പത്തനംതിട്ട: ചൂടുവെള്ളത്തിൽ വീണ പൂച്ചയാണ് മുൻ ഡിസിസി പ്രസിഡന്റും കെപിസിസി അംഗവുമായ പി മോഹൻരാജ്. അതു കൊണ്ടു തന്നെ പച്ചവെള്ളം കാണുമ്പോൾ ഭയം സ്വാഭാവികം. മോഹൻരാജിനെ ഏറ്റവുമധികം പറഞ്ഞു പറ്റിച്ചിട്ടുള്ളത് സ്വന്തം പാർട്ടിക്കാരും സ്വന്തം ഗ്രൂപ്പുകാരുമാണ്. അതു കൊണ്ട് തന്നെ പാർട്ടിയിൽ നിന്ന് രാജി വച്ചതിന് പിന്നാലെ മോഹന സുന്ദര വാഗ്ദാനവുമായി കോൺഗ്രസുകാർ പിന്നാലെയെത്തുമ്പോൾ ആരെയും അദ്ദേഹത്തിന് വിശ്വാസമില്ല.

ആറന്മുളയിൽ സീറ്റ് കിട്ടാത്തതിലും കോന്നിയിൽ തന്നെ കാലുവാരിയ റോബിൻ പീറ്ററിന് സീറ്റ് നൽകിയതിലും പ്രതിഷേധിച്ചാണ് പി. മോഹൻരാജ് കോൺഗ്രസിൽ നിന്ന് രാജി വച്ചത്. രാജി പ്രഖ്യാപനം വന്നതിന് പിന്നാലെ ബിജെപിയും സിപിഎമ്മും അദ്ദേഹത്തെ റാഞ്ചാൻ വട്ടമിട്ടു പറക്കാൻ തുടങ്ങി. ആദ്യം താണു പറന്ന് അടുത്തു ചെന്നത് സിപിഎമ്മാണ്. നീക്കം മണത്തറിഞ്ഞ ബിജെപിയും ചരടുവലി തുടങ്ങി. ഇപ്പോഴത്തെ സാഹചര്യത്തിൽ മോഹൻരാജ് മറ്റൊരു പാർട്ടിയിൽ ചേർന്നാൽ തിരിച്ചടിയാകുമെന്ന് കണ്ട് എ വിഭാഗം നേതാക്കൾ അനുനയ ശ്രമം തുടങ്ങി.

കെപിസിസി ഭാരവാഹിത്വം, ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം, പാർലമെന്റ് സീറ്റ് തുടങ്ങി പച്ചിലകൾ ഒരു പാട് നീട്ടിയിട്ടുണ്ട്. മുൻപ് പലപ്പോഴും ഇത്തരം പച്ചിലകളിൽ കടിച്ച് കയ്പ് അറിഞ്ഞതിനാൽ ഇക്കുറി മോഹൻരാജ് കരുതലിലാണ്. സിപിഎമ്മിലേക്ക് അദ്ദേഹം പോകുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

എന്നാൽ, മോഹൻരാജ് പോകുന്നെങ്കിൽ പോകട്ടെ തടയാൻ നിൽക്കേണ്ട എന്നാണ് എ ഗ്രൂപ്പുകാരുടെ നിലപാട്. മോഹൻരാജ് പോയാലും ഒരു ചുക്കും ഇവിടെ സംഭവിക്കാനില്ല. അദ്ദേഹത്തിനൊപ്പം ഒരു കുഞ്ഞു നേതാവ് പോലും പാർട്ടി വിടാത്തതും അവർ ചൂണ്ടിക്കാട്ടുന്നു. ജനകീയ പിന്തുണയും അടിത്തറയുമുണ്ടായിരുന്നെങ്കിൽ മോഹൻരാജിന് വേണ്ടി ഒരു പ്രകടനമെങ്കിലും നടക്കേണ്ടിയിരുന്നില്ലേ എന്നും അവർ ചോദിക്കുന്നു. പാർട്ടി വളർത്താൻ മോഹൻരാജ് എന്തു സംഭാവനയാണ് നൽകിയത്. നഗരസഭയിൽ സ്വജനപക്ഷപാതം കാട്ടിയതു കൊണ്ടാണ് ഇക്കുറി ഭരണം പിടിക്കാൻ പറ്റാതെ പോയത്. ഭരണത്തിലേറാൻ അനുകൂല ഘടകം ഉണ്ടായിട്ടും അതിന് അദ്ദേഹം തയാറാകാതിരുന്നതും ചൂണ്ടിക്കാണിക്കുന്നു.

മോഹൻരാജിനെ നക്കാപ്പിച്ച കൊടുത്ത് ഒതുക്കാമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ധാരണ. മുൻപ് പലപ്പോഴും ഇങ്ങനെ അദ്ദേഹത്തെ വീഴ്‌ത്തിയിട്ടുമുണ്ട്. 2001 മുതൽ ഇങ്ങനെ പറ്റിക്കപ്പെടുന്നു. അതു കൊണ്ടു തന്നെ ഇക്കുറിയും വാചകം അടിച്ച്, വാഗ്ദാനം ചെയ്ത് വീഴ്‌ത്താമെന്നാണ് ധാരണ. എന്നാൽ, സിപിഎം നേതൃത്വവുമായി മോഹൻരാജ് ചർച്ച നടത്തിക്കഴിഞ്ഞുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉള്ളത്. എന്തായാലും ഇനി കോൺഗ്രസിന്റെ പറഞ്ഞു പറ്റിക്കലിന് മോഹൻരാജിനെ കിട്ടില്ലെന്നും വിശ്വസ്തർ പറയുന്നു. പാർട്ടി വിട്ടാൽ ഒപ്പം ആരും ചെന്നില്ലെങ്കിൽ അതും മോഹൻരാജിന് തിരിച്ചടിയാകും.