കൽപ്പറ്റ: സി കെ ജാനുവിന് കോഴ നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുമ്പോൾ വയനാട് ബിജെപി ഘടകത്തിൽ പൊട്ടിത്തെറി. സുൽത്താൻ ബത്തേരിയിൽ ഉയർന്ന കോഴ വിവാദത്തിൽ വയനാട് ബിജെപിയിൽ പൊട്ടിത്തെറിയും കൂട്ടിരാജിയും. യുവമോർച്ച നേതാക്കൾക്കെതിരെ വയനാട് ബിജെപിയിൽ നടപടി സ്വീകരിച്ചതിന് പിന്നാലെ നിരവധി ഭാരവാഹികൾ രാജിവെച്ചു.

യുവമോർച്ച ജില്ലാ പ്രസിഡന്റിനെയും ബത്തേരി മണ്ഡലം പ്രസിഡന്റിനെയും സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെയാണ് യുവമോർച്ചയുടെ നഗരസഭാ കമ്മിറ്റി ഭാരവാഹികൾ രാജിവെച്ചത്. വയനാട് യുവമോർച്ചയുടെ ജില്ലാ പ്രസിഡന്റ് ദീപു പുത്തൻപുരയിലിനെ ജില്ലാ കമ്മിറ്റിയും മണ്ഡലം പ്രസിഡന്റ് ലിലിൽ കുമാറിനെ ബത്തേരി മണ്ഡലം കമ്മിറ്റിയുമാണ് സ്ഥാനത്ത് നിന്നും മാറ്റിയത്. ഇതി്‌ന് പിന്നാലെ നിരവധി പ്രവർത്തകർ സംഘടനാ ഭാരവാഹിത്വം രാജിവെച്ചു പ്രതിഷേധിച്ചു.

കോഴ വിവാദത്തിൽ സംസ്ഥാനത്തെ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ആരോപണം ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ഇവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതാണ് നടപടിക്ക് കാരണമായതെന്നാണ് കരുതുന്നത്.

ഇതിന് പിന്നാലെ യുവമോർച്ച ഭാരവാഹിത്വത്തിലുള്ള 13 പേരാണ് രാജിവെച്ചത്. പാർട്ടിയുടെ ഏകപക്ഷീയമായ നിലപാടിനെ എതിർത്തു കൊണ്ടാണ് രാജിയെന്ന് ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു.

സി.കെ. ജാനുവിന് വേണ്ടിയും വയനാട്ടിലെ സ്ഥാനാർത്ഥികൾക്ക് വേണ്ടിയും വോട്ട് അഭ്യർത്ഥിച്ച് അമിത് ഷാ വയനാട്ടിൽ നടത്തിയ റാലിയെ ദീപു ഉൾപ്പെടെയുള്ള യുവമോർച്ച നേതാക്കൾ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. ബിജെപി. സംഘടനാ സെക്രട്ടറി എം. ഗണേശ് കഴിഞ്ഞ ദിവസം ജില്ലയിലെത്തി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയും രാജിയും.