പത്തനംതിട്ട: കോവിഡ് രോഗിക്ക് പത്തനംതിട്ടയിൽ ലൈംഗികാതിക്രമത്തിന് ഇരയാകേണ്ടി വരുന്നത് ഇത് രണ്ടാം തവണ. നേരത്തെ ആംബുലൻസിലെ പീഡനം ഏറെ ചർച്ചയായിരുന്നു.

പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലാണ് 16 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമമുണ്ടായത്. പെൺകുട്ടിയുടെ പരാതിയിൽ ചെന്നീർക്കര സ്വദേശി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാൾ ചികിത്സാ കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരനാണ്. കോവിഡ് നെഗറ്റീവായി പെൺകുട്ടി ആശുപത്രി വിട്ടശേഷമാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രിയിൽ ക്ലീനിങ് വിഭാഗത്തിലായിരുന്നു പ്രതിയുടെ ജോലി. മുറി വൃത്തിയാക്കാനെത്തിയ ഇയാൾ പെൺകുട്ടിയുടെ ഫോൺ നമ്പർ വാങ്ങി പരിചയത്തിലാകാൻ ശ്രമിച്ചു. അതിന് ശേഷം മുറിക്കുള്ളിൽ വച്ചാണ് പീഡന ശ്രമം.

ഓഗസ്റ്റ് 27-ാം തീയതിയാണ് കോവിഡ് പോസിറ്റീവായി പെൺകുട്ടിയെ ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. സെപ്റ്റംബർ രണ്ടാം തീയതി നെഗറ്റീവായി ഡിസ്ചാർജ് ചെയ്തു. ചികിത്സാകേന്ദ്രത്തിലെ അധികൃതർ തന്നെയാണ് പെൺകുട്ടിയെ ഓട്ടോയിൽ കയറ്റിവിട്ടത്. എന്നാൽ സ്വന്തം വീട്ടിലേക്ക് പോകുന്നതിന് പകരം റാന്നിയിലെ സുഹൃത്തായ മറ്റൊരു പെൺകുട്ടിയുടെ വീട്ടിലേക്കാണ് 16-കാരി പോയത്.

ഇതോടെ മാതാവ് പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ 16-കാരിയെ സുഹൃത്തിന്റെ വീട്ടിൽനിന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ ചോദ്യംചെയ്യലിലും കൗൺസിലിങ്ങിലുമാണ് ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വിവരം പുറത്തറിഞ്ഞത്. ഇതോടെ പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.

ആറന്മുള സ്റ്റേഷനിലാണ് ആദ്യം പരാതി കിട്ടിയത്. പിന്നീട് സംഭവം നടന്നത് പത്തനംതിട്ടയിൽ ആയതിനാൽ അങ്ങോട്ട് കേസ് മാറ്റി. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, ലൈംഗികച്ചുവയോടെ സംസാരിക്കുകയും മോശമായ രീതിയിൽ ശരീരത്തിൽ സ്പർശിക്കുകയുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.