തിരുവനന്തപുരം: കെ സുരേന്ദ്രന് മുമ്പ് കേരളത്തിൽ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ആളെ തിരഞ്ഞപ്പോൾ അമിത്ഷായ്ക്ക് വലിയ താൽപ്പര്യം ഉണ്ടായിരുന്നത് ആക്ഷൻ ഹീറോ സുരേഷ് ഗോപിയെ ആ സ്ഥാനത്തുകൊണ്ടുവരാം എന്നതായിരുന്നു. കേരളത്തിന്റെ പൊതുമനസ്സിന് ഇഷ്ടം സുരേഷ് ഗോപിയെ പോലെ ഇളക്കി മറിക്കുന്ന പൊതുസമ്മതനായ വ്യക്തിയെ ആണെന്ന് ഷാ അന്ന് തന്നെ മനസ്സിൽ കണ്ടിരുന്നു. എന്നാൽ, പാർട്ടി സംവിധാനത്തിൽ വളർന്ന കെ സുരേന്ദ്രനെ തന്നെ അധ്യക്ഷനാക്കി. അദ്ദേഹന്റെ നേതൃത്വത്തിൽ നേരിട്ട ആദ്യത്തെ തെരഞ്ഞെടുപ്പിൽ തന്നെ ബിജെപിക്ക് വൻതോൽവിയാണ് ഉണ്ടായതും. ഇതോടെ സുരേഷ് ഗോപി, ഇ ശ്രീധരൻ മോഡൽ പരീക്ഷണങ്ങളിലേക്ക് കടക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. ഇതിനായി ഇനി കേരളത്തിൽ ജനകീയ മുഖങ്ങളെ തേടുകയാകും ബിജെപി ലക്ഷ്യം.

ഉണ്ടായിരുന്ന നേമവും നഷ്ടപ്പെട്ട ബിജെപിക്ക് കേരളത്തിന്റെ വാതിൽ ഇനിയും തുറന്നിട്ടില്ലെന്ന തിരിച്ചറിവ് കേന്ദ്രത്തിന് കേരളത്തിൽ കാര്യങ്ങൾ എളുപ്പമല്ലെന്ന് വ്യക്തമാക്കുന്നതാണ്. കേന്ദ്രനേതാക്കളെ തലങ്ങും വിലങ്ങുമെത്തിച്ചും പണവും മനുഷ്യശക്തിയും പ്രയോഗിച്ചും പ്രചാരണ പടയോട്ടം നടത്തിയിട്ടും ഉള്ള അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടിവന്ന ബിജെപിക്ക് നിരവധി വിഷയങ്ങളിൽ ആത്മപരിശോധന നടത്തേണ്ടിവരും. മാത്രമല്ല, പല മണ്ഡലങ്ങളിലും വോട്ട് കുത്തനെ കുറഞ്ഞതും സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഉൾപ്പെടെ നേതാക്കളുടെ നേരിട്ടുള്ള ശ്രദ്ധയുണ്ടായിട്ടും ബിജെപിക്കുണ്ടായ ഈ തിരിച്ചടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.ട

പാർട്ടി വോട്ടുകൾ പോലും മുഴുവനായി ശേഖരിക്കാൻ കഴിയാത്ത സ്ഥിതിയാണു ബിജെപിയിൽ കാലങ്ങളായി നേതാക്കളായിരുന്നവർക്ക് പോലും. എന്നാൽ കടുത്ത പാർട്ടിക്കാരനല്ലാത്ത മെട്രോമാൻ ഇ.ശ്രീധരൻ, സുരേഷ് ഗോപി തുടങ്ങിയവരെ പോലെയുള്ളവർ പ്രതീക്ഷിക്കാത്ത മുന്നേറ്റം നടത്തുകയും ചെയ്തു. പാർട്ടി വോട്ടുകൾക്കു പുറത്തു ജനക്കൂട്ടത്തിന്റെ വോട്ട് ആകർഷിക്കാൻ കഴിയുന്ന നേതാക്കളെ കൂടുതൽ എത്തിക്കുകയെന്ന തന്ത്രം മാത്രമേ ഇനി കേരളത്തിൽ പരീക്ഷിച്ചു വിജയിപ്പിക്കാനാകൂവെന്ന തിരിച്ചറിവിലാണു ദേശീയ നേതൃത്വം.

ബിജെപിയിലെ ഗ്രൂപ്പിസം അതിഭീകരമായി ഉയർന്ന സമയം കൂടിയാണ് ഇപ്പോൾ. ഈ ചേരിപ്പോരും ആർഎ്‌സഎസ് ഇടപെടലുകളുമെല്ലാം ബിജെപിയുടെ അടിവേരിളക്കി. കെ.സുരേന്ദ്രൻ പ്രസിഡന്റ് പദത്തിലെത്തിയപ്പോൾ ഗ്രൂപ്പ് തർക്കം മൂർച്ഛിക്കുകയാണ് ഉണ്ടായചത്. കേന്ദ്രമന്ത്രി വി.മുരളീധരനും കെ.സുരേന്ദ്രനും ഏകപക്ഷീയമായി നീങ്ങിയതിലൂടെ ഉണ്ടായ സംഘർഷം ഈ പരാജയത്തോടെ പരസ്യമായ പൊട്ടിത്തെറിയിലേക്കെത്തും. പല മണ്ഡലങ്ങളിലും ഈ ഗ്രൂപ്പുതർക്കവും സ്ഥാനാർത്ഥി നിർണയത്തിലെ അട്ടിമറികളുമാണ് വോട്ട് കുത്തനെ കുറയാനിടയാക്കിയത്.

കഴിഞ്ഞ തവണ രണ്ടാം സ്ഥാനം നേടിയ മഞ്ചേശ്വരം, കാസർകോട്, തൃശൂർ, പാലക്കാട്, മലമ്പുഴ, ചാത്തന്നൂർ, വട്ടിയൂർക്കാവ്, കഴക്കൂട്ടം എന്നിവിടങ്ങളെക്കൂടാതെ ആറ്റിങ്ങലിലും നേമത്തും കൂടി രണ്ടാമതായി. എങ്കിലും 12 സീറ്റ് വരെ ജയിക്കുമെന്ന് വിലയിരുത്തിയ ബിജെപി നേതൃത്വത്തെ ഈ തോൽവി വൻ പ്രതിസന്ധിയിലാക്കി. സംസ്ഥാന നേതൃത്വത്തെ ഉടച്ചുവാർക്കണമെന്ന ആവശ്യം ബിജെപിയിൽ ഉയർന്നുകഴിഞ്ഞു.

ശോഭാ സുരേന്ദ്രൻ ഒറ്റയ്ക്കു നേതൃത്വത്തിനെതിരെ പോരാടുമ്പോൾ പി.കെ. കൃഷ്ണദാസും എം ടി. രമേശുമടങ്ങുന്ന നേതൃനിര പാർട്ടി നേതൃത്വത്തെ അതൃപ്തി അറിയിച്ചു കഴിഞ്ഞു. വി.മുരളീധരനും കെ.സുരേന്ദ്രനും ഉൾപ്പെടുന്ന സംഘം ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ തണലിൽ കേരളത്തിലെ പാർട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുന്നു, മിടുക്കരായ നേതാക്കളെ പോലും എതിർ ഗ്രൂപ്പാണെന്നു പറഞ്ഞു വെട്ടിനിരത്തുന്നു എന്നുമാണ് പരാതി.

കേരളത്തിലെ ബിജെപിയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നില്ലെങ്കിലും ആർഎസ്എസ് വിട്ടുനൽകിയ സംഘടനാ സെക്രട്ടറിമാർക്കും ബിജെപിയിലെ ഈ ഗ്രൂപ്പുപോര് കണ്ടുനിൽക്കേണ്ടി വരുന്നു. അവരുടെ നിയന്ത്രണങ്ങൾക്കപ്പുറത്തേക്കു കാര്യങ്ങൾ കടന്നിട്ടും ആർഎസ്എസ് ഇടപെടാൻ മടിച്ചുനിൽക്കുകയാണ്. പാലായിൽ 25,000 വോട്ടുണ്ടായിരുന്ന ബിജെപിക്ക് 10,000 വോട്ടായി കുറഞ്ഞതെങ്ങനെ? അങ്ങനെ വോട്ട് പതിനായിരം കണ്ടു കുറഞ്ഞ പ്രധാന മണ്ഡലങ്ങളുണ്ട്. പല മണ്ഡലങ്ങളിലും ബിജെപിയുമായി ബന്ധമില്ലാത്തവർ പോലും സ്ഥാനാർത്ഥികളായെത്തി. ബിഡിജെഎസ് സ്ഥാനാർത്ഥികളായി വന്നവർക്ക് ആ മണ്ഡലത്തിൽ പോലും ബന്ധമില്ലെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് പല സ്ഥാനാർത്ഥികളെയും മാറ്റി പരീക്ഷിക്കേണ്ടിവന്നു.

ഇത്തരം വീഴ്ചകൾ ഓരോ മണ്ഡലത്തിലും പ്രവർത്തകരുടെ വിമർശനത്തിനിടയാക്കി. സ്ഥാനാർത്ഥി നിർണയത്തിലെ കാലതാമസവും ബാധിച്ചു. തൃശൂരിൽ സുരേഷ് ഗോപിയെത്താൻ വൈകി. ശോഭാ സുരേന്ദ്രന്റെ വരവ് ഗ്രൂപ്പുപോരിൽ പെട്ട് വൈകി. ഇതിനൊന്നും ബിജെപിക്കു പറയാൻ കൃത്യമായ മറുപടിയുണ്ടാകില്ല. വോട്ട് ആകർഷിക്കുന്ന നേതാക്കളുടെ കുറവാണു മറ്റൊരു പ്രതിസന്ധിയെന്നും പാർട്ടി തിരിച്ചറിയുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിക്കാൻ 2 മണ്ഡലങ്ങൾ തിരഞ്ഞെടുത്തതു പാർട്ടിയിലും വിരുദ്ധാഭിപ്രായമുണ്ടാക്കി. രണ്ടാം മണ്ഡലമായ കോന്നിയിൽ മൂന്നാംസ്ഥാനമാണ് സുരേന്ദ്രന് ലഭിച്ചത്. 2 മണ്ഡലത്തിലുമെത്താൻ സുരേന്ദ്രൻ ഹെലികോപ്ടറിലായിരുന്നു യാത്ര. ഇതൊക്കെ ജനങ്ങൾക്കിടയിലേക്ക് തെറ്റായ സന്ദേശമായി എത്തിയെന്നാണു വിലയിരുത്തൽ.

നേതാക്കൾ ആകാശത്തിലൂടെ കറങ്ങിയപ്പോൾ പാർട്ടിയുടെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോയെന്നാണ് പ്രവർത്തകരുടെ വിമർശനം. വളർന്നുവരുന്ന പാർട്ടിയുടെ നേതാക്കൾക്കു വേണ്ട വിനയവും സൗഹാർദ പെരുമാറ്റവുമൊക്കെ ബിജെപിയുടെ മുൻനിര നേതാക്കൾ കൈവിട്ടുവെന്നും പ്രവർത്തകരുടെ വിമർശനമുയരുന്നു. പാർട്ടിയിലെ വിഴുപ്പലക്കുകൾ പരസ്യമായപ്പോൾ പൊതുജനമധ്യത്തിലും വിശദീകരിക്കാൻ പാടുപെട്ടു.

ബിജെപി ബൗദ്ധിക വിഭാഗം കൺവീനറായിരുന്ന ആർ.ബാലശങ്കർ ചെങ്ങന്നൂരിൽ സീറ്റ് കിട്ടാത്തതിനാൽ നടത്തിയ പ്രതിഷേധവും പാർട്ടിയുടെ പ്രതിഛായയെ ബാധിച്ചു. സിപിഎമ്മുമായി രഹസ്യധാരണയെന്നുവരെ അദ്ദേഹം ആരോപിച്ചതോടെ പാർട്ടി പ്രവർത്തനം പോലും പ്രതിസന്ധിയിലായി. യുഡിഎഫും എൽഡിഎഫുമായിരുന്നു ബിജെപിയുടെ രഹസ്യ വോട്ടുധാരണയെ കുറ്റപ്പെടുത്തിയിരുന്നതെങ്കിൽ ദേശീയ നേതാവ് തന്നെ ആരോപണം ഉന്നയിച്ചതോടെ പാർട്ടി ആടിയുലഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ നിർവാഹക സമിതിയംഗവുമായ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പരസ്യമായ വിഴുപ്പലക്കായി. ഒടുവിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടേണ്ടിവന്നു ശോഭയ്ക്കു സീറ്റു ലഭിക്കാൻ. മൂന്ന് പ്രധാന മണ്ഡലങ്ങളിലെ നാമനിർദേശ പത്രിക തള്ളിപ്പോയതു ബിജെപിയുടെ വലിയ വീഴ്ചയായി.

ചില നേതാക്കളുടെ അമിത ആത്മവിശ്വാസം ധാർഷ്ട്യമായി വളർന്നതും പ്രവർത്തകർക്കും ജനങ്ങൾക്കുമിടയിൽ അവമതിപ്പുണ്ടാക്കിയെന്നും വിമർശനമുയർന്നു. മുൻ എംഎൽഎ ഒ.രാജഗോപാൽ നടത്തിയ ചില അഭിപ്രായ പ്രകടനങ്ങൾ പാർട്ടിയുടെ ഏക പ്രതീക്ഷയായിരുന്ന നേമത്തും തിരിച്ചടിയായി. അതേസമയം തോൽവിയെ തുടർന്ന് രാജിസന്നദ്ധത അറിയിച്ച കെ സുരേന്ദ്രൻ പിടിച്ചു നിൽക്കാനുള്ള ശ്രമത്തിലാണ്. തോൽവിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു.