മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയെ അറസ്റ്റു ചെയ്തത് ദേശീയ തലത്തിൽ വലിയ ചർച്ചയാകുകയാണ്. അറസ്റ്റിനായി പൊലീസ് വീട്ടിൽ എത്തിയപ്പോൾ അതിനെ ചെറുക്കാനാണ് അർണാബ് ശ്രമിച്ചത്. മൊബൈൽ ഫോൺ ഓൺ ചെയ്തു വെച്ചു കൊണ്ടാണ് പ്രതികരിച്ചത്. പൊലീസിനൊപ്പം വരാൻ കൂട്ടാക്കാതെ തർക്കിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഇതോടെയാണ് പൊലീസ് ബലപ്രയോഗം നടത്തിയത്. കൈയിൽ പിടിച്ചു വലിച്ചു പുറത്തേക്ക് ഇറക്കാനാണ് പൊലീസ് ശ്രമിച്ചത്. ഇത് തന്നെ പൊലീസ് കൈകാര്യം ചെയ്തു എന്നാണ് അർണാബ് അവതരിപ്പിച്ചത്.

പൊലീസ് തന്നെയും കുടുംബാഗങ്ങളെയും കയ്യേറ്റം ചെയ്‌തെന്ന് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. പത്തോളം പൊലീസ് ഉദ്യോഗസ്ഥർ രാവിലെ അർണബിന്റെ വീട്ടിലെത്തി ബലമായി കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചതായാണ് റിപബ്ലിക്ക് ടിവി തന്നെ റിപ്പോർട്ടു ചെയ്യുകയുമുണ്ടാി. അർണബിനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ചാനൽ പുറത്തുവിട്ടു. കോടതിയിൽ നിന്നുള്ള ഉത്തരവോ സമൻസോ ഇല്ലാതെ അർണബിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം വീട്ടിലേക്കുള്ള എല്ലാ കവാടങ്ങളും സീൽ ചെയ്തതായും ആരെയും പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം അർണബ് ഗോസ്വാമിയുടെ അറസ്റ്റിനെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസും സഖ്യകക്ഷികളും കൂടിച്ചേർന്ന് ജനാധിപത്യത്തെ നാണംകെടുത്തുന്നുവെന്നാണ് ഷാ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'കോൺഗ്രസും സഖ്യകക്ഷികളും കൂടി ജനാധിപത്യത്തെ നാണംകെടുത്തി. റിപ്പബ്ലിക് ടിവി എഡിറ്റർ അർണാബ് ഗോസ്വാമിക്കെതിരെ സംസ്ഥാന ഭരണകൂടം അധികാര ദുർവിനിയോഗം ചെയ്യുകയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായ മാധ്യമങ്ങൾക്കു നേരെയുള്ള കടന്നാക്രമണമാണിത്. ഇത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തെ സൂചിപ്പിക്കുന്നു. സ്വതന്ത്രമാധ്യമങ്ങൾക്ക് നേരെയുള്ള ഈ ആക്രമണം എതിർക്കപ്പെടണം'- അമിത് ഷാ ട്വീറ്റ് ചെയ്തു.

നേരത്തെ അർണബിന്റെ അറസ്റ്റിനെ അപലപിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകറും രംഗത്തെത്തിയിരുന്നു. അർണബ് ഗോസ്വാമിയുടെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞ മന്ത്രി, ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും കൂട്ടിച്ചേർത്തു. ട്വിറ്ററിലായിരുന്നു പ്രകാശ് ജാവദേകറിന്റെ പ്രതികരണം. ആത്മഹത്യ പ്രേരണ കേസിലാണ് മുംബൈ പൊലീസ് അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്.

2018ൽ ആർക്കിടെക്റ്റ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് അർണബിനെ അറസ്റ്റു ചെയ്തിരിക്കുന്നത്. ഇന്റീരിയർ ഡിസൈനറായ ആൻവി നായിക്കിനെയും മാതാവ് കുമുദ് നായിക്കിനെയും 2018 മേയിലാണ് അലിബാഗിലെ അവരുടെ ബംഗ്ലാവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആൻവി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് സ്ഥീരികരിച്ചിരുന്നു. എന്നാൽ കുമുദിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടി മരിച്ചെന്നാണ് കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം ആൻവി ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് നിഗമനം.

ആൻവിയുടെ ആത്മഹത്യ കുറിപ്പിൽ അർണബ് അടക്കം മൂന്നു കമ്പനികളുടെ ഉടമകൾ വലിയ തുകകൾ നൽകാനുണ്ടെന്നും അതിനാലാണ് ഇത്തരത്തിൽ ഒരു കടുത്ത തീരുമാനം എടുക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. അർണബ് ഗോസ്വാമി, ഫിറോസ് ഷെയ്ക്, നിതീഷ് സർദ എന്നിവർ യഥാക്രമം 83 ലക്ഷം, നാലു കോടി, 55 ലക്ഷം എന്നിങ്ങനെ വലിയ തുകകൾ നൽകാനുണ്ടെന്നാണ് പറയുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ ആൻവി വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നും കോൺട്രാക്ടർമാർക്ക് പണം നൽകാത്തതിന്റെ പേരിൽ നിരവധി ഭീഷണികൾ ഉണ്ടായിരുന്നെന്നും കണ്ടെത്തി. എന്നാൽ താൻ പണം മുഴുവൻ നൽകിയെന്നു പറഞ്ഞ് അർണബ് ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

2019ൽ ആരോപണവിധേയകർക്കെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്നു കാണിച്ച് റയിഗഡ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. തുടർന്ന് 2020 മേയിൽ അർണബ് 83 ലക്ഷം രൂപ തന്റെ പിതാവിനു നൽകാനുണ്ടെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും അതിനാൽ കേസ് വീണ്ടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആൻവിയുടെ മകൾ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ സമീപിച്ചു. തുടർന്ന് കേസ് സിഐഡി വിഭാഗത്തെ ഏൽപ്പിക്കുകയായിരുന്നു. നിലവിൽ പൊലീസിനൊപ്പം എത്തിയ സിഐഡി സംഘമാണ് അർണബിനെ അറസ്റ്റു ചെയ്തത്.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചാനൽ ചർച്ചയിൽ അധിക്ഷേപിച്ചത്, സന്യാസിമാരെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ സമൂഹത്തിൽ സംഘർഷത്തിനു കാരണമാകുംവിധം റിപ്പോർട്ട് ചെയ്തു തുടങ്ങിയ കേസുകളും അർണബിനെതിരെയുണ്ട്. അർണബിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതു തടഞ്ഞ ബൊംബെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹർജി നിലവിൽ സുപ്രീം കോടതിയിലാണ്. ഇതിനു പുറമേ ടിആർപി റേറ്റിങ്ങിൽ കൃത്രിമം കാണിച്ചെന്ന കേസിൽ മുംബൈ പൊലീസുമായി അർണബ് ഇടഞ്ഞു നിൽക്കുന്നതിനിടയിലാണ് ഈ അറസ്റ്റ്.