കൊച്ചി: കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചു ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റുകളുടെ ഏറ്റവും വലിയ ശത്രു ബിജെപി-ആർഎസ്എസ് ആണ്. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ പോലും രാഹുൽഗാന്ധിയെ കണ്ടില്ല. അദ്ദേഹം അപ്പോഴും വിദേശത്താണ്. ഇതാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ. നെഹ്‌റുവിന്റെ പല ആശയങ്ങളും കോൺഗ്രസ് മറക്കുകയാണ്. നെഹ്‌റുവിനെ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ ഇറ്റലിയിൽ പോകുന്നതാണ് കോൺഗ്രസ് നേതാക്കൾക്ക് നല്ലത് എന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

ആർഎസ്എസും ബിജെപിയും ചേർന്ന് നടത്തുന്ന ഭരണം രാജ്യത്തിന്റെ മതേതരത്വത്തിന് ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു. ഇവരെ പുറത്താക്കാൻ വേണ്ടി രാജ്യത്തെ സോഷ്യലിസ്റ്റുകൾ എല്ലാം ഒരുമിക്കണം. സിപിഐ ഇപ്പോഴും വിശ്വസിക്കുന്നത് കോൺഗ്രസ് പാർട്ടിയാണ് രാജ്യത്ത് ഉദാരവൽക്കരണം നടപ്പിലാക്കിയത് എന്നാണ്. ഉദാരവൽക്കരണം നടപ്പിലാക്കിയതാണ് ഇപ്പോഴുള്ള മിക്ക പ്രശ്‌നങ്ങൾക്കും കാരണം. അതിന് കോൺഗ്രസ് മാത്രമാണ് ഉത്തരവാദിയെന്നും ബിനോയ് വിശ്വം പറഞ്ഞു.

പൊതുകമ്പനികളിൽ സ്വകാര്യപങ്കാളിത്തം എന്ന രീതി കോൺഗ്രസ് തുടങ്ങിവെച്ചതാണ്. അത് ബിജെപിയും തുടരുന്നു എന്നേയുള്ളൂ. ഇതാണ് മുമ്പ് പ്രസംഗങ്ങളിൽ താൻ പരാമർശിച്ചത്. അത് മാധ്യമങ്ങൾ തെറ്റായി നൽകി. രാജ്യത്ത് കോൺഗ്രസ് തകരണമെന്ന് ആഗ്രഹിക്കുന്നില്ല. അത് ബിജെപിയുടെയും ആർഎസ്എസിന്റെയും വളർച്ചയ്ക്ക് കാരണമാകും. രാജ്യത്തിന്റെ മതേതര സ്വഭാവവുമാകും അതുവഴി നശിക്കുക.

നേരത്തെ കോൺഗ്രസ് തകർന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന ശൂന്യത നികത്താൻ ഇടത് പക്ഷത്തിന് കഴിയില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞിരുന്നു. കോൺഗ്രസ് തകർന്നുപോകരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും കോൺഗ്രസ് തകർന്നാൽ അവിടെ സംഘപരിവാർ സംഘടനകൾ ശക്തിപ്പെട്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. കോൺഗ്രസ് തകർന്നുപോകരുത് എന്നാണ് താൻ ആഗ്രഹിക്കുന്നത്. കോൺഗ്രസ് തകർന്നാലുണ്ടാകുന്ന വിടവ് നികത്താനുള്ള കെൽപ് ഇടത് പക്ഷത്തിന് ഇല്ല.

കോൺഗ്രസിന് വലിയ പ്രാധാന്യമുള്ള പാർട്ടിയാണ്. വിയോജിപ്പ് ഉണ്ടെങ്കിലും ഇക്കാര്യത്തിൽ തങ്ങൾക്ക് തിരിച്ചറിവുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ കാതൽ നെഹ്റുവിന്റെ രാഷ്ട്രീയം ആയിരുന്നു. ഇതിൽ കോൺഗ്രസ് പാർട്ടിക്ക് അപചയം ഉണ്ടായി. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് തകർന്നാൽ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. കോൺഗ്രസിന് മാത്രമേ ആ ശൂന്യത നികത്താൻ കഴിയുകയുള്ളൂ എന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

എന്നാൽ ബിനോയ്ക്കെതിരെ സിപിഐ.എം- സിപിഐ പാർട്ടിക്കുള്ളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ബിനോയ് വിശ്വത്തിനെതിരെ സിപിഐ എക്‌സിക്യൂട്ടീവിൽ നിന്നാണ് വിമർശനമുണ്ടായത്. കോൺഗ്രസിനെ അനുകൂലിച്ച് പ്രസ്താവന നടത്തുമ്പോൾ അത് എൽ.ഡി.എഫിനെ ബാധിക്കുമെന്ന് ആലോചിക്കണമായിരുന്നെന്നും ബിനോയ് വിശ്വത്തിന്റെ പ്രസ്താവന തികച്ചും അപക്വമാണെന്നും എക്‌സിക്യൂട്ടീവിൽ പറഞ്ഞു.

കോൺഗ്രസ് തകർന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന ശൂന്യത നികത്താൻ ഇടത് പക്ഷത്തിന് കഴിയില്ലെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞിരുന്നത്. കോൺഗ്രസ് തകർന്നുപോകരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. അതേസമയം, ബിനോയ് വിശ്വത്തെ പിന്തുണച്ച് പാർട്ടി മുഖപത്രമായ ജനയുഗവും രംഗത്തെത്തിയിരുന്നു. മുഖപ്രസംഗത്തിലൂടെയായിരുന്നു ജനയുഗത്തിന്റെ പരസ്യപിന്തുണ.

ബിനോയ് വിശ്വം നടത്തിയ പരാമർശത്തിന് സമ്മിശ്രമായ പ്രതികരണമാണ് ഉണ്ടായതെന്നും ഇത്തരം പ്രതികരണം തികച്ചും സ്വാഭാവികവും ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ഗൗരവമായ ചർച്ചയ്ക്ക് വഴിയൊരുക്കേണ്ടതുമാണെന്നുമായിരുന്നു ജനയുഗം മുഖപ്രസംഗത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് ഇത്തരത്തിലുള്ള പ്രസംഗങ്ങൾ നടത്തുന്നത് കോൺഗ്രസിനെ സഹായിക്കുമെന്നും കോൺഗ്രസിന് അനുകൂല നിലപാടുകൾ പ്രസംഗിക്കുന്നത് ഇടതുപക്ഷ മുന്നേറ്റത്തിന് നല്ലതല്ലെന്നും സിപിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.

സിപിഎം.എമ്മിനെ സംബന്ധിച്ച് ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിയെ തോൽപ്പിക്കുക എന്ന കാര്യത്തിൽ പൂർണ യോജിപ്പാണുള്ളതെന്നും അക്കാര്യത്തിൽ ഇന്ത്യയിലിന്ന് പ്രാദേശിക കക്ഷികൾ പ്രധാനപ്പെട്ട ഘടകമാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.