കണ്ണൂർ.: കണ്ണൂർ നഗരത്തിലും പരിസരങ്ങളിലും മന്ത്രവാദത്തിനിരയായി അഞ്ച് പേർ മരിച്ചതായി നാട്ടുകാരുടെ പരാതി. ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം അഞ്ച് പേരുടെ മരണം മന്ത്രവാദത്തെ തുടർന്നാണന്നാണ് പരാതി. ചികിത്സയുടെ മറവിൽ നടത്തുന്ന മന്ത്രവാദവും ശാരീരിക പീഡനങ്ങളുമാണ് മരണത്തിന് കാരണം. കുഞ്ഞിപ്പള്ളി സ്വദേശിയായ ഒരു ഇമാമാണ് മന്ത്രവാദത്തിന് നേതൃത്വം നൽകുന്നതെന്നാണ് പരാതി.

സിറ്റി ആസാദ് റോഡിലെ പടിക്കൽ സഫിയ ആണ് ആദ്യ ഇര. രക്ത സമ്മർദ്ദം അടക്കമുള്ള അസുഖത്തിനാണ് എഴുപതുകാരിയായ സഫിയ മന്ത്രവാദത്തെ ആശ്രയിച്ചത്. സഫിയയുടെ മകൻ അഷ്‌റഫ്, സഹോദരി നഫീസു എന്നിവരുടെ മരണ കാരണവും മന്ത്രവാദത്തെ തുടർന്നായിരുന്നുവെന്ന് സഫിയയുടെ മകൻ ആരോപിക്കുന്നു. കുറുവ സ്വദേശിയായ ഇഞ്ചിക്കൽ അൻവറിന്റെ മരണവും മന്ത്രവാദത്തെ തുടർന്നായിരുന്നു. കഴിഞ്ഞ ദിവസം മരിച്ച നാലുവയൽ സ്വദേശിനി ഫാത്തിമ എന്ന വിദ്യാർത്ഥിനിയാണ് ഈ കണ്ണിയിലെ അവസാന ഇര.

കുഞ്ഞിപ്പള്ളി സ്വദേശിയായ ഒരു ഇമാമാണ് മന്ത്രവാദത്തിന്റെ പിന്നിലെന്നും നാട്ടുകാർ ആരോപിക്കുന്നു. ഫാത്തിമയുടെ മരണത്തിന് പിന്നാലെ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മരിച്ച സഫിയയുടെ പിതാവിൽ നിന്നും ബന്ധുകളിൽ നിന്നും സിറ്റ പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പനി മൂർച്ഛിച്ച് ഏഴാം ക്‌ളാസുകാരിയായ സിറ്റി നാലു വയലിലെ ഫാത്തിമ മരണമടഞ്ഞത്. സംഭവത്തിന് പിന്നിൽ മന്ത്രവാദ ചികിത്സ തേടിയതാണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന ആരോപണവുമായി ഫാത്തിമയുടെപിതൃ സഹോദരനും നാട്ടുകാരും പൊലിസിൽ പരാതി നൽകിയിരുന്നു. നേരത്തെ മരിച്ച സഫിയയുടെ മകൻ സിറാജിൽ നിന്നും പൊലിസ് മൊഴിയെടുത്തിട്ടുണ്ട്. കണ്ണുരിൽ മന്ത്രവാദ ചികിത്സ വ്യാപകമാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.