തിരുവനന്തപുരം: കേരളത്തിൽ പ്രളയ നിയന്ത്രണത്തിൽ സർക്കാരിനുണ്ടായ വീഴ്ചകൾ സിഎജി അക്കമിട്ട് നിരത്തിയിട്ടും പരിഹാരം കാണാതെ സംസ്ഥാന സർക്കാർ. അടിയന്തര പരിഹാരം കാണണമെന്നു നിർദേശിച്ച നടപടികൾ പോലും പൂർത്തിയാക്കിയിട്ടില്ല. 2017 മുതൽ മിക്കവാറും വർഷങ്ങളിലെല്ലാം പ്രകൃതിദുരന്തങ്ങൾ തുടർകഥയായിട്ടും പരിഹാരം കാണുന്നതിൽ സർക്കാർ താൽപര്യം കാണിക്കുന്നില്ല.

ആദ്യപ്രളയത്തിന് ശേഷം ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വകുപ്പുകളിൽ വെർച്വൽ കേഡർ രൂപീകരിക്കുക എന്ന സിഎജി നിർദ്ദേശത്തെ തുടർന്ന് 26 വകുപ്പുകളിൽ വെർച്വൽ കേഡർ രൂപീകരിക്കാൻ 2017 ൽ തീരുമാനിച്ചിരുന്നു. എന്നാൽ നാല് വർഷമായിട്ടും 15 വകുപ്പുകളിൽ മാത്രമാണ് തീരുമാനം നടപ്പാക്കാൻ സാധിച്ചത്. പ്രളയ പ്രവചന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ആവശ്യമായ വിവരങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്ര ജല കമ്മിഷനു നൽകിയില്ല എന്ന് 2017 ൽ സിഎജി കണ്ടെത്തിയിട്ടും തുടർച്ചയായി പ്രളയമുണ്ടായ 2018, 2019 വർഷങ്ങളിലൊന്നും ഈ നടപടി പൂർത്തിയാക്കിയില്ല. കമ്മിഷനു വിവരങ്ങൾ നൽകിയത് 2021 ഏപ്രിൽ 17നു മാത്രമാണ്.

അണക്കെട്ടുകളിൽ മണ്ണ് അടിഞ്ഞു സംഭരണശേഷി കുറഞ്ഞിട്ടും പരിഹാര നടപടികളില്ല എന്ന് സിഎജി കണ്ടെത്തി. എന്നാൽ വയനാട്ടിലെ ബാണാസുര അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു കഴിഞ്ഞ 2 പ്രളയകാലത്തും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായെങ്കിലും എത്ര സ്ഥലത്തു മണ്ണിടിഞ്ഞുവെന്ന സർവേ ഇതുവരെ നടന്നിട്ടില്ല. പാലക്കാട് ജില്ലയിലെ മംഗലം ഡാമിലേതു കഴിഞ്ഞ വർഷം ആരംഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ 4 മാസം മുടങ്ങിയ ശേഷം ഈയിടെ പുനരാരംഭിച്ചു. ചുള്ളിയാർ ഡാമിന്റെ ടെൻഡർ നടപടികൾ ഇഴയുന്നു. ഷോളയാറിലെ ചെളി നീക്കം ചെയ്യാൻ 2019ൽ നീക്കം ആരംഭിച്ചെങ്കിലും അടുത്തിടെയാണ് പുരോഗതിയുണ്ടായത്.

വിസാറ്റ് ഫോണുകൾ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്ന് സിഎജി കണ്ടെത്തിയിരുന്നു. 2016 മാർച്ചിൽ വയനാട്ടിലെ ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററിൽ (ഡിഇഒസി) ബിഎസ്എൻഎൽ സ്ഥാപിച്ച വിസാറ്റ് ഫോണുകൾ 2019ലെ പ്രളയത്തിനു ശേഷം പ്രവർത്തനരഹിതമായി.

ആപ്തമിത്ര പദ്ധതിയിൽ കേരളം വീഴ്ച വരുത്തിയെന്ന് സിഎജി റിപ്പോർട്ടിലുണ്ട്. രാജ്യത്ത് പ്രളയസാധ്യതയുള്ള 30 ജില്ലകളിൽ 200 വൊളന്റിയർമാരെ പരിശീലിപ്പിക്കുന്ന കേന്ദ്ര പദ്ധതിയിൽ കേരളത്തിൽനിന്ന് ഉൾപ്പെടുത്തിയത് കോട്ടയം ജില്ലയെ. 2016ൽ പദ്ധതി ആരംഭിച്ചു. 2 വർഷമാണ് കാലാവധി. ദേശീയ ദുരന്ത നിവാരണ അഥോറിറ്റി കേരളത്തിന് 22.70 ലക്ഷം രൂപ കൈമാറി. വൊളന്റിയർമാരുടെ പട്ടിക കേരളം കേന്ദ്രത്തിനു കൈമാറിയത് 2018ൽ. സന്നദ്ധപ്രവർത്തകർക്ക് രക്ഷാപ്രവർത്തനത്തിനുള്ള കിറ്റുകൾ കൈമാറിയത് 2019ൽ. ഫണ്ട് കൈമാറ്റത്തിലെ കാലതാമസമാണ് തടസ്സമായതെന്നാണ് കേരളത്തിന്റെ മറുപടി.

ഭാരതപ്പുഴയുടെ കൈവഴികളായ ചിറ്റൂർ, മലമ്പുഴ, ഗായത്രി, തൂത പുഴകൾക്ക് മാസ്റ്റർപ്ലാൻ തയാറാക്കാൻ 3 വർഷം മുൻപു നടപടി ആരംഭിച്ചെങ്കിലും ഗായത്രിയുടേതും തൂതയുടേതും മാത്രമാണ് ഇതുവരെ പൂർത്തിയായത്. നാലെണ്ണവും പൂർത്തിയാകാതെ തുടർപ്രവർത്തനം സാധ്യമല്ല. നെടുമ്പാശേരിയിൽ ചെങ്ങൽത്തോട്ടിലെ വെള്ളം പെരിയാറിലേക്കു തിരിച്ചുവിടാനുള്ള കനാൽ അപര്യാപ്തമാണെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. സിയാൽ നടപ്പാക്കുന്ന 'ഓപ്പറേഷൻ പ്രവാഹ്' പദ്ധതികളിൽ 129.30 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ആദ്യ ഘട്ടം പൂർത്തിയായി. ചെങ്ങൽത്തോടിനെ വഴിതിരിച്ചുവിടുന്ന കനാൽ 63.77 കോടി രൂപ ചെലവിൽ നവീകരിച്ചു. നീരൊഴുക്കു സുഗമമാക്കാനായി 3 പാലം നിർമ്മിച്ചു. തോട് തുടങ്ങുന്ന ഭാഗത്തു നിർമ്മിക്കുന്ന റഗുലേറ്റർ കം ബ്രിജ് പൂർത്തിയാകാനുണ്ട്. പ്രാദേശികമായി ചില എതിർപ്പുകൾ പദ്ധതിക്കെതിരെയുണ്ട്.

തോട്ടപ്പള്ളി സ്പിൽവേയുടെ ലീഡിങ് ചാനലിന് ആഴവും വീതിയും കൂട്ടാനുള്ള ഡ്രജിങ് ഇപ്പോൾ നടക്കാത്തത് വലിയൊരു പോരായ്മയായിരുന്നു. ചെറുതന പാണ്ടി ഭാഗത്ത് നേരത്തേ കുഴിച്ചെടുത്തതു സിലിക്ക മണലായിരുന്നു. ഇതു കൊണ്ടുപോകുന്നതു തടസ്സപ്പെട്ടതോടെ ഡ്രജിങ് നിർത്തി. ചെറുതന പാണ്ടി പാലത്തിനടുത്തുനിന്നു മണൽ നീക്കുന്നതിന് എതിർപ്പുണ്ടായിരുന്നു. തുടർന്ന് മറ്റൊരിടത്ത് ചാനലിന്റെ മധ്യഭാഗത്തുനിന്നാണ് മണൽ നീക്കിയിരുന്നത്. വീയപുരം ഭാഗത്ത് ചെളിയുടെ അളവു കൂടുതലായതിനാൽ ഡ്രജിങ് നടന്നില്ല. സ്പിൽവേയുടെ കവാടത്തിൽ ഉണ്ടായിരുന്ന കാറ്റാടി മരങ്ങൾ മുറിച്ചു. മണൽ നീക്കുന്നതും മരങ്ങൾ മുറിച്ചതും പ്രാദേശികമായി വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു.