കണ്ണൂർ :ഭീകര താണ്ഡവമടിച്ച ചുഴലിക്കാറ്റിൽ നിന്നും നൂറോളം ജീവൻ രക്ഷിച്ച മയ്യഴി സ്വദേശിയായ ക്യാപ്റ്റൻ പ്രേമന് മറക്കാനാവുന്നില്ല ആ ദിനങ്ങൾ. കൂരിരുട്ടിൽ ഇരുന്നൂറ് കി.മീറ്റർ വേഗതയിൽ വീശിയടിച്ച ടൗട്ടേയുടെ താണ്ഡവത്തിനു മുൻപിൽ പകച്ചു നിന്നു പോയെങ്കിലും സമചിത്തത കൈവിടാതെ പ്രേമൻ രക്ഷാപ്രവർത്തനത്തിലേർപ്പെടുകയായിരുന്നു.

ആയിരം നാവുള്ള അനന്തനെപ്പോലെ ചീറ്റി വന്ന കൊടും തീരമാലകൾക്കിടയിലും, മരണത്തെ മുന്നിൽ കണ്ട് 12 മണിക്കൂറുകളിൽ നടത്തിയ രക്ഷാപ്രവർത്തനം ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത് നൂറ് കണക്കിനാളുകളെയാണ്. ധീരമായി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എഎസ്എൽ ചീൽ എന്ന കപ്പലിന്റെ ക്യാപ്ടൻ മാഹി പാറക്കൽ സ്വദേശിയുമായ ചാണോളിയൻ വളപ്പിൽ പ്രേമൻ തന്റെ ചെവിയിലെത്തിയ നിലവിളികളും താൻ കണ്ട കാഴ്‌ച്ചകളും ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് പറയുന്നു.

നൂറുകണക്കിന് മനുഷ്യ ജീവനുകൾ ആശങ്കയിൽ തണുത്തുറഞ്ഞു പോയ ദിനരാത്രങ്ങളെ ഉൾക്കിടിലത്തോടെയാണ് ഈ നാവികൻ ഇപ്പോഴും ഓർക്കുന്നത്. അതിശക്തമായ ചുഴലിക്കാറ്റിൽ സാഗർ ഭൂഷൺ എന്ന ഷിപ്പിങ്ങ് കോർപ്പറേഷന്റെ കപ്പൽ എട്ട് നങ്കൂരങ്ങളുമിട്ട് കടലിൽ ഉറപ്പിച്ച് നിർത്തിയതായിരുന്നു. എന്നാൽ ഇവ പൂർണ്ണമായും വിച്ഛേദിക്കപ്പെടുകയും, ഗുജറാത്ത് തീരത്തേക്ക് അതിവേഗം കപ്പൽ ഒഴുകി പോവുകയുമായിരുന്നു.

അപ്പോൾ 90 കി.മി.വേഗതയിലുള്ള കാറ്റും, അഞ്ച് മുതൽ ആറ് മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകളും കപ്പലിനെ കടലിൽ അമ്മാനമാടുകയായിരുന്നു. കപ്പൽ കരയിലെത്തിയാൽ തിരമാലകളിൽപ്പെട്ട് മറയും. അത് വൻ ദുരന്തത്തിന്നിടയാക്കുമെന്നുറപ്പ്. അതിന് മുമ്പ് ഏത് വിധേനയും രക്ഷപ്പെടുത്തണമെന്ന സന്ദേശങ്ങൾ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിൽ നിന്നും, കമ്പനിയിൽ നിന്നുമൊക്കെ വന്നുകൊണ്ടിരുന്നു.

പത്ത് മുതൽ 12 മീറ്റർ വരെയുള്ള കൂറ്റൻ തിരമാലകളും, 200 മീറ്റർ വേഗതയിലുള്ള കാറ്റും, രാത്രി പന്ത്രണ്ട് മണിയോടെ അൽപ്പം ശമിച്ചു. കാറ്റ് 100 കി.മി. വേഗതയിലായി. കൊച്ചി സ്വദേശിയായ ചിഫ് ഓഫീസർ മൈക്കിൾ ജോസഫും മറ്റ് 16 കപ്പൽ ജീവനക്കാർക്കുമൊപ്പം അവർ സാഗർ ഭൂഷൺ കപ്പലിനെ ലക്ഷ്യമാക്കി കുതിച്ചു. കരയിൽ നിന്ന് ഏതാണ്ട് ഒന്നര നോട്ടിക്കൽ മൈലിൽ വെച്ച് കപ്പലിന്നടുത്തെത്തി.

കെട്ടിവലിക്കാനുപയോഗിക്കുന്ന റോപ്പ് ഉപയോഗിച്ച് കപ്പലിനെ പിടിച്ചു നിർത്തി. അരമണിക്കൂറിനകം നാവിക സേനയുടെ കപ്പലുമെത്തി. സാഗർഭൂഷനെ കെട്ടിവലിച്ച് ഇന്നലെ ഉച്ചയോടെ മുംബെ തുറമുഖത്തെത്തിച്ചു. കപ്പലിലെ 101 പേരും സുരക്ഷിതരായിരുന്നു. അതിനിടെ എഞ്ചിൻ തകരാറ് മുലം 137 പേരുള്ള ഗാൽ കൺട്രക്ടർ എന്ന ബാർജും. 297 പേരുള്ള എസ്എസ് 3 എന്ന ബാർജും അപകടത്തിൽപ്പെട്ടിരുന്നു. ഗാൽ കൺട്രക്ടർ കരയിലുറച്ചു പോയി. മുങ്ങിപ്പോയ 305 എന്ന ബാർജിലെ 261 പേരിൽ 26 പേരൊഴികെ മറ്റുള്ളവരെയെല്ലാം രക്ഷപ്പെടുത്താനായി. രക്ഷാപ്രവർത്തനങ്ങളിൽ നാവികസേന നടത്തിയ തൽസമയ നീക്കങ്ങൾ ധീരോദാത്തമാണ്.

18ന് ഉച്ചയോടെ ശക്തിയേറി വന്ന കാറ്റ് വൈകീട്ടോടെ, കൊടുങ്കാറ്റുകളുടെ കൊടുങ്കാറ്റായി 200 കി.മി വേഗതയ്യാർജ്ജിക്കുകയായിരുന്നു. പിന്നീട് അത് ചുഴലിക്കാറ്റായി പരിണമിച്ചു. എല്ലാം പിഴുതെറിയപ്പെടുകയാണെന്ന് തോന്നിപ്പോയ നിമിഷങ്ങൾ. ഒടുവിൽ മൂന്ന് ദിവസങ്ങൾക്കൊടുവിൽ മുംബെ തീരത്തെത്തിയപ്പോൾ, കപ്പലിന്റെ പെയിന്റ് പോലും കാറ്റിൽ ഇളകിപ്പോയതാണ് കണ്ടതെന്ന് ക്യാപ്റ്റൻ പ്രേമൻ പറഞ്ഞു.

28 വർഷം സർവീസുള്ള ക്യാപ്റ്റൻ പ്രേമൻ കഴിഞ്ഞ നാല് വർഷമായി എഎസ്എൽ ചീൽ എന്ന കപ്പലിലാണ് ജോലി ചെയ്യുന്നത്. 1999 ൽ ഒഡീഷ്സയിൽ പതിനായിരങ്ങൾ മരണപ്പെട്ട ചുഴലിക്കാറ്റ് ദുരന്തത്തിനും ഈ കപ്പിത്താൻ സാക്ഷ്യം വഹിച്ചിരുന്നു. പാരദ്വീപിലുണ്ടായിരുന്ന പ്രേമനെ നടുക്കിയതായിരുന്നു അന്നത്തെ ദുരന്തക്കാഴ്ചകൾ.