ബ്രിസ്‌ബേൻ: ഓസ്ട്രേലിയയിൽ മലയാളി കുടുംബം സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു സംഭവം മലയാളി സമൂഹത്തെ ശരിക്കും ഞെട്ടിച്ചിരുന്നു. അമ്മയും കുഞ്ഞും മരിക്കുകയും രണ്ട് ആൺകുട്ടികൾക്കും പരിക്കേറ്റ് ചികിത്സയിൽ കഴിയുകയുമായിരുന്നു. തൃശൂർ ചാലക്കുടി പോട്ട നടുക്കുന്ന് പെരിയച്ചിറ ചുള്ളിയാടാൻ ബിബിന്റെ ഭാര്യ ലോട്സിയും(35) മകളും (6) ആണ് മരിച്ചത്. ബിബിനും മറ്റു രണ്ടു കുട്ടികൾക്കും ഗുരുതരമായി പരുക്കേൽക്കുകയുമായിരുന്നു. ഇവർ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.

ഓസ്‌ട്രേലിയൻ മലയാളികളെ ഞെട്ടിച്ച സംഭവത്തിൽ അപകടത്തിൽ പരിക്കേറ്റ കുടുംബത്തിന്റെ തുടർ ചികിത്സാ ചെലവ്ക്കും മാറ്റുമായി ഓസ്‌ട്രേലിയയിലെ മലയാളി സമൂഹം ക്രൗഡ് ഫണ്ടിങ് വഴി പണം സമാഹരിക്കുന്നുണ്ട്. ഈ ധനശേഖരണം പുരോഗമിക്കവേ വലിയ തോതിലുള്ള സഹകരണാണ് പ്രവാസി സമൂഹം നൽകിയിരിക്കുന്നത്. ബിബിനെയും കുടുംബത്തിനെയും സഹായിക്കാനുള്ള എമർജൻസി ഫാമിലി സർപ്പോർട്ട് ഫണ്ടിൽ ഇതിനോടകം തന്നെ നല്ലൊരു തുക ലഭിച്ചു കഴിഞ്ഞു.

അഭ്യർത്ഥന തുടങ്ങി 24 മണിക്കൂർ തികയും മുമ്പ് രണ്ട് കോടിക്ക് മുകളിലാണ് പണമായി ലഭിച്ചിരിക്കുന്നത്. 405,730 ഡോളർ ലഭിച്ചു കഴിഞ്ഞു(ഏകദേശം രണ്ട് കോടി 20 ലക്ഷം രൂപ). ഇപ്പോഴും എമർജൻസി ഫണ്ട് റിലീഫ് പിരിവ് തുടരുകയാണ്. വരും സമയങ്ങളിൽ ഈ തുക ഇനിയും ഉയരാൻ സാധ്യതയുണ്ട്. ബിപിന്റെയും ലോട്‌സിയുടെയും ബന്ധുവായ മാർട്ടിൻ മാത്യുവിന്റെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരണം നടക്കുന്നത്. കാർ അപകടത്തിൽ ഒരു മലയാളി കുടുംബത്തിന് ഉണ്ടായ ദുരന്തത്തിന് പണം പകരമാകില്ലെങ്കിലും ആ കുടുംബത്തിനോടുള്ള സ്‌നേഹവായ്‌പ്പ് പ്രകടിപ്പിക്കുകയാണ് ഓസ്‌ട്രേലിയൻ മലയാളികൾ.

ക്വീൻസ് ലാന്റിലെ മില്ലർമാൻ ഡൗൺസിൽ വച്ചാണ് കാറും ട്രക്കും കൂട്ടിയിച്ച് ലോഡ്‌സിയും ആറ് വയസുകാരിയായ മകളും മരിക്കുന്നത്. ന്യൂ സൗത്ത് വെയിൽസിലെ ഓറഞ്ചിൽ നിന്ന് ബ്രിസ്ബൈനിലേക്ക് പുതിയ ജോലി കിട്ടി പോയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 7.20ഓടെയാണ് ഗോർ ഹൈവേയിൽ മില്ലർമാൻ ഡൗൺസിൽ വച്ച് അപകടമുണ്ടായത്. മലയാളി കുടുംബം യാത്ര ചെയ്തിരുന്ന ടൊയോട്ട ക്ലൂഗർ എസ് യു വിയും, ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട സ്ഥലത്തു വെച്ചു തന്നെ ലോട്‌സിയും മകളും മരിച്ചു.

കുടുംബത്തിലെ മറ്റു രണ്ടു കുട്ടികളും ഗുരുതരാവസ്ഥയിൽ ബ്രിസ്‌ബൈനിൽ ആശുപത്രിയിലാണ്. ബിബിനെ ടൂവൂംബ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇവരുടെ കുടുംബ സുഹൃത്തുക്കൾ പറഞ്ഞു. ട്രക്കിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. ന്യൂ സൗത്ത് വെയിൽസിലെ ഓറഞ്ചിൽ ജീവിച്ചിരുന്ന കുടുംബമാണ് ബ്രിസ്ബൈനിലേക്ക് യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ടത്.

നഴ്സായി ജോലി ചെയ്തിരുന്ന യുവതിക്ക് ബ്രിസ്ബൈനിൽ പുതിയ ജോലി കിട്ടിയതിനെ തുടർന്നായിരുന്നു യാത്രയെന്ന് കുടുംബ സുഹൃത്ത് പോൾ പാപ്പച്ചൻ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച യാത്ര ചെയ്യാനിരുന്നെങ്കിലും, ഓറഞ്ച് മേഖലയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഇവർ യാത്ര നേരത്തേയാക്കിക്കുകയായിരുന്നു. ഇതാണ് അകടത്തിന് ഇടയാക്കിയതും.

കേരളത്തിൽ ചാലക്കുടി പോട്ട സ്വദേശികളാണ് അപകടത്തിൽപ്പെട്ട കുടുംബം. ഇവരുടെ കുടുംബത്തെ വിവരം അറിയിച്ചതായും പോൾ പാപ്പച്ചൻ പറഞ്ഞു. അപകടകാരണം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് ഹെലികോപ്റ്ററുകളും ഫയർഎഞ്ചിനും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെന്നും പൊലീസ് അറിയിച്ചു.

ബ്രിസ്‌ബെയ്‌നിൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഒരു കുട്ടിയുടെ ശസ്ത്രക്രിയ കഴിഞ്ഞു. ബിബിൻ തൂവൂമ്പയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു വർഷം മുൻപാണ് ലോട്സി ഓസ്ട്രേലിയയിൽ എത്തിയത്. ആദ്യം ഓറഞ്ചിലാണു ജോലി ചെയ്തത്.