ന്യൂഡൽഹി: രാജ്യത്തെ 13 സംസ്ഥാനങ്ങളിലായി 29 നിയമസഭാ മണ്ഡലങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശമായ ദാദ്ര ആൻഡ് നഗർ ഹവേലിയടക്കം മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത്. അസമിൽ അഞ്ച്, പശ്ചിമ ബംഗാളിൽ നാല്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിൽ മൂന്ന് വീതം, ബിഹാർ, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ രണ്ട് വീതം, ആന്ധ്രപ്രദേശ്, ഹരിയാണ, മഹാരാഷ്ട്ര, മിസോറാം, തെലങ്കാന എന്നിവിടങ്ങളിൽ ഓരോ വീതം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

കേന്ദ്ര ഭരണപ്രദേശമായ ദാദ്രനഗർ ഹവേലി, ഹിമാചലിലെ മണ്ഡി, മധ്യപ്രദേശിലെ ഖന്ദ്വ എന്നീ ലോക്സഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു.

പശ്ചിമബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടി. ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റുകൾ തൃണമൂൽ പിടിച്ചെടുത്തു. നാല് നിയമസഭാ മണ്ഡലങ്ങളിലും തൃണമൂൽ വ്യക്തമായ ഭൂരിപക്ഷം നേടി.

കേന്ദ്ര ആഭ്യന്തര സഹ മന്ത്രി നിസിത് പ്രമാണിക് മാസങ്ങൾക്ക് മുമ്പ് 57 വോട്ടിന് വിജയിച്ച ദിൻഹത മണ്ഡലത്തിൽ തൃണമൂലിന്റെ ഭൂരിപക്ഷം ഒന്നര ലക്ഷം കവിഞ്ഞു. ലോക്സഭാ അംഗത്വം നിലനിർത്തുന്നതിന് വേണ്ടി നിയമസഭാ അംഗത്വം നിസിത് രാജിവെച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

ബിജെപിയുടെ മറ്റൊരു സിറ്റിങ് സീറ്റായ ശാന്തിപുറിലും തൃണമൂൽ മികച്ച ഭൂരിപക്ഷം നേടി. 63892 വോട്ടുകളുടെ ലീഡുണ്ട് നിലവിൽ തൃണമൂലിന് ഇവിടെ. ഗോസബ മണ്ഡലത്തിൽ 143051 ആണ് തൃണമൂലിന്റെ ഭൂരിപക്ഷം . ഖർദഹയിൽ 93832 വോട്ടിന്റെ ലീഡ് നേടി.

അസമിൽ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിലും ബിജെപി സഖ്യം വ്യക്തമായ ഭൂരപക്ഷം നേടി. ഇതിൽ ബിജെപി വിജയിച്ച മൂന്ന് സീറ്റുകളും കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപി ടിക്കറ്റിൽ മത്സരിച്ചവരാണ് വിജയിച്ചത്. മരിയാനിയിൽ രൂപജ്യോതി കുർമി (മരിയാനി), സുശാന്ത ബോർഗോഹൈൻ (തൗറ), ഫണിധർ താലൂക്ദാർ (ഭാബാനിപൂർ) എന്നിവരാണ് ജയിച്ചത്. മറ്റു രണ്ടു സീറ്റുകളിൽ ബിജെപി സഖ്യകക്ഷിയായ യുപിപിഎലും വിജയിച്ചു.

മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ രണ്ടെത്തിൽ ബിജെപിയും ഒരിടത്തും കോൺഗ്രസുമാണ് മുന്നിട്ട് നിൽക്കുന്നത്. പൃഥിപുറിലും ജോബാറ്റിലുമാണ് ബിജെപി മുന്നേറുന്നത്. രണ്ടും കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. അതേ സമയം ബിജെപിയുടെ സിറ്റിങ് സീറ്റായ റായ്ഗോണിൽ കോൺഗ്രസിനാണ് ലീഡ്. ഉപതിരഞ്ഞെടുപ്പ് നടന്ന ഖന്ദ്വ ലോക്സഭാ സീറ്റിൽ ബിജെപിയാണ് മുന്നിൽ.

ഹിമാചൽ പ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ സീറ്റുകളും ഒരു ലോക്സഭാ സീറ്റും കോൺഗ്രസ് തൂത്തുവാരി. ബിജെപിയുടെ സിറ്റിങ് സീറ്റായ മാണ്ഡി ലോക്സഭാ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി വീർഭദ്ര സിങിന്റെ ഭാര്യ പ്രതിഭാ സിങ് മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചു.

2019-ൽ ബിജെപിക്ക് ഇവിടെ നാല് ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം നേടാനായിരുന്നു. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ചു.

ഫത്തേപുരിൽ ഭവാനി സിങ് പതാനിയ 5789 വോട്ടുകൾക്കും അർകിയിൽ സഞ്ജയ് 3219 വോട്ടുകൾക്കും ജുബ്ബൽ കോതായിയിൽ രോഹിത് ഠാക്കൂർ 6293 വോട്ടുകൾക്കുമാണ് ജയിച്ചത്. ജുബ്ബൽ ബിജെപിയുടെ സിറ്റിങ് സീറ്റാണ്.

കർണ്ണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളിൽ ഒന്നിൽ ബിജെപിയും രണ്ടാമത്തെ സീറ്റിൽ കോൺഗ്രസും വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്ന ഹങ്ഗാളിലാണ് കോൺഗ്രസ് വിജയം. മനേ ശ്രീനിവാസ് 7373 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സീറ്റ് നേടിയത്. സിന്ദാഗി മണ്ഡലത്തിൽ ബിജെപി വിജയിച്ചു. ജെഡിഎസിന്റെ സിറ്റിങ് സീറ്റായിരുന്ന സിന്ദ്ഗിയിൽ ബിജെപി 31185 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

ബിഹാറിൽ ഭരണകക്ഷിയായ ജെഡിയുവിന്റെ രണ്ട് സിറ്റിങ് സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇവിടെ ജെഡിയുവും ആർജെഡിയും ഓരോ സീറ്റിൽ ലീഡ് നേടിയിട്ടുണ്ട്. മേഖലയയിലെ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിൽ എൻപിപി രണ്ട് സീറ്റുകളിലും യുഡിപി ഒരു സീറ്റിലും ലീഡ് നേടി.

രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നട്ന രണ്ട് സീറ്റിലും കോൺഗ്രസിന് ജയിക്കാനായി. ബിജെപിയുടെ സിറ്റിങ് സീറ്റായ ധരിവാദിൽ 18655 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചത്.വല്ലഭ് നഗറിലും കോൺഗ്രസ് മികച്ച ഭൂരിപക്ഷം നേടി. ഇവിടെ ബിജെപി നാലാം സ്ഥാനത്തായി.

മഹാരാഷ്ട്രയിലെ ദെഗ്ലൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ജിതേഷ് റാവുസാഹിബ് അന്തുപൂർകർ 27763 വോട്ടുകൾക്ക് ജയിച്ചു. ആന്ധ്രപ്രദേശിലെ ബദ്വേൽ മണ്ഡലത്തിൽ വൈഎസ്ആർ കോൺഗ്രസ് വൻ ഭൂരിപക്ഷത്തിന് വിജയിച്ചു. ഹരിയാണയിൽ ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാവ് അഭയ് ചൗട്ടല എല്ലനാബാദ് മണ്ഡലത്തിൽ നിന്ന് വിജയിച്ചു.

തെലങ്കാനയിൽ ടിആർഎസിൽ നിന്ന് രാജിവെച്ച് ബിജെപിയിലെത്തിയ മുൻ മന്ത്രി എടാല രാജേന്ദർ മുന്നിലാണ്. മിസോറാമിൽ മിസോ നാഷണൽ ഫ്രണ്ട് സ്ഥാനാർത്ഥി ജയിച്ചു. ദാദ്ര ആൻഡ് നഗർ ഹവേലി ലോക്സഭാ സീറ്റിൽ ശിവസേന സ്ഥാനാർത്ഥി 50677 വോട്ടുകൾ ജയിച്ചു.