കോഴിക്കോട്: ചാലിയത്ത് നിന്നും ഒന്നരലക്ഷം രൂപ വിലയുള്ള മത്സ്യബന്ധന ബോട്ടിന്റെ എൻജിൻ മോഷ്ടിച്ചയാളെ ബേപ്പൂർ പൊലീസ് പിടികൂടി. മലപ്പുറം അരിയല്ലൂർ സ്വദേശി സലാമാണ് പിടിയിലായത്. ചാലിയത്ത് അൽ ബുഹാരി എന്ന മത്സ്യബന്ധന ബോട്ടിൽ നിന്നാണ് യമഹ 9.9എച്ച്.പി.എൻജിൻ കളവ് പോയത്.

ബേപ്പൂർ ഇൻസ്‌പെക്ടർ പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തീരദേശത്ത് തമ്പടിക്കുന്ന സാമൂഹ്യവിരുദ്ധ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചു. സമീപ റോഡുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതികൾ റോഡ് വഴി അല്ല കടൽമാർഗം വന്നവരാണെന്ന് പൊലീസ് ഉറപ്പിച്ചു.

തുടർന്ന് ബോട്ടുകളുടെ യന്ത്രസാമഗ്രികൾ വിൽപന നടത്തുന്നവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിലൂടെ മലപ്പുറം അരിയല്ലൂർ സ്വദേശിയായ കൊങ്ങന്റെ പുരക്കൽ സലാമും സംഘവുമാണ് മോഷണം നടത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. ബോട്ട് വാങ്ങാനെന്ന വ്യാജേന സലാമിനെ സമീപിച്ചപ്പോൾ മോഷ്ടിച്ച എൻജിൻ സ്വന്തം ബോട്ടിൽ ഘടിപ്പിച്ച് മറിച്ച് വിൽക്കാൻ ശ്രമിക്കുകയായിരുന്നു സലാം. പൊലീസ് സലാമിനെ അറസ്റ്റു ചെയ്തു.

മറ്റൊരു എൻജിൻ ഘടിപ്പിച്ച തോണിയിലാണ് മോഷണത്തിന് ചാലിയത്ത് വന്നതെന്നും കൂടെ സഹായത്തിനായി മറ്റൊരാൾ കൂടി ഉണ്ടായിരുന്നെന്നും പ്രതിയെ ചോദ്യം ചെയ്തതിൽനിന്നും വ്യക്തമായിട്ടുണ്ട്. കൂട്ടുപ്രതിക്കായുള്ള അന്വേഷണം ബേപ്പൂർ പൊലീസ് ഊർജിതമാക്കി. ഇൻസ്‌പെക്ടർ പ്രമോദിനോടൊപ്പം എസ് ഐ സതീഷ്‌കുമാർ എ എസ് ഐ അരുൺകുമാർ സിപിഒ മാരായ സരീഷ് പെരുമ്പുഴക്കാട്,ഐ.ടി.വിനോദ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.