തിരുവനന്തപുരം: നിരവധി ആദിവാസി മുന്നേറ്റങ്ങൾക്ക് നേതൃത്വം കൊടുത്ത സി.കെ. ജാനുവിനെ സിപിഎം വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സി.കെ. ജാനുവിനെതിരായ പ്രതികാര നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ ചെറുത്ത് നിൽപ്പിന് ബിജെപി തയാറാകും. ജാനുവിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ശ്രമം.

ആദിവാസികൾക്ക് ഭൂമി ലഭിക്കാനുൾപ്പെടെ ശക്തിയായി പോരാടിയ സി.കെ. ജാനു എൽ.ഡി.എഫിന്റെ ഭാഗമാകാൻ തയാറാകാത്തതിലുള്ള പക തീർക്കുകയാണ് സിപിഎം. ലോക ആദിവാസി ദിനത്തിൽ ജാനുവിനെ ആദരിക്കുന്നതിന് പകരം അവരുടെ വീട്ടിൽ അതിക്രമിച്ചുകയറുകയാണ് പൊലീസ് ചെയ്തത്.

വയനാട് തെരഞ്ഞെടുപ്പ് കോഴക്കേസ് സിപിഎമ്മിന്റെ സൃഷ്ടിയാണ്. സിപിഎം അനുകൂലികളായ പൊലീസ് ഉദ്യോഗസ്ഥരാണ് ജാനുവിന്റെ വീട്ടിലെത്തിയത്. സിപിഎം സി.കെ. ജാനുവിനെ ഭയപ്പെടുന്നതുകൊണ്ടാണ് ഈ അതിക്രമങ്ങളെല്ലാം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.