പട്‌ന: ബിഹാർ തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ എക്‌സിറ്റ് പോൾ പ്രകടനങ്ങൾ പാളുന്നു. ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎ സഖ്യമാണ് ഇവിടെ മുന്നിൽ നിൽക്കുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ മുന്നിൽ നിന്ന തേജസ്വി യാദവിന്റെ ആർജെഡി സഖ്യം ഇപ്പോൾ പിന്നോട്ടു പോകുന്ന അവസ്ഥയാണുള്ളത്. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ആർജെഡി മുന്നിൽ നിന്നപ്പോൾ വോട്ടിങ് മെഷീനിലേക്ക് വന്നപ്പോൾ കാര്യങ്ങൾ മാറുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ കാണുന്നത്. ഇപ്പോഴത്തെ നിലയിൽ 127 സീറ്റുകളിൽ എൻഡിഎ സഖ്യം മുന്നിൽ നിൽക്കുമ്പോൾ 101 സീറ്റുകളിലേക്ക് ആർജെഡി സഖ്യം ചുരുങ്ങി.

ഫലസൂചന ഇങ്ങനെ:

ആർജെഡി സഖ്യം: 101
എൻഡിഎ സഖ്യം:127

അതേസമയം, മഹാസഖ്യത്തിൽ ആർ.ജെ.ഡി മുന്നിട്ട് നിൽക്കുകയാണ്. എന്നാൽ എണ്ണിയ വോട്ടുകൾ വ്യക്തമാക്കുന്നത് കോൺഗ്രസിന് അത്ര മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല എന്നുതന്നെയാണ്. 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് നിലവിൽ 23 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കാൻ സാധിച്ചിട്ടുള്ളത്. ഇടത് പാർട്ടികൾ 184 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. ഇവിടെ ശ്രദ്ധേയമായ പ്രകടനമാണ് ഇവരുടേത്.

ആർ.ജെ.ഡിക്ക് കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ സാധിച്ചിരുന്നെങ്കിൽ മഹാസഖ്യത്തിന് വിജയ സാധ്യത കൂടുമായിരുന്നെന്ന വിലയിരുത്തലുകളാണ് വന്നുകൊണ്ടിരിക്കുന്നത്. കോൺഗ്രസിന് നൽകിയ സീറ്റുകളിൽ കൂടി ആർ.ജെ.ഡി ആയിരുന്നെങ്കിൽ അത് കൂടുതൽ ഗുണം ചെയ്യുമായിരുന്നെന്നും വിലയിരുത്തുന്നു. ആർ.ജെ.ഡി കൂടുതൽ പരമാവധി സീറ്റുകളിൽ മത്സരിക്കണമെന്ന് നേരത്തെ ലാലു പ്രസാദ് യാദവ് പറയുകയും ചെയ്തിരുന്നു.

ഇപ്പോഴത്തെ നിലയിൽ ബിജെപിക്ക് എത്തിപ്പിടിക്കാവുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന സർവേകളിൽ ബിജെപിക്കും എൻഡിഎയ്ക്കും അനായാസ വിജയം പ്രവചിച്ച പല സർവെകളും എക്സിറ്റ് പോളുകളിൽ തിരുത്തുന്ന കാഴ്ച കണ്ടു. ചില ഏജൻസികൾ മഹാസഖ്യത്തിന് മഹാവിജയം പ്രഖ്യാപിച്ചപ്പോൾ മറ്റ് ഏജൻസുകളും മുൻതൂക്കം നൽകിയത് മഹാസഖ്യത്തിനായിരുന്നു.

ആർക്കും ഭൂരിപക്ഷമില്ലാത്ത സഭയിൽ ചിരാഗ് പാസ്വാൻ നിർണായകമാകും. ഒരുപക്ഷേ അദ്ദേഹം കിങ്മേക്കറാവുകയാണെങ്കിൽ നിതീഷിന്റെ ഭാവി എന്താകും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയാൽ പിന്തുണക്കുമോ എന്നെല്ലാമുള്ള ചോദ്യങ്ങൾ നിൽക്കുന്നു.

അസദുദ്ദീൻ ഒവൈസിയുടെ ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ ഒരു സീറ്റിലും ബിഎസ്‌പി രണ്ടിടത്തും ചിരാഗ് പാസ്വാന്റെ എൽജെപി മൂന്നിടത്തും ലീഡ് ചെയ്യുന്നുണ്ട്. കനസുരക്ഷയിൽ രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 243 അംഗ നിയമസഭയിലേക്ക് മൂന്നുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഹസൻപൂരിൽ തേജസ് പ്രതാപ് യാദവും രാഘോപൂരിൽ തോജസ്വീ യാദവും ബഹുദൂരം മുന്നിലാണ്. ചിരാഗ് പാസ്വാനെ മുന്നിൽ നിർത്തിയുള്ള രാഷ്ട്രീയ നീക്കം ഭരണകക്ഷിയായ ജെ ഡി യുവിനെ വെട്ടിലാക്കി എന്ന സൂചനയാണ് ആദ്യഘട്ടത്തിൽ പുറത്തു വരുന്നത്. ഏഴ് കോടി വോട്ടർമാരാണ് ബിഹാർ തെരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് ചെയ്തത്. 243 അംഗ ബിഹാർ നിയമസഭയിൽ 122 ആണ് അധികാരം നേടാൻ വേണ്ട മാന്ത്രികസംഖ്യ.

55 കേന്ദ്രങ്ങളിൽ 414 ഹാളുകൾ വോട്ടെണ്ണൽ പുരോഗമിക്കുന്നത്. കേന്ദ്രസായുധ സേന, ബിഹാർ മിലിട്ടറി പൊലീസ്, ബിഹാർ പൊലീസ് എന്നിവരാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കും പ്രശ്നസാധ്യതാ പ്രദേശങ്ങൾക്കും വലയം തീർത്തിരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറിൽ വിന്യസിച്ചിട്ടുണ്ട്.