മലപ്പുറം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കം തുടരുന്നതിനിടെ പാർട്ടി വിട്ടു വരുന്ന നേതാക്കളെ ലക്ഷ്യമിട്ട് ബിജെപി. കോൺഗ്രസ് വിട്ടു വരുന്നവരെ ബിജെപി സ്വാഗതം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിക്കാൻ തയ്യാറുള്ളവർക്ക് ബിജെപിയിലേക്ക് കടന്നു വരാമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് മലപ്പുറത്ത് പറഞ്ഞു.

കോൺഗ്രസിന്റെ തകർച്ച ബിജെപിക്ക് ഗുണം ചെയ്യുമെന്ന് ബിജെപി നേതാവ് എം ടി രമേശ് കോഴിക്കോട് പറഞ്ഞു. കോൺഗ്രസ് വിടുന്നവർക്ക് സിപിഎമ്മിലേക്ക് പോകാൻ ആകില്ല. കോൺഗ്രസിൽ നിന്ന് പോയവർ കേരളത്തിന് പുറത്ത് ബിജെപിയിലേക്ക് ആണ് വരുന്നത്. ഇവിടെയും അങ്ങനെ ആകും എന്നാണ് പ്രതീക്ഷയെന്നാണ് എംടി രമേശിന്റെ പ്രതികരണം.

കോൺഗ്രസിൽ അസംതൃപ്തരായ നേതാക്കളേയും അണികളേയും സ്വാഗതം ചെയ്യുന്നുവെന്ന ബിജെപി നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസിന്റെ പ്രതികരണത്തിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി എംടി രമേശും രംഗത്തെത്തിയത്. കോൺഗ്രസ് നേതാക്കൾക്കായി ബിജെപിയിൽ കവാടം തുറന്നിട്ടിരിക്കുകയാണെന്നും നിലവിൽ കോൺഗ്രസ് വിട്ട ഒരു നേതാവും തങ്ങളെ സമീപിച്ചിട്ടില്ലെന്നുമായിരുന്നു പികെ കൃഷ്ണദാസ് പറഞ്ഞത്.

അതിനിടെ, അതൃപ്തി പരസ്യമാക്കി കോൺഗ്രസ് വിട്ട എവി ഗോപിനാഥിന് തിരിച്ചുവരാമെന്ന് കെ മുരളീധരൻ എംപി പ്രതികരിച്ചു. പാർട്ടിയിലേക്ക് തിരിച്ചെത്തിയാൽ അർഹിച്ച സ്ഥാനം നൽകുമെന്നും മുരളീധരൻ വ്യക്തമാക്കി. എ വി ഗോപിനാഥിന്റെ രാജി അടഞ്ഞ അധ്യായമല്ലെന്നും തിരിച്ച് വരാമെന്നുമായിരുന്നു കെ മുരളീധരൻ പറഞ്ഞത്. മുഖ്യമന്ത്രിക്ക് അനുകൂലമായുള്ള എ വി ഗോപിനാഥിന്റെ പ്രസ്താവന ഖേദകരമാണെന്നും മുരളീധരൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നത്തലയും അച്ചടക്കത്തിന്റെ പരിധിയിൽ നിന്നാണ് പറഞ്ഞതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.