കൊൽക്കത്ത: ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയിൽ ചേക്കേറിയ 'തൃണമൂൽ നേതാക്കൾ' കടുത്ത അതൃപ്തിയിലെന്ന് റിപ്പോർട്ട്. ഉപാധ്യക്ഷനും മുൻ തൃണമൂൽ നേതാവുമായ മുകുൾ റോയ് പാർട്ടി യോഗം ബഹിഷ്‌കരിച്ചത് അടക്കമുള്ള സമീപകാല സംഭവവികാസങ്ങളാണ് ബിജെപി നേതൃത്വത്തിന്റെ തലവേദന കൂട്ടുന്നത്.

ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് കൊൽക്കത്തയിൽ വിളിച്ച യോഗമാണു മുകുൾ റോയ് ബഹിഷ്‌കരിച്ചത്. ഇതേപ്പറ്റി മുകുൾ റോയ് ഒന്നും പ്രതികരിച്ചിരുന്നില്ല. തൃണമൂലിലേക്ക് മുകുൾ റോയി തിരികെ പോകാനൊരുങ്ങുന്നു എന്ന അഭ്യൂഹം മകൻ ശുഭ്രാൻശു തള്ളിക്കളയാതിരിക്കുന്നതും ബിജെപിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. 35 ബിജെപി എംഎൽഎമാർ പാർട്ടിയിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നതായി തൃണമൂൽ കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു.

ബംഗാളിൽ പ്രതീക്ഷിച്ച വിജയത്തിലേക്ക് ബിജെപിക്ക് എത്താനാകാതെ പോയതോടെ പാർട്ടിയിൽ ചേക്കേറിയ തൃണമൂൽ നേതാക്കൾക്കെതിരെ ഒരു വിഭാഗം രംഗത്ത് എത്തിയതോടെയാണ് അതൃപ്തി പുകഞ്ഞുതുടങ്ങിയത്. ബംഗാളിൽ ബിജെപിയിലേക്കു ചേക്കേറിയതിൽ ഖേദപ്രകടനവുമായി മുൻ തൃണമൂൽ കോൺഗ്രസ് എംഎൽഎ. ദീപേന്ദു ബിശ്വാസ്, സോണാലി ഗുഹ എന്നീ നേതാക്കൾക്കു പിന്നാലെ മുൻ ഉത്തർപാര എംഎൽഎ പ്രബിർ ഘോഷാലും രംഗത്തെത്തിയിരുന്നു.

ഇതോടെയാണ് ബിജെപിയിലെ 'തൃണമൂൽ നേതാക്കൾ' പാർട്ടി വിടാനൊരുങ്ങുന്നതായി പ്രചരിച്ചത്. വിമതരും ഘർ വാപസിക്കാരും പാർട്ടിയിൽ കൂടിയതോടെ, മമതയുടെ മുൻ വിശ്വസ്തനും ഇപ്പോൾ ബിജെപി നേതാവുമായ സുവേന്ദു അധികാരി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരുമായാണു സുവേന്ദു കാര്യങ്ങൾ ചർച്ച ചെയ്തത്. എംപിമാരായ അർജുൻ സിങ്ങും സൗമിത്ര ഖാനും കൂടുതൽ കാര്യങ്ങൾ പറയാനായി ഡൽഹിക്കു തിരിച്ചിട്ടുണ്ട്. തൃണമൂലിലേക്കുള്ള 'ഘർ വാപസി' തടയാൻ ബിജെപി പദ്ധതിയൊരുക്കുന്നു എന്നാണു റിപ്പോർട്ട്.

തന്റെ അമ്മ മരിച്ചപ്പോൾ തൃണമൂൽ എംപി കല്യാൺ ബന്ദോപാധ്യായ്, എംഎൽഎ കാഞ്ചൻ മുല്ലിക് എന്നിവർ വിളിച്ചു. മുഖ്യമന്ത്രി മമത ബാനർജി അനുശോചന സന്ദേശം അയച്ചു. എന്നാൽ ബിജെപിയുടെ പ്രാദേശിക നേതാക്കൾ മാത്രമാണ് അനുശോചനം അറിയിച്ചത്. അവഗണനയിൽ നിരാശയുണ്ട് എന്നുമായിരുന്നു മുൻ തൃണമൂൽ എംഎൽഎ പ്രബിർ ഘോഷാലിന്റെ വാക്കുകൾ.

'ആളുകളെ വിഭജിച്ചു കൊണ്ടുള്ള രാഷ്ട്രീയത്തെ ബംഗാൾ സ്വീകരിക്കില്ല. ഇക്കാര്യം എനിക്കു മനസ്സിലായി. രാഷ്ട്രീയത്തിൽ എന്തും സാധ്യമാണ്' ശുഭ്രാൻശു അടുത്തിടെ പറഞ്ഞതും വലിയ ചർച്ചയായി. ശുഭ്രാൻശുവിന്റെ അമ്മയും മുകുൾ റോയിയുടെ ഭാര്യയുമായ കൃഷ്ണ റോയ് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കാണാൻ മമതയുടെ അനന്തരവനും തൃണമൂൽ എംപിയുമായ അഭിഷേക് ബാനർജി വന്നതു ബിജെപി ക്യാംപിനെ ആശങ്കയിലാഴ്‌ത്തിയിരുന്നു.

തൃണമൂൽ വിട്ടു പോയവരിൽ വളരെ ചെറിയ ശതമാനത്തിനാണു മത്സരിക്കാൻ സീറ്റു കിട്ടിയത്. ജയിച്ചു കയറിയത് നാലു പേർ മാത്രം. അതിൽപ്പെട്ട സുവേന്ദു അധികാരിയെ പ്രതിപക്ഷ നേതാവാക്കി ബിജെപി. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം നിശബ്ദനായിരിക്കുന്ന മുകുൾ റോയിയെ ചൊല്ലിയാണു ബിജെപിയുടെ ആശങ്ക മുഴുവനും. ഒരുകാലത്ത് മമതയുടെ വിശ്വസ്തനായിരുന്ന, പിന്നീട് ബംഗാളിൽ ബിജെപിക്കു വേരോട്ടമുണ്ടാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച നേതാവാണ് ഇദ്ദേഹം. സുവേന്ദുവിനെ കടന്നാക്രമിക്കുമ്പോഴും മുകുൾ റോയിയോട് മൃദു സമീപനമായിരുന്നു മമതയ്ക്ക് എന്നതും ശ്രദ്ധേയമാണ്.

പാർട്ടിയിലേക്കു മടങ്ങിവരാൻ (ഘർ വാപസി) ആഗ്രഹം പ്രകടിപ്പിച്ചവരുടെ കാര്യത്തിൽ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ച് തൃണമൂൽ കോൺഗ്രസ് ഇതുവരെയും ഒന്നും അറിയിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനം മമതാ ബാനർജിയുടേതായിരിക്കുമെന്നാണ് തൃണമൂൽ നേതാക്കൾ പറയുന്നത്.