കോട്ടയം : ഏറ്റുമാനൂർ അടിച്ചിറയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ടു. തിരുവനന്തപുരത്തു നിന്ന് മാട്ടുപെട്ടിയിലേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസാണ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞത്.അപകടത്തിൽ 16 പേർക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. പുലർച്ചെ രണ്ടരയോടെയാണ് അപകടം.

ഏറ്റുമാനൂർ അടിച്ചിറ ജങ്ഷനു സമീപമാണ് അപകടം.ഡ്രൈവറും കണ്ടക്ടറുമുൾപ്പടെ 46 പേരാണ് ബസിലുണ്ടായിരുന്നത്. ഗാന്ധിനഗറിൽ ഒരു യാത്രികനെ ഇറക്കിയ ശേഷം വരുമ്പോൾ അടിച്ചിറ വളവിൽ നിയന്ത്രണംവിട്ട ബസ്, രണ്ടു പോസ്റ്റുകളിൽ ഇടിച്ച ശേഷം മറിയുകയായിരുന്നുവെന്നാണ് വിവരം.

അപകടകാരണം വ്യക്തമായിട്ടില്ല. പൊലീസും ഫയർഫോഴ്സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തലയ്ക്കും കൈകാലുകൾക്കുമാണ് മിക്കവർക്കും പരിക്ക്. യാത്രക്കാർ ഉറക്കത്തിലായതും അപകടത്തോത് കൂട്ടി.