, ആൺ ആനയ്ക്ക് മാത്രമേ കൊമ്പുള്ളൂ എന്നിങ്ങനെയുള്ള പരാമർശവും ബീന കണ്ണൻ നടത്തി. ബീന കണ്ണന്റെ അഭിപ്രായത്തെ അനുകൂലിച്ചു കൊണ്ടും പ്രതികൂലികൊണ്ടും നിരവധി പേരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ രംഗത്തുണ്ട്.

മൂന്ന് വർഷം മുൻപത്തേതാണ് വീഡിയോ. ഞാൻ ഒരു ഫെമിനിസ്റ്റ് അല്ല, സ്ത്രീ ശാക്തീകരണം പോലുള്ള ഒന്നിനുവേണ്ടിയും ശബ്ദമുയർത്താറില്ലെന്നും ബീനാ കണ്ണൻ പറയുന്നു. സ്ത്രീകളെക്കാൾ ഞാൻ പുരുഷന്മാരെ മതിക്കുന്നു. ഈ കാലഘട്ടത്തിൽ ഞാൻ കാണുന്നതെന്താണെന്ന് വച്ചാൽ ആണുങ്ങളെ ബഹുമാനിക്കണമെന്ന് നമ്മൾ പെൺകുട്ടികളെ പറഞ്ഞു പഠിപ്പിക്കേണ്ടിയിരിക്കുന്നു,

ഭർത്താവിനോടും അച്ഛനോടുമെല്ലാം തർക്കിക്കുമായിരിക്കാം തറുതല പറയുമായിരിക്കാം പക്ഷേ എതിർത്ത് ചെയ്യില്ല. അവസാനം അവർ പറയുന്നത് അനുസരിക്കുമായിരിക്കും. സോ നമ്മൾ പുരുന്മാരെ ബഹുമാനിക്കുന്നു, അവരെ മതിക്കുന്നു. എപ്പോഴും പറയാറില്ലേ ഒരു വിജയിച്ച പുരുഷന്റെ പിന്നിൽ സ്ത്രീ ഉണ്ടാകുമെന്ന്. എന്നപോലെ എന്നോട് ചോദിച്ചാൽ എന്റെ സപ്പോർട്ട് സിസ്റ്റം മുഴുവൻ ആണുങ്ങളായിരിക്കു. മുന്നിൽ രണ്ടു കസേരയെ ഉള്ളു, 3 പേരെ ഇരുത്തണമെങ്കിൽ ആണുങ്ങളെയെ ആദ്യം ഇരുത്താൻ ഞാൻ ശ്രമിക്കൂ. പെൺകുട്ടികൾക്ക് വേണ്ടി വേറെ കസേര കണ്ടെത്തും. അങ്ങനെയാണ് ഞങ്ങളെ വളർത്തിയിരിക്കുന്നത്. ആൺ മയിലിനാണ് പീലി ഉള്ളത്, പെൺ മയിലിന് പീലി ഇല്ല. പെൺ മയിലിനെ കണ്ടാൽ നമ്മൾ തിരിഞ്ഞോടും.

ആൺ ആനയ്ക്ക് മാത്രമാണ് കൊമ്പുള്ളത്. ഇത്തരത്തിൽ പ്രകൃതി പുരുഷനാണ് കൂടുതൽ നൽകിയിരിക്കുന്നത്. നമ്മൾ പ്രെറ്റിയാണ് , നമ്മൾ നല്ല ഉടുപ്പൊക്കെ ഇട്ടുനടക്കുന്നു ഒകെ. പക്ഷേ ഒരു ഫിറ്റ് ഫൈറ്റിനൊക്കെ പുറപ്പെട്ടാൽ, കരുത്തുള്ള സ്ത്രീകൾ ഇല്ലെന്നല്ല പക്ഷേ, ആണുങ്ങൾ ചെയ്യുന്ന മരം കേറുക , ഹിമാലയത്തിന്റെ മുകളിൽ കയറുക, നാല് പെട്ടിവലിച്ച് വെക്കുക എന്ന അവസ്ഥയൊക്കെ വരുമ്പോൾ നമ്മൾ നടുപിടിച്ച് മാറി നിൽക്കും, വീഡിയോയൽ ബീന കണ്ണൻ പറയുന്നു.

അതേസമയം വീഡിയയോ്‌ക്കെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സ്വന്തം കഴിവും കഠിനാധ്വാനവും കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ ബീന കണ്ണനെ പോലൊരാൾ ഇത്തരം നിലപാട് പങ്കുവെയ്ക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. ഫെമിനിസ്റ്റ് അനുകൂല നിലപാടുള്ള നിരവധി പേർ ഈ വീഡിയേയുടെ പേരിൽ ബീനാ കണ്ണനെ കുറ്റപ്പെടുത്തി രംഗത്തുണ്ട്. സോഷ്യൽ മീഡിയയിലെ ഫെമിനിസ്റ്റ് ഗ്രൂപ്പുകളിൽ അടക്കം ഈ വിഷയം ചർച്ചയാകുന്നുണ്ട്.