പത്തനംതിട്ട: നേരിട്ട് കൈയിൽ വാങ്ങി പോക്കറ്റിലും കാറിലുമായി സൂക്ഷിച്ചത് പോരാഞ്ഞിട്ട് ഡിജിറ്റൽ ഇടപാടുകൾ വഴിയും കൈക്കൂലി വാങ്ങിയ സംഭവത്തിൽ സബ്രജിസ്ട്രാർക്കും സീനിയർ ക്ലാർക്കിനും സസ്പെൻഷൻ. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഞ്ചു മാസത്തിന് ശേഷമാണ് നടപടി വന്നിരിക്കുന്നത്.

പത്തനംതിട്ട അമാൽഗമേറ്റഡ് സബ് രജിസ്ട്രാർ ഓഫീസിലെ സബ് രജിസ്ട്രാർ ടി. സനൽ, സീനിയർ ക്ലാർക്ക് കെ.ജി. ജലജകുമാരി എന്നിവരെയാണ് രജിസ്ട്രേഷൻ വകുപ്പ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ വർഷം നവംബർ 11 ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥർ ഓപ്പറേഷൻ സത്യജ്വാല എന്ന പേരിൽ നടത്തിയ മിന്നൽ പരിശോധനയിൽ സനലിന്റെ കൈയിലും കാറിലും നിന്നുമായി കണക്കിൽപ്പെടാത്ത 62,100 രൂപ കണ്ടെടുത്തു.

കൂടാതെ ഗൂഗിൾ പേ, ഫോൺപേ ആപ്ലിക്കേഷനുകളിലൂടെ വിവിധ അക്കൗണ്ടിൽ നിന്നും തുക വന്നതും കണ്ടെത്തി. അരലക്ഷം വരെയുള്ള തുക ഭാര്യയുടെയും മറ്റു ചിലരുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കണ്ടെത്തി.

ജലജകുമാരിയുടെ പക്കൽ നിന്നും കണക്കിൽപ്പെടാത്ത 12,700 രൂപയാണ് പിടിച്ചെടുത്തത്. രണ്ടു പേരുടെയും ഭാഗത്ത് നിന്ന് മുൻപും ഇത്തരം അനധികൃത ഇടപാടുകൾ ഉണ്ടായിട്ടുള്ളതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതെല്ലാം അടിസ്ഥാനമാക്കി രജിസ്ട്രേഷൻ വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.