കോട്ടയം: സഹപാഠിയുടെ കൈകളാൽ കൊല ചെയ്യപ്പെട്ട നിഥിനയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിക്കരയുന്ന മാതാവ് ബിന്ദുവിനെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച് മണിക്കൂറുകളോളം ഒരേ നിൽപ്പു നിന്ന ഡോ.സുവാൻ സക്കറിയയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഡോക്ടറെക്കുറിച്ച് ബിന്ദു മറുനാടനോട് പ്രതികരിച്ചു. തന്റെ കഷ്ടപ്പാടുകളിൽ ചേർത്തു നിർത്തി സ്വന്തം മകളായി കണ്ടതിനാലാണ് ഡോ.സുവാൻ സഖറിയ കുടുംബത്തിലെ ഒരംഗത്തെ ആശ്വസിപ്പിക്കുന്നതുപോലെ തന്നെ ചേർത്ത് നിർത്തിയതെന്നാണ് ബിന്ദു പറഞ്ഞത്. എത് അവസരത്തിലും വേണ്ട പിന്തുണ നൽകിയിരുന്നു. മകളുടെ വഴികാട്ടിയായിരുന്നു. എല്ലാ അർത്ഥത്തിലും അവർ ഒരു ഡോക്ടറേക്കാളുപരി മാർഗ്ഗദർശിയായിരുന്നു എന്നും ബിന്ദു പറഞ്ഞു.

തന്റെ രോഗത്തിന് ചികിത്സ നൽകുമ്പോഴും ഏറെ സ്നേഹത്തോടെയാണ് പെരുമാറിയത്. പലപ്പോഴും പണമില്ലാത്തിനാൽ മരുന്ന് വാങ്ങാൻ കഴിയാതെ വരും. അപ്പോൾ മരുന്ന് മുടങ്ങാതിരിക്കാൻ ആശുപത്രിയിൽ നിന്നു തന്നെ എല്ലാ മരുന്നുകളും തന്നു സഹായിക്കുമായിരുന്നു. മകളുടെ പഠനത്തിന് പോലും വേണ്ട നിർദ്ദേശങ്ങൾ നൽകിയത് ഡോക്ടർ തന്നെയായിരുന്നു. എല്ലാം അറിയാവുന്നതിനാൽ ഒരു പ്രത്യേക പരിഗണനയും തന്നിരുന്നു. ആ സ്നേഹമാണ് കരളിന്റെയും ഹൃദയത്തിന്റെയും മറ്റ് രോഗങ്ങൾ മൂലവും മല്ലിടുന്ന എന്നെ പിടിച്ചു നിർത്തുന്നത്. അവർ എന്റെ ദൈവമാണ്, ജീവനാണ്: ബിന്ദു പറഞ്ഞു.

കൊലപാതകം നടന്ന ദിവസം ഒരുമിച്ചാണ് വീട്ടിൽ നിന്നും ബിന്ദുവും നിഥിനയും ഇറങ്ങിയത്. ആശുപത്രിയിലെ ചികിത്സക്കായി കാത്തു നിൽക്കുമ്പോഴാണ് വെള്ളിടിപോലെ ഒരു ഫോൺ സന്ദേശം. നിഥിനയക്ക് കുത്തേറ്റു. സ്ഥലകാല ബോധം മറന്ന ബിന്ദു വേഗം തന്നെ പാലാ മരിയൻ ആശുപത്രിയിലേക്ക് കുതിച്ചു. ഓട്ടോ റിക്ഷയിലാണ് പോയത്. അതിനിടയിൽ തന്നെ ഡോ.സുആൻ സക്കറിയയെ വിവരം അറിയിച്ചിരുന്നു. അവിടെ എത്തുന്നതു വരെ ബന്ധുക്കളെയും തന്നെ അറിയാവുന്നവരെയും എല്ലാം ഫോണിൽ ബന്ധപ്പെട്ട് വിവരം പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോൾ ഒരു മുറിയിൽ വിശ്രമിക്കാനാണ് പറഞ്ഞത്. മകളെ കാണണമെന്ന് പറഞ്ഞിട്ടും അവർ കാണിച്ചില്ല. ഏറെ സമയം കഴിഞ്ഞപ്പോഴാണ് നിഥിന മരണപ്പെട്ട വിവരം ബിന്ദുവിനെ അറിയിക്കുന്നത്. കേട്ടത് വിശ്വസിക്കാനാവാതെ തരിച്ചു നിൽക്കുകയായിരുന്നു അവർ.

നിലവിൽ ജോലിക്ക് പോകാൻ പോകാൻ പോലും കഴിയാത്ത ആരോഗ്യ സ്ഥിതിയിലാണ് ബിന്ദു. സർക്കാരിൽ നിന്നും എന്തെങ്കിലും സഹായം ലഭിച്ചില്ലെങ്കിൽ ജീവിക്കാൻ മറ്റു മാർഗ്ഗമൊന്നുമില്ല. മകളുടെ ഘാതകനെ ഏതറ്റം വരെ പോയും കടുത്ത ശിക്ഷ വാങ്ങി നൽകണം. അല്ലെങ്കിൽ എപ്പോഴെ ഞാൻ ജീവൻ ത്യജിച്ചേനെ എന്നും ബിന്ദു പറഞ്ഞു. അതേ സമയം ജന പ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടീ നേതാക്കളും സർക്കാരിനെ അറിയിച്ച് സഹായം വാങ്ങി നൽകാമെന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിഥിനയെ പാലാ സെന്റ് തോമസ് കോളേജിൽ വച്ച് സഹപാഠിയായ അഭിഷേക് ബൈജു പ്രണയപ്പകയിൽ കഴുത്തറത്തുകൊന്നത്. അകലുന്നുവെന്ന് തോന്നിയപ്പോൾ അഭിഷേകിന് തുടങ്ങിയ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.