ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളിയത്. ബിനീഷിന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന ഇ.ഡി യുടെ വാദം അം​ഗീകരിച്ചാണ് കോടതിയുടെ നടപടി.

കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇനിയും ആളുകളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി. കോടതിയെ അറിയിച്ചു. ബിനീഷുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതിയിൽ ഇ.ഡി.വ്യക്തമാക്കി. ഒക്ടോബർ 29നാണ് ബിനീഷ് അറസ്റ്റിലാകുന്നത്. ബെംഗളൂരു ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലായിരുന്നു അറസ്റ്റ്.

ലഹരിമരുന്ന് കേസിൽ പ്രതിയായ അനൂപ് മുഹമ്മദിന് സാമ്പത്തിക സഹായം നൽകി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു എന്നതാണ് കേസ്. മയക്കു മരുന്നു കച്ചവടക്കാരൻ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. അനൂപിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് വൻ തുകകൾ പലപ്പോഴായി ട്രാൻസ്ഫർ ചെയ്തതായി ഇഡി അന്വേഷണത്തിൽ കണ്ടെത്തി.

സിപിഎം നേതാവായ കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഏറ്റവും ഒടുവിലാണ് സിനിമയിലെ മയക്കുമരുന്ന് കേസിൽ ആരോപണം വരുന്നത്. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് തന്നെ ആയിരുന്നു ഇത്തവണയും ആരോപണവുമായി രംഗത്ത് വന്നത്. പിന്നീട് ഇത് മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന തിരുവനന്തപുരം സ്വർണക്കടത്ത് കേസിലും ബിനീഷിനെതിരെ ആരോപണം ഉയർന്നു. ലഹരി കേസുമായി ബന്ധിപ്പിച്ചായിരുന്നു പികെ ഫിറോസ് ഈ ആരോപണം ഉന്നയിച്ചത്. ലഹരി കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ഫോണിൽ കെടി റമീസിന്റെ ഫോൺ നമ്പർ ഉണ്ട് എന്നതും അനൂപ് ബിനീഷിന്റെ സുഹൃത്താണ് എന്നതും എല്ലാം ആരോപണത്തിന് കാരണമാണ്. ഇപ്പോൾ ഇഡി അന്വേഷിക്കുന്നതും ഈ അനധികൃത സ്വത്ത് സമ്പാദനമാണ്.

സ്വർണ്ണക്കടുത്തും മയക്കുമരുന്നു കേസും ഒരുപോലെ ബന്ധപ്പെട്ടു കിടക്കുന്നവയാണ് എന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. 2015 നുശേഷം രജിസ്റ്റർചെയ്ത രണ്ട് കമ്പനികളിൽ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് വ്യക്തമായിരുന്നു. എന്നാൽ, കമ്പനികൾ ഇപ്പോൾ പ്രവർത്തന രഹിതമാണ്. അനധികൃത ഇടപാടുകൾ നടത്തുന്നതിനു വേണ്ടിയാണോ ഇവ രൂപവത്കരിച്ചത് എന്നകാര്യം എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്. കമ്പനികളുടെ വരവ് ചെലവ് കണക്കുകൾ സമർപ്പിച്ചിട്ടില്ല. അവയുടെ ലൈസൻസും മറ്റും റദ്ദായിരുന്നു. സംശയ നിഴലിലുള്ള കമ്പനികളുടെ യഥാർഥ്യ ലക്ഷ്യം എന്തായിരുന്നു, എന്തെല്ലാം ഇടപാടുകൾ ഈ കമ്പനികളുടെ മറവിൽ നടത്തി എന്നിവയെല്ലാം ഇ.ഡി അന്വേഷിക്കുന്നത്.

അതിനിടെ, മയക്കുമരുന്ന് കേസിൽ ബെംഗളൂരുവിൽ അറസ്റ്റിലായ മുഹമ്മദ് അനൂപ് നൽകിയ മൊഴിയിലും ബിനീഷിന്റെ പേര് വെളിപ്പെടുത്തിയിരുന്നു. ബിസിനസ് തുടങ്ങുന്നതിന് അനൂപിന് സാമ്പത്തിക സഹായം നൽകിയത് സംബന്ധിച്ച വെളിപ്പെടുത്തലടക്കം പുറത്തുവന്നിരുന്നു. ഇതോടെ ബിനീഷിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത്ലീഗും ബിജെപിയും അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ അനൂപിന് 6ലക്ഷം രൂപ കടം കൊടുക്കയാണെന്ന് മാത്രമാണ് ബിനീഷ് പറയുന്നത്.