തൃശൂർ: ബിജെപിയെ വെട്ടിലാക്കി കൊടകര കുഴൽപ്പണ കേസിൽ മൊഴികൾ. കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിനെയും പൊലീസ് ചോദ്യം ചെയ്തു. കുഴൽപ്പണ സംഘത്തിന് തൃശൂരിൽ ഹോട്ടലിൽ മുറിയെടുത്ത് നൽകിയത് താൻ തന്നെയെന്ന് തിരൂർ സതീഷ് മൊഴി നൽകിയതായാണ് വിവരം. ജില്ലാ നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് മുറിയെടുത്തത്. ആർക്കാണ് മുറിയെടുക്കുന്നത് എന്ന് അറിയില്ലായിരുന്നെന്നുമാണ് സതീഷിന്റെ മൊഴി.

ഓഫീസ് സെക്രട്ടറിയായത് 4 മാസം മുമ്പ് മാത്രമാണെന്നും അതിനാൽ കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നും സതീഷ് അന്വേഷണ സംഘത്തിനെ അറിയിച്ചതായാണ് വിവരം. തിരൂർ സതീഷിനെ ചോദ്യം ചെയ്ത് ശേഷം വിട്ടയച്ചു. അതേ സമയം കേസിൽ ബിജെപി ജില്ലാ ട്രഷറർ സുജയ് സേനന്റെ സുഹൃത്ത് പ്രശാന്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.

അതേ സമയം തട്ടിയെടുത്ത പണം കണ്ടെത്താൻ പ്രതികളുടെ വീടുകളിൽ നടക്കുന്ന പരിശേധന തുടരുകയാണ്. പ്രതികളുടെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വീടുകളിലാണ് പരിശോധന നടത്തുന്നത്. ആകെ നഷ്ടമായ മൂന്നര കോടിയിൽ ഒരു കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. ഇനിയും കണ്ടെത്തേണ്ട രണ്ടരക്കോടി രൂപക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇരുപത് പേർക്കായി പണം നൽകിയെന്ന് പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

അതേസമയം കൊടകരയിൽ കുഴൽപ്പണം കവർന്ന കേസിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കും. ബിജെപി പണമിടപാടുകളുടെ മുഖ്യ ചുമതലക്കാർ സംസ്ഥാന പ്രസിഡന്റും സംഘടനാ ജനറൽ സെക്രട്ടറിയുമാണ്. സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശിനെയും സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെയും ചോദ്യം ചെയ്തു. ഇതിന്റെ തുടർച്ചയായി സംസ്ഥാന പ്രസിഡന്റിന്റെയും മൊഴിയെടുക്കേണ്ടി വരുമെന്ന് അന്വേഷകസംഘം സൂചിപ്പിച്ചതായി ദേശാഭിമാനി റിപ്പോർട്ടു ചെയ്തിരുന്നു.

കൊടകര കേസിൽ അതിശക്തമായ നടപടികൾ ഉണ്ടാകുമെന്ന സൂചനകളാണ് സിപിഎം പാർട്ടി പത്രം കൂടിയായ ദേശാഭിമാനി നൽകുന്നത്. ബിജെപിയുടെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്തിക്കാനുള്ള ബോധപൂർവ്വമായ നീക്കമുണ്ടാകും. പരാതിക്കാരനായ ഷംജീറിന്റെ സഹായി ഇപ്പോൾ ജയിലിലാണ്. ഇയാളാണ് കുഴൽപ്പണം കടത്തുന്ന വിവരം ചോർത്തിയതെന്നാണ് ആരോപണം. ഇയാളെ വീണ്ടും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. പണം ധർമ്മരാജന് നൽകിയത് സുനിൽ നായിക്കാണെന്നാണ് അയാൾ പറയുന്നത്.

എന്നാൽ സുനിൽ നായിക് അല്ല പണം നൽകിയതെന്ന സംശയം പൊലീസിനുണ്ട്. ഇത്തരത്തിലുള്ള മൊഴി പൊലീസിന് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഷംജീറിനൊപ്പം കാറിലുണ്ടായിരുന്ന സഹായിയെ ചോദ്യം ചെയ്യുന്നത്. ഇതിലൂടെ പണത്തിന്റെ ഉറവിടം കണ്ടെത്താനാകും ശ്രമിക്കുക. അതിനിടെ സുരേന്ദ്രനെ കരിവാരി തേയ്ക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന ആരോപണം ബിജെപിക്കുണ്ട്. കവർച്ചാ കേസ് അന്വേഷണം വഴി തെറ്റിയെന്നും അവർ പറയുന്നു.